ലുലു റീറ്റെയ്ല്‍ ഐ.പി.ഒ 28ന്, ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,000 ഓഹരികള്‍ വാങ്ങാം, ജീവനക്കാര്‍ക്കും നേട്ടം

ഓഹരി വില ഐ.പി.ഒയ്ക്ക് മുമ്പായി പ്രഖ്യാപിക്കും, ലിസ്റ്റിംഗ് അബുദാബിയില്‍

Update:2024-10-21 10:33 IST

Yusuffali MA/lulugroupinternational.com

നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട്‌  ലുലു റീറ്റെയ്ല്‍ ഐ.പി.ഒയ്ക്ക് ഒക്ടോബര്‍ 28ന് തുടക്കമാകും. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു റീറ്റെയിലിന്റെ 25 ശതമാനം ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുന്നത്.

ചെറുകിട (Retail) നിക്ഷേപകര്‍ക്കായി 10 ശതമാനം ഓഹരികള്‍ നീക്കിവച്ചിട്ടുണ്ട്. കുറഞ്ഞത് 1,000 ഓഹരികളാണ് ചെറുകിട നിക്ഷേപകര്‍ വാങ്ങേണ്ടത്. ഇതിനായി കുറഞ്ഞത് 5,000 ദിര്‍ഹം നിക്ഷേപിക്കണം. തുടര്‍ന്ന് 1000ത്തിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

സ്ഥാപന നിക്ഷേപകര്‍ക്ക് (institutional investors) ഐ.പി.ഒയുടെ 89 ശതമാനം നീക്കിവച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ചു ദശലക്ഷം ദിര്‍ഹം നിക്ഷേപിക്കണം. ലുലുവിന്റെ യോഗ്യരായ ജീവനക്കാര്‍ക്കും ഐ.പി.ഒയില്‍ പങ്കെടുക്കാം. കുറഞ്ഞത് 2,000 ഓഹരികളാണ് ജീവനക്കാര്‍ക്ക് അനുവദിക്കുക. യു.എ.ഇയില്‍ നടക്കുന്ന വമ്പന്‍ ഐ.പി.ഒകളിലൊന്നാകുമിതെന്നാണ് വിലയിരുത്തല്‍.

വില പിന്നീട് 

ഒക്ടോബര്‍ 28ന് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിട്ടാകും ഓഹരിയുടെ ഓഫര്‍ വില പ്രഖ്യാപിക്കുക. നവംബര്‍ അഞ്ച് വരെയാണ് എ.പി.ഒ. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എ.ഡി.എക്‌സില്‍ (ADX) മാത്രമാണ് ലിസ്റ്റിംഗ്. ഐ.പി.ഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താല്‍പര്യം അറിയുന്നതിനുള്ള റോഡ് ഷോകള്‍ക്ക് ഇന്നു മുതല്‍ തുടക്കമാകും.

ലുലുവിന്റെ ഓഹരിയുടമകളായി പുതിയ നിക്ഷേപകര്‍ കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും ലുലു റീറ്റെയ്ല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ യൂസഫലി പറഞ്ഞു. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് ലുലുഗ്രൂപ്പിന് 116 ഹൈപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെ 240 സ്റ്റോറുകളും 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളുമുണ്ട്. യു.എ.ഇയില്‍ 103 സ്‌റ്റോറുകളും സൗദി അറേബ്യയില്‍ 56 സ്‌റ്റോറുകളും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ 81 സ്‌റ്റോറുകളുമുണ് ലുലു ഗ്രൂപ്പിനുള്ളത്.

ഈ വര്‍ഷം യു.എ.ഇയില്‍ ഐ.പി.ഒയുമായി എത്തുന്ന രണ്ടാമത്തെ ഗ്രോസറി റീറ്റെയ്‌ലറാണ് ലുലു ഗ്രൂപ്പ്. ഏപ്രിലില്‍ സ്പിന്നീസ് ഐ.പി.ഒ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലുലു ഗ്രൂപ്പ് ഐ.പി.ഒയ്ക്ക് തയാറെടുപ്പ് തുടങ്ങിയത്. വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

Tags:    

Similar News