പുതിയ ചാനലുകൾ തെരഞ്ഞെടുക്കാൻ ജനുവരി 31 വരെ സമയം

Update: 2018-12-29 06:39 GMT

ട്രായുടെ പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ കേബിൾ ടിവി ഓപ്പറേറ്റർമാർക്കും ഡിടിഎച്ച് സേവന ദാതാക്കൾക്കും ജനുവരി 31 വരെ സമയം അനുവദിച്ചു. ഫലത്തിൽ ഉപഭോക്താക്കൾക്ക് പുതിയ പാക്കേജുകളിലൂടെ ഇഷ്‌ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം സമയം ലഭിക്കും.  

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കേബിള്‍ നിരക്കുകള്‍ ഗണ്യമായി കുറയുമെന്ന് ട്രായ്‌ ചൂണ്ടിക്കാട്ടി. നിരക്കുകൾ കൂടുമെന്ന പ്രചാരണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുമില്ലാതെ പുതിയ സംവിധാനത്തിലേക്ക്‌ മാറാന്‍ കഴിയുമെന്നും ട്രായ്‌ ചെയര്‍മാന്‍ ആര്‍.എസ്‌. ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

പേ ചാനലുകളുടെയടക്കം നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ട്രായിയുടെ പുതിയ താരിഫിനെതിരായ ഹര്‍ജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. 

ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

  • ആദ്യമായി 100 ചാനലുകൾ തെരഞ്ഞെടുക്കണം. 26 ദൂരദർശൻ ചാനലുകൾ നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തണം.
  • ഇതിന് 130 രൂപയാണ് ചാർജ്. ഒപ്പം 18 ശതമാനം ജിഎസ്ടിയും. നെറ്റ് വർക്ക് കപ്പാസിറ്റി ഫീസ് എന്നായിരിക്കും ഇത് അറിയപ്പെടുക.
  • 20 രൂപ അധികം നൽകിയാൽ സൗജന്യ ചാനലുകളിൽ (FTA category) നിന്ന് 25 ചാനലുകളും കൂടി തെരഞ്ഞെടുക്കാം.
  • മേൽപ്പറഞ്ഞ 125 ചാനലുകളിൽ സൗജന്യവും സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് ഉള്ളതുമായ ചാനലുകൾ ഉണ്ടാകും.
  • ഇതിൽ കൂടുതൽ ചാനലുകൾ വേണമെങ്കിൽ ബ്രോഡ്‌കാസ്റ്റ് കമ്പനികൾ നിശ്ചയിച്ചിരിക്കുന്ന ചാർജ് നൽകി അവ വാങ്ങാം.
  • ഇൻസ്റ്റലേഷൻ, ആക്ടിവേഷൻ എന്നിവയ്ക്ക് ഡിടിഎച്ച് ഓപ്പറേറ്റർമാർ ഉപഭോക്താക്കളിൽ നിന്ന്ഈ ടാക്കുന്ന തുക 500 രൂപയിൽ കൂടരുത്.
  • ഓരോ ബ്രോഡ്‌കാസ്റ്റ് കമ്പനിയോടും അവരുടെ ചാനലുകൾക്ക് പരമാവധി വില (എംആർപി) നിശ്ചയിക്കാൻ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രൂപയ്ക്കും 19 രൂപയ്ക്കും ഇടയിലായിരിക്കണം എംആർപി.
  • പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം രണ്ട് എസ് ഡി ചാനലുകള്‍ക്ക് തുല്യമാണ് ഒരു എച്ച്ഡി ചാനല്‍. ഉപയോക്താക്കള്‍ക്ക് 100 എസ് ഡി ചാനലുകളോ അല്ലെങ്കില്‍ 50 എച്ച്ഡി ചാനലുകളോ തിരഞ്ഞെടുക്കാം.

Similar News