അമേരിക്കന്‍ ഡയമണ്ട് ബ്രാന്‍ഡില്‍ നിക്ഷേപം നടത്തി ടൈറ്റന്‍
ടൈറ്റന് കീഴില്‍ തനിഷ്‌ക്, മിയ, സോയ, കാരറ്റ്‌ലെയ്ന്‍ എന്നീ ആഭരണ ബ്രാന്‍ഡുകളാണ് ടാറ്റയ്ക്ക് ഉള്ളത്.
ഡയമണ്ട് കമ്പനിയായ ഗ്രേറ്റ് ഹൈറ്റ്‌സിന്റെ 17.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ടാറ്റയുടെ കീഴിലുള്ള ടൈറ്റന്‍ കമ്പനി. 20 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് ( ഏകദേശം 152 കോടി) ഇടപാട്. ടൈറ്റന്റെ ഉപസ്ഥാപനമായ ടിസിഎല്‍ നോര്‍ത്ത് അമേരിക്ക (ടിസിഎല്‍എന്‍എ) ആണ് ഗ്രേറ്റ് ഹൈറ്റ്‌സുമായി കരാറിലെത്തിയത്.
ക്ലീന്‍ ഒര്‍ജിന്‍ എന്ന ബ്രാന്‍ഡില്‍ ലാബ്-ഗ്രോണ്‍ ഡൈമന്‍ഡുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് ഹൈറ്റ്‌സ്. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രേറ്റ് ഹൈറ്റ്‌സിന് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റും ഉണ്ട്. ഡൈമന്‍ഡുകളും ഡയമണ്ട് മോതിരങ്ങളുമാണ് ഇവര്‍ പ്രധാനമായും വില്‍ക്കുന്നത്. 2021ല്‍ 25 മില്യണ്‍ ഡോളറായിരുന്നു ഗ്രേറ്റ് ഹൈറ്റ്‌സിന്റെ വരുമാനം.
ടൈറ്റന്‍ കമ്പനിയുടെ കീഴില്‍ തനിഷ്‌ക്, മിയ, സോയ, കാരറ്റ്‌ലെയ്ന്‍ എന്നീ ആഭരണ ബ്രാന്‍ഡുകളാണ് ടാറ്റയ്ക്ക് ഉള്ളത്. രാജ്യത്തെ പ്രമുഖ വാച്ച്, ആഭരണ നിര്‍മാതാക്കളായ ടൈറ്റന്‍, കഴിഞ്ഞ ദിവസം സ്മാര്‍ട്ട് വെയറബില്‍ സ്റ്റാര്‍ട്ടപ്പ് നോയിസിനെ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.