ഓഫീസിലിരുന്ന് വീട്ടിലെ അടുക്കളയില്‍ പാചകം ചെയ്യാം, 5 ജി കാലത്ത് നമ്മുടെ മാറ്റങ്ങളെങ്ങനെ?

വിര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ കോവിഡ് തുടക്കം കുറിച്ച മാറ്റങ്ങള്‍ക്ക് വേഗത പകരുന്നതോടൊപ്പം ദൈനംദിന ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാം

Update:2022-06-16 14:30 IST

''ഓഫീസിലിരിക്കുമ്പോഴാണ് വീട്ടില്‍ അതിഥികള്‍ വന്നിട്ടുണ്ടെന്ന അച്ഛന്റെ വാട്ട്‌സ്ആപ്പ് മെസേജ് വരുന്നത്. അപ്പോള്‍ തന്നെ ലാപ്‌ടോപ്പിലൂടെ വീട്ടിലെ അടുക്കളയിലെ മൈക്രോവേവ്ഓവനിലേക്ക് മെസേജ് കൈമാറി. 10 മിനുട്ടിനുള്ളില്‍ ഫ്രൈഡ് റൈസ് റെഡി...'' രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം 5 ജി എല്ലായിടങ്ങളിലും വ്യാപകമാകുമ്പോള്‍ ലോകവും നമ്മളും എങ്ങനെ മാറുമെന്നതിന്റെ ഉദാഹരണമാണിത്. അതായത്, വരാനിരിക്കുന്നത് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ കാലമാണ്, മെഷീനുകള്‍ തമ്മില്‍ സംസാരിക്കും, നമ്മള്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. 4 ജിയുടെ പത്തിരട്ടി വേഗതയിലാണ് 5 ജിയെത്തുന്നത്. ഇന്ത്യയില്‍ ഈ വര്‍ഷത്തോടെ 5 ജി സേവനം ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ 13 നഗരങ്ങളില്‍ മാത്രമാണെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലൂടനീളം 5 ജി സേവനം ലഭ്യമായിത്തുടങ്ങും.

20 വര്‍ഷത്തേക്ക് സ്പെക്ട്രം കാലാവധിയുള്ള ലേലം ജുലൈ 26നാണ് നടക്കുന്നത്. ലേലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ത്താവിതരണ മന്ത്രാലയത്തിന് ഇന്നലെയാണ് അനുമതി നല്‍കിയത്. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലം ചെയ്യുക. മൂന്ന് ഫ്രീക്വന്‍സി ബാന്‍ഡുകളിലായാണ് സ്പെക്ട്രത്തിന് ലേലം നടക്കുന്നത്. റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികളായിരിക്കും ലേലത്തില്‍ പങ്കെടുക്കുക.
5 ജി വ്യാപകമാകുമ്പോള്‍ ലോകം മാത്രമല്ല, നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വിര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ കോവിഡ് തുടക്കം കുറിച്ച മാറ്റങ്ങള്‍ക്ക് വേഗത പകരുന്നതോടൊപ്പം ദൈനംദിന ജീവിതം തൊട്ട് ആരോഗ്യ ടൂറിസം മേഖയില്‍ വരെ 5 ജിയുടെ വരവ് പ്രതിഫലിക്കുമെന്ന് സ്വതന്ത്ര മാധ്യമ ഗവേഷകന്‍ ദാമോദര്‍ പ്രസാദ് പറയുന്നു.
മെഷീന്‍ ടു മെഷീന്‍ കമ്യൂണിക്കേഷന്‍
നിലവില്‍ മെഷീന്‍ ടു മെഷീന്‍ കമ്യൂണിക്കേഷന്‍ ചില രംഗത്ത് നടക്കുന്നുണ്ടെങ്കിലും 5 ജി വരുന്നതോടെ സാധാരണക്കാര്‍ക്കിടയില്‍ പോലും സജീവമാകും. വീട്ടില്‍ പാചകം ചെയ്യുന്നത് മുതല്‍ ചെറിയ കാര്യങ്ങളില്‍ പോലും ഈ മാറ്റങ്ങളുണ്ടാകും. അതിനനുസരിച്ച് സോഫ്റ്റ്‌വെയര്‍, മെഷീന്‍ രംഗത്തും വന്‍മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുക.
ഗുണകരമാകുന്നത് ഹോസ്പിറ്റല്‍ മേഖലയ്ക്ക്
5 ജി യാഥാര്‍ത്ഥ്യമാകുന്നതോടെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്നത് ഹോസ്പിറ്റല്‍ മേഖലയില്‍നിന്നായിരിക്കും. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടിംഗ് വ്യാപകമാകുന്നതോടൊപ്പം നിലവില്‍ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകുന്ന രീതി മാറി, അവരുടെ കണ്‍സള്‍ട്ടിംഗ് ലഭ്യമാകുന്ന അതിവേഗ സാങ്കേതിക വിദ്യകള്‍ ഉയര്‍ന്നുവരും. ഏവര്‍ക്കും എവിടെനിന്നും ചികിത്സ നേടാവുന്ന വഴി 5ജയുടെ വരവോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികള്‍ക്ക് മുന്നില്‍ വിദേശ അധ്യാപകര്‍
പ്രധാനമായും ഏവരും പ്രതീക്ഷിക്കുന്നത് പോലെ വീഡിയോ സ്ട്രീമിംഗ് രംഗത്ത് വന്‍ കുതിച്ചുചാട്ടമായിരിക്കും 5 ജിയുടെ വരവോടെ സാക്ഷ്യം വഹിക്കുക. മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ വ്യാപകമായ ഇക്കാലത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതകൂടി കൈവരിക്കുന്നതോടുകൂടി നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളും യൂട്യൂബ് പോലുള്ളവയുടെ ഉപഭോഗത്തിലും വലിയതോതില്‍ വര്‍ധനവുണ്ടാകും. കേബിള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് പകരം 5 ജി ഉപയോഗിച്ച് ടെലിവിഷുകളില്‍ സിനിമകളും ചാനലുകളും കാണാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിനോദമേഖല എന്ന പോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും 5ജിയുടെ ഗുണഫലങ്ങള്‍ എത്തും. കോവിഡ് കാലത്ത് വ്യാപകമായ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ സാധ്യതകളിലേക്ക് കടക്കുമ്പോള്‍ വിദേശത്തുനിന്നടക്കമുള്ള വിദഗ്ധരുടെ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനാകും. ഐ.ടി വിഭവം കൊണ്ട് ലോകത്തുതന്നെ സമ്പന്നമായ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് 5 ജി വലിയ സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്. ഇതുവഴി സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടൊപ്പം വിദേശത്തുനിന്നടക്കം ഐ.ടി മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളെത്തിക്കാനും സാധിക്കും. കൂടാതെ ആരോഗ്യ രംഗത്ത് രാജ്യാര്‍തിര്‍ത്തികള്‍ക്കപ്പുറത്തുനിന്ന് പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം തടസങ്ങള്‍ കൂടാതെ ഓണ്‍ലൈനായി ലഭ്യമാക്കാനും ഏത് സമയത്തും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും.
പഴയ മോഡം വലിച്ചെറിയാം
നിലവില്‍ 4 ജി ലെവലിലുള്ള ഉപകരണങ്ങളും മറ്റ് അനുബന്ധ സാമഗ്രികളുമാണ് നാം ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ 5 ജിയോടെ വരവോടെ ഇവയൊക്കെ റിപ്ലേസ് ചെയ്യേണ്ടി വന്നേക്കാം. മോഡം അടക്കമുള്ളവ അതിന്റെ ശേഷിക്കനുസരിച്ച് പരിവര്‍ത്തനം ചെയ്യേണ്ടി വരും.
സ്മാര്‍ട്ട് ഫോണ്‍ വിപണി കണ്ടറിയണം
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പല സ്മാര്‍ട്ട്ഫോണുകളിലും 4 ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. അതിനാല്‍ 5 ജി സേവനം ലഭ്യമാകണമെങ്കില്‍ പഴയ ഫോണുകള്‍ ഒഴിവാക്കി 5ജി ലെവല്‍ ഫോണുകള്‍ സ്വന്തമാക്കേണ്ടി വരും. ഇത് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പായിരിക്കും സൃഷ്ടിക്കുക. നിലവിലുള്ള ഉപഭോക്താക്കളില്‍ പകുതിപേര്‍ 5 ജിയിലേക്ക് മാറുകയാണെങ്കില്‍ വലിയ തോതിലുള്ള വില്‍പ്പനയായിരിക്കും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലുണ്ടാവുക.
അതിനാല്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ സ്ഥാനം പിടിക്കാനുള്ള ഒരുക്കത്തിലാണ് പല കമ്പനികളും. ഈയടുത്തായി നിരവധി 5 ജി സ്മാര്‍ട്ട്ഫോണുകളാണ് വിപണിയിലിറങ്ങിയിരിക്കുന്നത്.
ബി.എസ്.എന്‍.എല്ലിന് എന്ത് സംഭവിക്കും?
നെറ്റ്വര്‍ക്ക് മേഖലയിലെ വമ്പന്മാരായ ജിയോയും എയര്‍ടെല്ലും വൊഡഫോണ്‍ ഐഡിയയുമാണ് നിലവില്‍ 5 ജി ഉപഭോക്താവിലേക്കെത്തിക്കാനൊരുങ്ങുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഈ രംഗത്തുനിന്ന് തന്നെ അപ്രത്യക്ഷമാകേണ്ടിവരും. കൂടാതെ നെറ്റ്വര്‍ക്ക് മേഖലയില്‍ സ്വകാര്യ ആധിപത്യമായിരിക്കും ഉണ്ടാവുക. കൂടാതെ 5 ജിയിലൂടെ ടെലിവിഷനുകളില്‍ ചാനലുകള്‍ ലഭ്യമായിത്തുടങ്ങുമ്പോള്‍ കേബിള്‍ ടിവി ശൃംഖലയും പതിയെ വീടുകളില്‍ നിന്ന് പടിയിറങ്ങേണ്ടിവരും.


Tags:    

Similar News