സെമികണ്ടക്ടര്‍ ക്ഷാമം; ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലേക്കുള്ള വാഹന വിതരണത്തില്‍ വലിയ ഇടിവ്

2022 ഫെബ്രുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിതരണം ആറ് ശതമാനം കുറഞ്ഞ് 2,62,984 യൂണിറ്റുകളായി

Update:2022-03-11 17:35 IST

semiconductor

സെമികണ്ടക്ടര്‍ ക്ഷാമം, വില വര്‍ധന തുടങ്ങിയവ കാരണം രാജ്യത്തുടനീളമുള്ള ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് വാഹനങ്ങള്‍ അയക്കുന്നതില്‍ 23 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. എസ്‌ഐഎഎം (Society of Indian Automobile Manufacturers) ന്റെ കണക്കുകള്‍ പ്രകാരം, 2021 ഫെബ്രുവരിയേക്കാള്‍ കഴിഞ്ഞമാസം വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ മൊത്തവിതരണം 2021 ഫെബ്രുവരിയിലെ 17,35,909 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കുറഞ്ഞ് 13,28,027 യൂണിറ്റായി. 2022 ഫെബ്രുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിതരണം ആറ് ശതമാനം കുറഞ്ഞ് 2,62,984 യൂണിറ്റുകളായി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 2,81,380 യൂണിറ്റുകളായിരുന്നു.

പാസഞ്ചര്‍ കാറുകളുടെ വിതരണം, 2021 ഫെബ്രുവരിയിലെ 1,55,128 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 1,33,572 യൂണിറ്റായി കുറഞ്ഞു. എന്നിരുന്നാലും, യൂട്ടിലിറ്റി വാഹനങ്ങളുടെ വിതരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,14,350 യൂണിറ്റില്‍ നിന്ന് 1,20,122 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ കാലയളവിലെ 11,902 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വാനുകളുടെ മൊത്തവില്‍പ്പന കഴിഞ്ഞ മാസം 9,290 യൂണിറ്റായി കുറഞ്ഞു. അതുപോലെ, മൊത്തം ഇരുചക്രവാഹനങ്ങളുടെ വിതരണം ഫെബ്രുവരിയില്‍ 10,37,994 യൂണിറ്റായി കുറഞ്ഞു, മുന്‍ വര്‍ഷം ഇതേ മാസത്തെ 14,26,865 യൂണിറ്റുകളില്‍ നിന്ന് 27 ശതമാനം ഇടിവ്. സ്‌കൂട്ടര്‍ മൊത്ത വില്‍പ്പന ഫെബ്രുവരിയില്‍ 3,44,137 യൂണിറ്റായി കുറഞ്ഞു, കഴിഞ്ഞ മാസം ഇതേ കാലയളവില്‍ ഇത് 4,65,097 യൂണിറ്റായിരുന്നു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയും 2021 ഫെബ്രുവരിയിലെ 9,10,323 യൂണിറ്റില്‍ നിന്ന് 6,58,009 യൂണിറ്റായി കുറഞ്ഞു.
'അര്‍ധചാലക ദൗര്‍ലഭ്യം, പുതിയ നിയന്ത്രണങ്ങള്‍ മൂലമുള്ള ചെലവ് വര്‍ധന, ഉയര്‍ന്ന ചരക്ക് വില, ഉയര്‍ന്ന ലോജിസ്റ്റിക്‌സ് ചെലവ് തുടങ്ങിയ വിതരണ-വശത്തെ വെല്ലുവിളികള്‍ വാഹന വ്യവസായത്തിലെ മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിച്ചു,' സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.


Tags:    

Similar News