ജിയോയിലേക്ക് വീണ്ടും 7500 കോടി നിക്ഷേപം? സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി കരാര്‍ ഒപ്പുവച്ചേക്കും

Update: 2020-08-21 06:41 GMT

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ മറ്റൊരു വിഷയമാണ് റിലയന്‍സിലേക്ക് ഈ കാലഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപവും കമ്പനിയുടെ വളര്‍ച്ചയും. ഇതാ ജിയോ പ്ലാറ്റ്ഫോംസിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്) ആണ് പുതിയ നിക്ഷേപം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 7500 കോടി രൂപ(ഒരു ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുകമ്പനികളും അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ജിയോ ഫൈബര്‍ മേഖലയിലായിരിക്കും നിക്ഷേപം നടത്തുക. രാജ്യത്ത് മറ്റ് രണ്ടുമേഖലകളില്‍കൂടി നിക്ഷേപം നടത്തുന്നതിന് സൗദി രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്ട്രയില്‍ ഗ്രീന്‍ഫീല്‍ഡ് പെട്രോളിയം റിഫൈനറിക്കും റിലയന്‍സിന്റെതന്നെ പെട്രോകെമിക്കല്‍ ബിസിനസിനുമായിരിക്കും പണംമുടക്കുക. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി(എഡിഐഎ)യും സമാനമായ തുക നിക്ഷേപം നടത്തിയേക്കും. ജിയോയുടെ ഫൈബര്‍ മേഖല തന്നെയാണ് ഈ കമ്പനിയും ലക്ഷ്യമിടുന്നത്.

ഫെയ്‌സ്ബുക്കിനും ഗൂഗ്‌ളിനും ഉള്‍പ്പെടെ ഒരു ഡസനിലേറെ വിദേശ കമ്പനികള്‍ക്കായി ജിയോയില്‍ 32.97ശതമാനം ഉടമസ്ഥതാവകാശം നേടിയിട്ടുണ്ട്. ഇതില്‍ ഫെയ്‌സ്ബുക്കിന് 9.99ശതമാനവും ഗൂഗിളിന് 7.73ശതമാനവുമാണിത്. ഇവരെക്കൂടാതെ സില്‍വര്‍ ലേയ്ക്ക്, വിസ്റ്റ, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റല്‍ ക്യാപിറ്റല്‍, ക്വാല്‍കോം തുടങ്ങിയ കമ്പനികളും വമ്പന്‍ നിക്ഷേപം നടത്തിയിട്ടുണ്ട് കമ്പനിയില്‍. ഇതെല്ലാം കൂട്ടി ഇതുവരെയുള്ള ലഭ്യമായ കണക്കുകള്‍ പ്രകാരം 1,52,056 കോടി രൂപയാണ് ഇതുവരെ ജിയോയിലെത്തിയ വിദേശ നിക്ഷേപം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News