നിധി കമ്പനികളുടെ ഭാവി എന്താകും?

കേരളത്തിലെ നിധി കമ്പനി നടത്തിപ്പുകാരും ആ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിരിക്കുന്നവരും വായ്പ എടുത്തവരും എന്തുകൊണ്ട് ഒരുപോലെ ആശങ്കപ്പെടുന്നു?

Update:2022-02-18 15:13 IST

നമ്മുടെ ജീവിതത്തിലും ബിസിനസിലും ഏറെ പ്രാധാന്യം ഉള്ള സ്ഥാപനങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഇതില്‍ നമുക്ക് ഏറ്റവും പരിചയമുള്ള മുഖമാണ് ബാങ്കുകള്‍ ഇതു കഴിഞ്ഞാല്‍ നമ്മള്‍ അടുത്തതായി ആശ്രയിക്കുന്നത് ബാങ്കിതര സ്ഥാപനങ്ങളായ മറ്റു ധനകാര്യ സ്ഥാപനങ്ങളെയാണ്. ഇവയെല്ലാം തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയൊരു പങ്കു തന്നെ വഹിച്ചിട്ടുണ്ട്

ചെറുകിട സംരംഭകര്‍ക്ക് തുടങ്ങാന്‍ പറ്റിയ ധനകാര്യ സ്ഥാപനങ്ങളാണ് കേരള മണി ലെന്‍ഡിങ് ബിസിനസ്സ്. എന്നാല്‍ ഈ നിയമത്തില്‍ ഉള്ള പരിമിതികള്‍ കാരണം ഇടത്തരം സംരംഭകര്‍ക്ക് മുന്നോട്ട് പോകുവാന്‍ ബുദ്ധിമുട്ടാണ്. അത്തരക്കാര്‍ക്ക് പറ്റിയ ഏറ്റവും നല്ല ബിസിനസാണ് നിധികമ്പനികള്‍ (ഇതിനെ കുറിച്ചു മറ്റൊരു കോളത്തില്‍ വിശദീകരിക്കാം)
നിധി കമ്പനികള്‍ എന്തുകൊണ്ട് പ്രതിസന്ധിയിലായി?
കേന്ദ്ര കമ്പനി കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പക്കലില്‍ നിന്നും കമ്പനി നിയമം 406 പ്രകാരം രജിസ്‌ട്രേഷന്‍ കിട്ടുന്ന ഇത്തരം ധനകാര്യ സ്ഥാപനം ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്യുന്നത്

എന്നാല്‍ ഇത്തരം കമ്പനികള്‍ ഇന്ന് പ്രതിസന്ധികള്‍ക്ക് നടുവിലാണ്. 2019ല്‍ കേന്ദ്ര കമ്പനികാര്യ വകുപ്പ് ഒരു പുതിയ റൂള്‍ കൊണ്ടുവന്നു. അതു പ്രകാരം കമ്പനി കാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഇലക്ട്രോണിക് ഫോമായ NDH 4 ഇത്തരം കമ്പനികള്‍ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കണം. എന്നാല്‍ മാത്രമേ എല്ലാ നിധി കമ്പനികള്‍ക്കും നിധി കമ്പനികളായിട്ട് പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളു.
2014 മുതല്‍ രജിസ്‌ട്രേഷന്‍ നല്‍കി ഒരുപാട് പേരില്‍ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കുകയും ലോണ്‍ നല്‍കുകയും ചെയ്ത ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമായിട്ടാണ് ഇതിനെ ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ രജിസ്റ്റര്‍ ചെയ്ത എല്ലാ നിധി കമ്പനികളും നിധി കമ്പനിയായി പ്രഖ്യാപിക്കുന്നതിനും നിധി കമ്പനിയുടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള അപേക്ഷയ്ക്ക് NDH-4 ഫോം ഫയല്‍ ചെയ്യേണ്ടതുണ്ട്.

നിധി (ഭേദഗതി) ചട്ടങ്ങള്‍, 2019 ആരംഭിക്കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളും ഫോം NDH-4 കമ്പനി രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ ഈ നിയമം ആരംഭിച്ച തീയതി മുതല്‍ 9 മാസത്തിനുള്ളില്‍ ഏതാണോ പിന്നീട് വരുന്നത് അതിനു മുന്‍പ് ഫയല്‍ ചെയ്യേണ്ടതുണ്ട്.

നിധി (ഭേദഗതി) ചട്ടങ്ങള്‍, 2019 ആരംഭിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളും ഫോം NDH-4 കമ്പനി രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷം അവസാനിച്ചു 60 ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ റൂള്‍ 5 ലെ സബ് റൂള്‍ (3) പ്രകാരം റീജിയണല്‍ ഡയറക്ടര്‍ സമയം അനുവദിച്ചിട്ടുള്ള കാലയളവ് കഴിഞ്ഞു 60 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
കമ്പനികള്‍ക്ക് ഇരുട്ടടി
കമ്പനി രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ട് ഇതുവരെ ഒരു വ്യക്തമായ പരിശോധനയുമില്ലാതെ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം നിധി രജിസ്‌ട്രേഷന്‍ നല്‍കിയിട്ട് പെട്ടെന്നുള്ള ഒരു ഇരുട്ടടിയായിരുന്നു NDH 4 എന്ന ഇലക്ട്രോണിക് ഫോമിന്റെ അപ്പ്രൂവല്‍.

NDH 4 എന്ന ഇലക്ട്രോണിക് ഫോം ഫയല്‍ ചെയ്ത് ഒരു വര്‍ഷം ആവുമ്പോഴാണ് അതിനുള്ള ചില ചോദ്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റിന്റെ കമ്പനി കാര്യവകുപ്പ് ചോദിക്കാറുള്ളത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടും അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞു നിധി കമ്പനികളുടെ അവകാശം നിഷേധിക്കുകയാണ് ഉണ്ടായത്. ചോദ്യം ചെയ്യേണ്ട അവസ്ഥ തന്നെയാണിത്. എന്നാല്‍ ഇതിന്റെ മറ്റൊരു വശത്തു ഇത്തരം നിയമം സമയബന്ധിതമായി നടപ്പിലാക്കുകയും മുന്‍കൂട്ടി അറിയിക്കുകയും ചെയ്താല്‍ വലിയ ഒരു പ്രശ്‌നത്തില്‍ നിന്നു സംരംഭകര്‍ക്കും ആ നിധി കമ്പനിയില്‍ കടം വാങ്ങിയതും നിക്ഷേപിച്ചിട്ടുള്ളതുമായ സാധാരണക്കാര്‍ക്കും നിയമ പരിരക്ഷ കിട്ടുമായിരുന്നു. ഒപ്പം പെട്ടെന്നുണ്ടായ ഈ നിയമ നിര്‍മ്മാണവും ഒപ്പം സമയബന്ധിതമല്ലാത്ത ഈ തീരുമാനത്തില്‍ നിന്നും ഉണ്ടാവുന്ന ഒഴിവുകഴിവില്‍ നിന്ന് ഗവണ്‍മെന്റിന് മുഖം രക്ഷിക്കാനും പറ്റുമായിരുന്നു.

ഒരു വായ്പക്കായി പല വാതിലുകള്‍ ഇന്നും മുട്ടേണ്ടി വരുന്ന സാധാരണക്കാരന് വലിയ ആശ്വാസമാണ് നിധി കമ്പനികള്‍. ഈ നിയമം ശക്തമാക്കേണ്ട ഒന്നു തന്നെയാണ്. എന്നാല്‍ അതു നടപ്പാക്കിയ രീതിയുടെ പ്രായോഗികത മാത്രമാണ് പ്രശ്‌നം.
ദിനംപ്രതി പീഡനം പോലെ സാമ്പത്തിക പിടിച്ചുപറിയും പണം തട്ടിയെടുക്കലും പോലെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ കൃത്യവും സമയോചിതമായ പരിശോധനയും നിയന്ത്രണങ്ങളും ആവശ്യമാണ്. എങ്കില്‍ മാത്രമേ നിധി കമ്പനികള്‍ക്ക് സമൂഹത്തില്‍ നിലയും വിലയും നിലനില്‍പ്പും ഉണ്ടാവുകയുള്ളൂ

ഇന്ന് സാധാരണ ജനങ്ങള്‍ നിത്യം ചോദിക്കുന്ന ചോദ്യമാണ്, ഇത്തരം കമ്പനികള്‍ പൂട്ടിപ്പോകുമോ? കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടുകൂടിയ ധനകാര്യ സ്ഥാപനമായതുകൊണ്ടാവാം പല വ്യക്തികളും അതില്‍ ഡെപ്പോസിറ്റ് നല്‍കുന്നതും ലോണ്‍ സ്വീകരിക്കുന്നതും. ഇതിന്റെ ലൈസന്‍സ് നിരസിച്ചാല്‍ ഇത്തരം കമ്പനികള്‍ തുടങ്ങിയ സംരംഭകര്‍ പോലും ആശയക്കുഴപ്പത്തിലാവും.

ഈ NDH 4 എന്ന ഫോമിന്റെ അപ്രൂവല്‍ ഇല്ലാതെ കമ്പനിക്ക് അതിന്റെ മൂലധന പരിധി കൂട്ടാനുള്ള ഇലക്ട്രോണിക് ഫോമായ SH-7 ഉം മെമ്പര്‍മാര്‍ക്കു ഷെയര്‍ നല്‍കാനുള്ള ഇലക്ട്രോണിക് ഫോമായ PAS 3 യും ഫയല്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പിന്നീട് വലിയ ഫൈന്‍ അടച്ചു ഇത്തരം ഫോമുകള്‍ ഫയല്‍ ചെയ്യേണ്ടിവരും.

NDH 4 എന്ന ഫോം നിരസിച്ചാല്‍ കോടതിയില്‍ നിന്നു സ്റ്റേ ഓഡര്‍ വാങ്ങിയാണ് ഇപ്പോള്‍ കമ്പനികള്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ചെലവുകളും മറ്റും കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കുന്നു. പല കമ്പനികളും ഫോം നിരസിച്ച വിവരവും അറിയാതെ പോകുന്നുണ്ട്.

നിധി കമ്പനികളുടെ ഇത്തരം ലൈസന്‍സ് എങ്ങനെ നിരസിക്കാതെ അപ്പ്രൂവ് ചെയ്യാം എന്നുള്ളത് വളരെ ലളിതമാണ്. ഏതൊരു ബിസിനസ്സും പോലെ നിധി കമ്പനികളുടെ നിയമങ്ങളും നമ്മള്‍ കൃത്യമായും അറിഞ്ഞിരിക്കുക. നിധി കമ്പനികള്‍ നടത്തുന്നവരും നടത്താന്‍ പോകുന്നവരും ഇത്തരം നിയമങ്ങള്‍ വ്യക്തമായി പഠിച്ചു ബിസിനസ്സിലേക്ക് ഇറങ്ങിയാല്‍ ഇത്തരത്തിലുള്ള വലിയ പ്രശ്‌നത്തില്‍ നിന്നും കരകയറാം
നിലവില്‍ നിധി അസോസിയേഷന്‍ NDH 4 ന്റെ അപ്പ്രൂവലിന് കേന്ദ്ര മന്ത്രിമാരുമായും കേന്ദ്ര കമ്പനി കാര്യവകുപ്പുമായും ബന്ധപ്പെടുന്നുണ്ട് . പോസിറ്റീവായ ഒരു തീരുമാനത്തിലേക്കെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

( മള്‍ട്ടി പ്രൊഫഷണല്‍ സര്‍വീസ് നെറ്റ് വര്‍ക്കായ CSWA (Corporate Solutions World Ahead) ന്റെ ചെയര്‍മാനാണ് സവീഷ്. നിതിന്‍ ബാബു മാനേജിംഗ് ഡയറക്റ്ററും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089406306)


Tags:    

Similar News