പുതുവര്‍ഷം ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നുണ്ടോ?... ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങളും നിക്ഷേപകര്‍ ഉറ്റുനോക്കുന്ന 5 ക്രിപ്‌റ്റോകളും
പുതുതലമുറ നിക്ഷേപകര്‍ ക്രിപ്‌റ്റോ കറന്‍സികളിലേക്ക് തിരിഞ്ഞ വര്‍ഷമാണ് കടന്നു പോയത്. 2022ലേക്ക് കടക്കുമ്പോള്‍ ഒരു കൗതുകം എന്നതിലുപരി കാര്യമായി ക്രിപ്‌റ്റോയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയേക്കാം. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അപ്രതീക്ഷിത ചാഞ്ചാട്ടങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് ക്രിപ്‌റ്റോ. അതുകൊണ്ട് തന്നെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ശരിക്കും ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു.
കമ്മ്യൂണിറ്റി മുതല്‍ വൈറ്റ് പേപ്പര്‍ വരെ
വലിയ തുകകള്‍ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് എന്തിനുവേണ്ടിയാണെന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്. കാരണം ക്രിപ്‌റ്റോയെക്കാള്‍ റിസ്‌ക് കുറഞ്ഞ മറ്റ് നിക്ഷേപ സാധ്യതകള്‍ വേണ്ടെന്ന് വെച്ചാണ് നിങ്ങള്‍ ഇതിലേക്ക് ഇറങ്ങുന്നത്. കേവലം ഒരു ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ക്രിപ്‌റ്റോ വാങ്ങാം എന്നതിലുപരി ഡിജിറ്റല്‍ കറന്‍സി മേഖല എങ്ങനെയാണെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കണം. ഇതിനായി ഡിസ്‌കോര്‍ഡ്, ഫേസ്ബുക്ക് , ട്വിറ്റര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഇടങ്ങളിലെ ക്രിപ്‌റ്റോ കമ്മ്യൂണിറ്റികളുടെ ഭാഗമാവാം. ഇത്തരം കമ്മ്യൂണിറ്റികളില്‍ നിന്ന് ലഭിക്കുന്ന സൗഹൃദങ്ങളില്‍ നിന്ന് മേഖലയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
നിക്ഷേപിക്കുന്നതിന് മുമ്പ് ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട പേരാണ് വൈറ്റ് പേപ്പര്‍. ക്രിപ്‌റ്റോ കറന്‍സികളുടെ ബൈബിള്‍ എന്നാണ് വൈറ്റ്‌പേപ്പര്‍ അറിയപ്പെടുന്നത്. ഒരു ക്രിപ്‌റ്റോ കറന്‍സി പ്രോജക്ടിന് പിന്നിലുള്ള ടെക്‌നോളജി മുതല്‍ എല്ലാക്കാര്യങ്ങളും വൈറ്റ് പേപ്പറില്‍ നിന്ന് മനസിലാക്കാം. മാര്‍ക്കറ്റ് ക്യാപ്പ്, ഇതുവരെയുള്ള പ്രകനങ്ങളുടെ വിലയിരുത്തലൊക്കെ പിന്നാലെയാകാം. ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ക്രിപ്‌റ്റോ തട്ടിപ്പുകള്‍. ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിക്കുന്ന വാലറ്റുകളെക്കുറിച്ചും ധാരണ ഉണ്ടായിരിക്കണം.
നിക്ഷേപകര്‍ ഉറ്റുനോക്കുന്ന 5 ക്രിപ്‌റ്റോകള്‍
ബിറ്റ്‌കോയിനും എഥറിയവും
ഈ വര്‍ഷം ക്രിപ്‌റ്റോ നിക്ഷേപകര്‍ ഉറ്റുനോക്കുന്ന പ്രധാന ക്രിപ്‌റ്റോകള്‍ തീര്‍ച്ചയായും ബിറ്റ്‌കോയിനും എഥെറിയവും തന്നെയാണ്. നിക്ഷേപകര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത ക്രിപ്‌റ്റോകളാണ് ഇവ രണ്ടും. നവംബറില്‍ 68,000 ഡോളര്‍ വരെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. 2022ല്‍ ഒരു ബിറ്റ്‌കോയിന്റെ വില 70,000 ഡോളറിന് മുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
എന്‍എഫടി പ്ലാറ്റ്‌ഫോമുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന എഥറിയം സെക്കന്‍ഡ്-ബെസ്റ്റ് ക്രിപ്‌റ്റോ എന്ന നിലയിലാണ് അറിയപ്പെടുന്നത്. മെറ്റാവേഴ്‌സിന്റെ വ്യാപനത്തോടെ എഥറിയത്തിന്റെ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 3,709 ഡോളറുള്ള എഥറിയത്തിന്റെ മൂല്യം 2022ല്‍ ഇരട്ടി ആയേക്കും. 2021 ജനുവരിയില്‍ 100 ഡോളറിനും താഴെയായിരുന്നു എഥറിയത്തിന്റെ വില.
ടെഥര്‍
പ്രചാരത്തില്‍ മുന്നിലുള്ള സ്റ്റേബ്ള്‍ കോയിനായ ടെഥര്‍ 2014ല്‍ ആണ് അവതരിപ്പിച്ചത്. ഡോളറിനെ അടിസ്ഥാനമാക്കിയുള്ള ടെഥറിന്റെ ഇപ്പോഴത്തെ(12.50 pm) വില 74.51 രൂപയാണ്. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെഥര്‍ ആണ് സ്ഥാപനത്തിന്റെ അതേ പേരില്‍ കോയിന്‍ പുറത്തിറക്കുന്നത്.
കാര്‍ഡാനോ
ഈ വര്‍ഷം മികച്ച നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന മറ്റൊരു ക്രിപ്‌റ്റോയാണ് കാര്‍ഡാനോ(ADA). എഥറിയത്തിന്റെ സഹസ്ഥാപകനായി ചാള്‍സ് ഹോക്കിന്‍സണ്‍ ആണ് കാര്‍ഡാനോയ്ക്ക് പിന്നില്‍. കാര്‍ഡാനോ ഫൗണ്ടേഷന്‍ IOH ആണ് എഥറിയത്തിന്റെ ഡെവലപ്പര്‍മാര്‍. 2021 ജനുവരിയില്‍ 12.96 രൂപയായിരുന്ന ഒരു കാര്‍ഡാനോയുടെ ഇന്നത്തെ വില 98.47 രൂപയാണ്.
ബിനാന്‍സ് USD
ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബിനാന്‍സിന്റെ പിന്തുണയോടെ 2019ല്‍ എത്തിയ ക്രിപ്‌റ്റോയാണ് Binance USD. 1:1 നിരക്കില്‍ ഡോളറാണ് ബിനാന്‍സിന്റെ അടിസ്ഥാനം. കോയിന്‍മാര്‍ക്കെറ്റ്ക്യാപ് വെബ്സൈറ്റിലെ വിവരം അനുസരിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അനുമതി Binance USDക്ക് ലഭിച്ചിട്ടുണ്ട്. 2021 ജനുവരി ഒന്നിന് 2758.90 രൂപയായിരുന്ന ബിനാന്‍സിന്റെ മൂ്‌ല്യം ഒരു വര്‍ഷം കൊണ്ട് 1290.29 ശതമാനം ആണ് വര്‍ധിച്ചത്. ഇപ്പോള്‍ 38,356.74 രൂപയാണ് ഒരു ബിനാന്‍സിന്.
സൊലാന
എളുപ്പം കൈമാറ്റം ചെയ്യാവുന്നതും കുറഞ്ഞ ഇടപാട് നിരക്കുമുള്ള സോലാനോ അറിയപ്പെടുന്നത് വേഗതയേറിയ ക്രിപ്‌റ്റോ എന്നാണ്. 2021 ന്റെ തുടക്കത്തില്‍ 2 ഡോളറോളം മാത്രം വിലയുള്ള സോലാനോയുടെ നിലവിലെ മൂല്യം 170 ഡോളറിന് മുകളിലാണ്.