2021 ലെ ശരാശരി ശമ്പള വര്‍ധന എട്ട് ശതമാനം, 2022 ല്‍ നിരക്ക് ഉയരുമെന്നും സര്‍വേ
സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം കമ്പനികള്‍ 2022ല്‍ ഇരട്ട അക്ക വര്‍ധനവ് നല്‍കുമെന്ന് വ്യക്തമാക്കി
കോവിഡ് രണ്ടാം തരംഗത്തിനിടയിലും രാജ്യത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നല്‍കുന്നത് എട്ട് ശതമാനത്തോളം ശമ്പളം വര്‍ധനവെന്ന് സര്‍വേ. ഡിലോയിറ്റിന്റെ ഏറ്റവും പുതിയ വര്‍ക്ക്‌ഫോഴ്‌സ് ആന്‍ഡ് ഇന്‍ക്രിമെന്റ്‌സ് ട്രെന്‍ഡ്‌സ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ല്‍ ശമ്പള വര്‍ധന ശരാശരി 8.6 ശതമാനത്തിലേക്ക് ഉയരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
സര്‍വേ കണ്ടെത്തലുകള്‍ അനുസരിച്ച്, 2021ല്‍ 92 ശതമാനം കോര്‍പ്പറേറ്റ് കമ്പനികളും നല്‍കിയത് ശരാശരി എട്ട് ശതമാനം ശമ്പള വര്‍ധനവാണ്. 2020ല്‍ ഇത് 44 ശതമാനമായിരുന്നു. അന്ന് 60 ശതമാനം കമ്പനികള്‍ മാത്രമായിരുന്നു ശമ്പളവര്‍ധന നടപ്പില്‍ വരുത്തിയിരുന്നത്. അതേസമയം, 2022 ല്‍ ഐടി മേഖല ഏറ്റവും ഉയര്‍ന്ന ഇന്‍ക്രിമെന്റുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ലൈഫ് സയന്‍സസ് മേഖലയാണ് രണ്ടാമതുള്ളത്. ചില ഡിജിറ്റല്‍ / ഇ-കൊമേഴ്സ് കമ്പനികള്‍ ഉയര്‍ന്ന ഇന്‍ക്രിമെന്റുകള്‍ നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും ഇരട്ട അക്ക ഇന്‍ക്രിമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഏക മേഖല ഐടി മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം കമ്പനികളാണ് 2022-ല്‍ ഇരട്ട അക്ക വര്‍ധനവ് നല്‍കുമെന്ന് വ്യക്തമാക്കിയത്.
അതേസമയം, ഓഫീസിലേക്ക് മടങ്ങുന്നതിനെ സംബന്ധിച്ച കാര്യത്തില്‍ 25 ശതമാനം കമ്പനികള്‍ ജോലിക്കാര്‍ക്കിടയില്‍ സര്‍വേ നടത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഐടി മേഖലയാണ്. എന്നിരുന്നാലും, അഖിലേന്ത്യാ തലത്തില്‍, 40 ശതമാനം സ്ഥാപനങ്ങള്‍ മാത്രമേ ഓഫീസുകളിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുള്ളൂ. മിക്ക ഓര്‍ഗനൈസേഷനുകളും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഏകദേശം 90 ശതമാനം ഓര്‍ഗനൈസേഷനുകള്‍ ഭാവിയില്‍ ഒരു ഹൈബ്രിഡ് മോഡലിന് രൂപം നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഡിലോയിറ്റ് സര്‍വേയില്‍ പറയുന്നു.