10 ദിവസത്തിനിടെ കുറഞ്ഞത് ഒരു കോടിയുടെ വില്‍പ്പന, നെസ്റ്റോ നോക്കുകൂലി സമരത്തിന് പരിഹാരമായില്ല
ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ചാണ് കല്‍പ്പറ്റ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ സമരം നടത്തുന്നത്
കയറ്റിറക്കുമായി ബന്ധപ്പെട്ട് വയനാട് കല്‍പ്പറ്റ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് (Nesto Hypermarket) മുന്നില്‍ തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ച സമരം പരിഹാരമാവാതെ തുടരുന്നു. 10 ദിവസത്തിലധികമായി ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ച് നടത്തുന്ന സമരത്തെ തുടര്‍ന്ന് വില്‍പ്പനയില്‍ ഒരു കോടി രൂപയുടെ കുറവാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്മെന്റ് നിയമിച്ചതാണ് നോക്കുകൂലി സമരത്തിന് കാരണം. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖല ഒരു മാസങ്ങള്‍ക്ക് മുമ്പാണ് കല്‍പ്പറ്റയില്‍ തങ്ങളുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍വശത്തെ പ്രധാന പ്രവേശന കവാടത്തിന് സമീപമാണ് സംയുക്ത ട്രേഡ് യൂണിയന്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്.
സമരക്കാര്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ നിലവില്‍ പോലീസ് പ്രൊട്ടക്ഷനിലാണ് കയറ്റിറക്ക് ജോലികള്‍ നടത്തുന്നതെന്ന് നെസ്‌റ്റോ അധികൃതര്‍ പറഞ്ഞു. ''ചരക്കുകള്‍ വരുമ്പോള്‍ പോലീസിനെ വിളിക്കും, അവരുടെ പ്രൊട്ടക്ഷനിലാണ് ചരക്കുകള്‍ ഇറക്കുന്നത്'' നെസ്റ്റോയിലെ ഒരു ഉദ്യോഗസ്ഥന്‍ ധനത്തോട് പറഞ്ഞു.