ഫോണ്‍, ഇന്റര്‍നെറ്റ്: അടിസ്ഥാന നിരക്കിനു കരുക്കള്‍ നീക്കി ട്രായ്

Update: 2019-12-18 10:04 GMT

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അടിസ്ഥാന നിരക്ക് നിശ്ചയിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നീക്കമാരംഭിച്ചു. അടിസ്ഥാന നിരക്ക് പ്രാബല്യത്തിലാകുന്നപക്ഷം നിലവിലുള്ള സൗജന്യ ഫോണ്‍ വിളികള്‍ ഇല്ലാതാകാന്‍ വഴിയൊരുങ്ങും. ഫോണ്‍, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ പരിധിയില്ലാതെ ഉയരും.

ഡാറ്റാ സേവനങ്ങള്‍ക്കും കോളുകള്‍ക്കും ചുമത്താവുന്ന നിരക്കിന് നിലവില്‍ പരിധി നിശ്ചയിച്ചിട്ടില്ല. അടിസ്ഥാന നിരക്ക് വേണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടെലികോം കമ്പനികളാണ് ട്രായിയെ സമീപിച്ചത്. നിരക്കുകള്‍ ഉയര്‍ത്തുന്നതിന് നിയമപരമായ ഇടപെടല്‍ കമ്പനികള്‍ ആവശ്യപ്പെട്ടു. ഇതിനായി ബന്ധപ്പെട്ട വകുപ്പ് അധികൃതരില്‍ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് ട്രായ്.

കമ്പനികള്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റാസേവനങ്ങള്‍ക്കുമൊക്കെ നാല്‍പത് ശതമാനം നിരക്ക് വര്‍ധനവ് വരുത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. നിലവില്‍ വന്‍ നിരക്ക്  വര്‍ധനവാണ് വോഡഫോണ്‍ ഐഡിയ,ജിയോ,എയര്‍ടെല്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം കൂടി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ സാധാരണക്കാര്‍ക്ക് ടെലികോം സേവനങ്ങള്‍ അന്യമായി മാറും.

വീണ്ടും നിരക്ക് വര്‍ധനവ് അനിവാര്യമായാല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്ന് ട്രായ് പറയുന്നു. നിലവില്‍ ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനികള്‍ക്ക് കിട്ടുന്ന വരുമാനം ശരാശരി 125 രൂപയാണ്. ഇത് 300 രൂപയായി ഉയര്‍ന്നെങ്കിലേ കടക്കെണി ഒഴിവാകൂ എന്നാണ് ടെലികോം കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News