സോഹോ ചിപ്പ് നിര്‍മാണത്തിലേക്കോ? ശ്രീധര്‍ വെമ്പുവിന്റെ വെളിപ്പെടുത്തലിങ്ങനെ
തമിഴ്‌നാടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ചിപ്പ് ഡൈസന്‍ പ്രോജക്ട് തുടങ്ങാന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ സൂചിപ്പിച്ചിരുന്നു
ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണത്തിലേക്കും കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 70 കോടി ഡോളറിന്റെ (ഏകദേശം 5,8000 കോടി രൂപ) നിക്ഷേപം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇന്‍സെന്റീവുകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് ഈ മേഖലയിലേക്ക് കടക്കുന്ന ഏറ്റവും പുതിയ കമ്പനിയാണ് സോഹോ. തമിഴ്‌നാടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ചിപ്പ് ഡൈസന്‍ പ്രോജക്ട് തുടങ്ങാന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ സോഹോ സി.ഇ.ഒ ശ്രീധര്‍ വെമ്പു പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങളിലേക്ക് കടന്നിരുന്നില്ല.
പ്രത്യേക വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതും ചിപ്പ് മേക്കിംഗില്‍ സാധാരണയായി ഉപയോഗിക്കുന്ന സിലിക്കണിന് പകരമായി നിര്‍മ്മിച്ചതുമായ സംയുക്ത സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കാനാണ് സോഹോയുടെ പദ്ധതിയെന്നാണ് സൂചന.
വെളിപ്പെടുത്തലിന് സമയമായില്ല
അതേസമയം സെമികണ്ടക്ടര്‍ ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തുന്നതിലേക്ക് എത്തിയിട്ടില്ലെന്ന് സോഹോ കോര്‍പറേഷന്‍ മേധാവി ശ്രീധര്‍ വെമ്പു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.
''രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സാങ്കേതികവിദ്യ അത്യാന്താപേക്ഷിതമാണ്. കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ നല്ല പിന്തുണ കമ്പനികള്‍ക്ക് നല്‍കുന്നുമുണ്ട്. സാങ്കേതിക മേഖലയിലെ സങ്കീര്‍ണതകളെ കണ്ടെത്തി സമൂഹപുരോഗതിക്കായി അത് ഉപയോഗിക്കുകയും വേണം. വ്യാവസായിക ഗവേഷണ സ്ഥാപനങ്ങൾ പടുത്തുയർത്തുകയുംഇത്തരം ഗവേഷണവും ഗ്രാമീണ വികസനവും ഒരുമിച്ചു കൊണ്ടുപോകുകയാണ് തന്റെ വ്യക്തിപരമായ വിഷന്‍. ഇതിനപ്പുറം ഇതേ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.''- ശ്രീധര്‍ വെമ്പു സോഷ്യല്‍ മാധ്യമായ എക്‌സില്‍ കുറിച്ചു.
2023 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി ഡോളര്‍ വാര്‍ഷിക വരുമാനമാണ് സോഹോ കോര്‍പറേഷന്‍ നേടിയത്. തമിഴ്‌നാട് ആസ്ഥാനമായി 1996ല്‍ തുടങ്ങിയ സോഫ്റ്റ് വെയര്‍ ആസ് എ ബിസിനസ് (SaaS) കമ്പനിയാണ് സോഹോ. നിലവില്‍ 150 രാജ്യങ്ങളില്‍ ബിസിനസുണ്ട്. മൈക്രോസോഫ്റ്റ്, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ വമ്പന്‍ കമ്പനികളുമായാണ് സോഹോ മത്സരിക്കുന്നത്.
സെമികണ്ടര്‍ കുതിപ്പിന് രാജ്യം
തായ്‌വാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി മത്സരിക്കാന്‍ സെമികണ്ടക്ടര്‍ മേഖലയില്‍ 100 കോടി ഡോളറിന്റെ പാക്കേജാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് മൂന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. രണ്ടെണ്ണം ഗുജറാത്തിലും ഒരെണ്ണം അസമിലുമായിരുന്നു. മൊത്തം 1.26 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാകുന്നത്.
ടാറ്റ ഇലക്ട്രോണിക്‌സും തയ്‌വാന്‍ പവര്‍ചിപ്പ് സെമി കണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷനും ചേര്‍ന്ന് നിര്‍മിക്കുന്ന സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് ആണ് അനുമതി ലഭിച്ചതില്‍ ഒന്ന്. ടാറ്റ അസമില്‍ നിര്‍മിക്കുന്ന സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാമത്തേത്. ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ തായ്‌ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോ ഇലക്ട്രോണിക്‌സ് എന്നിവയുമായി സഹകരിച്ച് സി.ജി പവര്‍ സ്ഥാപിക്കുന്നതാണ് മൂന്നാമത്തേത്. 2026 ആകുമ്പോള്‍ സെമികണ്ടക്ടര്‍ വിപണി 6,300 കോടി ഡോളറിന്റേതാകുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്.