സ്‌കൂള്‍ വിപണി; പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ വ്യാപാരികള്‍

വായ്പാ കുടിശ്ശികയുടെ ബാധ്യത കുറയുമെന്ന് സ്‌കൂള്‍ സ്റ്റേഷനറി, ചെരുപ്പ് വിപണിയിലുള്ളവര്‍.

Update:2021-10-11 19:51 IST

നീണ്ട ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ പ്രതീക്ഷയോടെ സ്‌കൂള്‍ വിപണി. പെന്‍സില്‍ മുതല്‍ സ്‌കൂള്‍ ബാഗും ചെരുപ്പും വില്‍ക്കുന്നവര്‍ വരെ പഴയ സ്റ്റോക്കുകള്‍ നീക്കി പുതിയവ സ്റ്റോക്ക് ചെയ്യുന്ന തിരക്കുകളിലാണ്. അതേസമയം സ്‌കൂളുകള്‍ തുറന്ന് കച്ചവടം മെച്ചപ്പെട്ടതിന് ശേഷം വലിയൊരു മുടക്കുമുതല്‍ നടത്താമെന്ന കാത്തിരിപ്പിലാണ് മറ്റൊരു വിഭാഗം.

മാറിമാറിവന്ന ലോക്ഡൗണുകളും മറ്റും തീരാത്ത പ്രതിസന്ധി സൃഷ്ടിച്ച മേഖല ആഖാതത്തിന്റെ പിടിയില്‍ നിന്നും മെല്ലെ രക്ഷപ്പെട്ട് വരുന്നതേ ഉള്ളു എന്നത് കൊണ്ട് തന്നെ വലിയ അളവിലുള്ള സ്റ്റോക്കുകള്‍ക്ക് അധികം പണം ചെലവഴിക്കാന്‍ ചെറുകിടക്കാര്‍ തയ്യാറല്ല. ചെരുപ്പ്, ബാഗ് റീറ്റെയ്‌ലേഴ്‌സ് ആണ് ഈ നിലപാടില്‍ തുടരുന്നത്. 2020 ഏപ്രില്‍ മുതല്‍ പൂര്‍ണമായും ഒരുവര്‍ഷത്തോളം ഡെഡ്‌സ്‌റ്റോക്കായി കിടന്ന സ്‌കൂള്‍ ബാഗുകള്‍, ബെല്‍റ്റ്, യൂണിഫോം ഷൂ എന്നിവയില്‍ 90 ശതമാനത്തോളമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. എന്നാല്‍ ഇവ ജിഎസ്ടി ഉള്‍പ്പെടെയുള്ളവ അടച്ച്, പലരും വായ്പയെടുത്ത് സ്റ്റോക്ക് ചെയ്തവയായിരുന്നുവെന്ന് മേഖലയിലെ സംരംഭകര്‍ പറയുന്നു.
സ്‌കൂള്‍ ബാഗുകളും കുടകളും പൗച്ചുകളും മറ്റും വില്‍ക്കുന്ന ഒരു വിഭാഗം പേര്‍ ഇനി എന്ന് കച്ചവടം തുടങ്ങുമെന്നതില്‍ ഉറപ്പില്ലെന്നാണ് ഫൂട്വെയര്‍ റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ കേരള വര്‍ക്കിംഗ് പ്രസിഡന്റ് ധനിഷ് ചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. ''കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 40000ത്തോളം വരുന്ന ഷൂ, ബാഗ് വ്യാപാരികളില്‍ 20 ശതമാനത്തോളം പേര്‍ സംരംഭം നിര്‍ത്തി പോയി. നിലവിലുള്ളവര്‍ക്ക് വായ്പാ തിരിച്ചടവ് മുടങ്ങി പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും നേരിയ തോതിലുള്ള കച്ചവടം പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നിരുന്നാലും നിലിവിലെ വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുന്നത് പോലുള്ള ആശ്വാസ നടപടികളും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.'' അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷ ഓഫീസ് വെയറുകളില്‍
സ്‌കൂള്‍ തുറന്നാലും കുട്ടികള്‍ എത്തുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള കച്ചവടത്തില്‍ വലിയൊരു നേട്ടം പ്രതീക്ഷിക്കാനാകില്ല എന്നാണ് നെക്‌സോ ഫൂട്ട്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സുകുമാരന്‍ പറയുന്നു. ''ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും തുറന്നതോടെ ഓഫീസ് വെയറുകളുടെ വിപണിയില്‍ നേരിയ ഉണര്‍വുണ്ട്. സ്‌കൂള്‍ തുറക്കുന്നതോടെ വിപണിയിലെ ചെറുകിടക്കാര്‍ക്ക് വായ്പ തിരിച്ചടവിന് സഹായകമാകുമെന്നാണ് കരുതുന്നത്'' അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ വില്‍പ്പന മേഖലയെ തളര്‍ത്തി

ബുക്ക് സ്റ്റോര്‍, സ്‌കൂള്‍ സ്‌റ്റേഷനറി തുടങ്ങിയവ വില്‍ക്കുന്ന വ്യാപാരികള്‍ക്ക് 2020 മാര്‍ച്ചിലെ ലോക്ഡൗണ്‍ മുതല്‍ വലിയ കഷ്ടപ്പാടാണ്. ജിഎസ്ടി ഇല്ല എങ്കിലും പല സംരംഭകരും ബാങ്ക് ഓവര്‍ ഡ്രാഫ്റ്റും വായ്പാ തിരിച്ചടവും മുടങ്ങി കഷ്ടപ്പെടുകയാണെന്ന് ആലപ്പുഴ ജില്ലയിലെ സ്‌കൂള്‍ സ്റ്റേഷനറി പ്രൊപ്പൈറ്റേഴ്‌സ് അസോസിയേഷന്‍ അംഗവും അക്ഷരമാല ബുക്ക്‌സ് ഉടമയുമായ ഡി അശോകന്‍ പറയുന്നു. ഓണ്‍ലൈന്‍ പഠനമായതോടെ പുസ്തകങ്ങളും നോട്ട്ബുക്കുകളും വില്‍പ്പനയില്ലാതെ കടകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്.

ഓണ്‍ലൈനിലൂടെ ഗൈഡുകളും മറ്റും ലഭ്യമാണെന്നതും മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ചെറുകിടക്കാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നവരില്‍ കൂടുതലുമെന്ന് അശോകന്‍ വിശദമാക്കുന്നു. ''പി എസ് സി ഗൈഡുകളും ആര്‍ട്ട്, ക്രാഫ്റ്റ് സ്റ്റേഷനറി സാമഗ്രികളും വാങ്ങുന്നവരുടെ എണ്ണം കൂടിയത് മേഖലയിലുള്ളവര്‍ക്ക് സഹായകമായിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം പൂര്‍ണമായും നിര്‍ത്താതെയാണ് സ്‌കൂളുകളിലേക്ക് ക്ലാസുകള്‍ മാറുന്നത്. എന്നിരുന്നാലും ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാനുള്ളവര്‍ക്ക് ഈ ഉണര്‍വ് സഹായകമാകും'' അദ്ദേഹം പറയുന്നു.

Tags:    

Similar News