ക്രിപ്റ്റോകറന്‍സിയെ അംഗീകരിച്ച് ഇന്ത്യയും? കാര്യങ്ങള്‍ മാറിമറിയുമോ
രാജ്യത്തെ നിക്ഷേപമാര്‍ഗങ്ങളിലേക്ക് ക്രിപ്റ്റോകറന്‍സികളും വരുമ്പോള്‍ ബിസിനസുകളുടെ ഗതിമാറുമോ എന്നുറ്റു നോക്കി നിക്ഷേപകര്‍.
രാജ്യത്തെ ക്രിപ്റ്റോകറന്‍സി വിനിമയത്തിന് ഉടന്‍ പച്ച വെളിച്ചം തെളിഞ്ഞേക്കുമെന്ന് സൂചന. നികുതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ പേമെന്റുകള്‍ക്ക് ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡിജിറ്റല്‍ കറന്‍സികളുടെ വിനിമയം സംബന്ധിച്ച് ബില്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട നികുതി സംബന്ധിച്ച് തീരുമാനമാകേണ്ടതുണ്ടെന്നതിനാല് വിവിധ നടപടികള്‍ക്ക് ശേഷമായിരിക്കും അവയ്ക്ക് അംഗീകാരം നല്‍കുക.
ഓരോ ക്രിപ്റ്റോകളും ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയടിസ്ഥാനമാക്കിയായിരിക്കും നികുതി നിശ്ചയിക്കപ്പെടുക. അതേസമയം ഓരോ നാണയങ്ങളുടെയും ഉപഭോഗത്തെയും അടിസ്ഥാനപ്പെടുത്തിയാകും സര്‍ക്കാര്‍ ഇക്കാര്യം നിശ്ചയിക്കുകയെന്നാണ് അറിയുന്നത്.
രാജ്യത്തെ ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇത്. ബ്ലോക്ക്ചെയിന്‍ അധിഷ്ടിതമായ സാങ്കേതികവിദ്യയായതിനാല്‍ തന്നെ ഈ വിഭാഗത്തിലുള്ള പരിജ്ഞാനം വര്ധിപ്പിക്കേണ്ടിയിരിക്കുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിവിധ സംരംഭങ്ങളിലേക്ക് ഇനി വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെ നിക്ഷേപം ഉൾപ്പെടെയുള്ളവ തടസ്സരഹിതമായി എത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സാധാരണ ക്ലാസില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസിലേക്കും പതിവു കച്ചവട രീതികളില്‍നിന്ന് ഇ കൊമേഴ്സിലേക്കുമുള്ള മാറ്റത്തേക്കാള്‍ സങ്കീര്‍ണവും ദൂരവ്യാപകവുമാണ് സാധാരണ കറന്‍സിയില്‍നിന്ന് ക്രിപ്റ്റോകറന്സിയിലേക്കുള്ള (ഡിജിറ്റല്‍ നാണയം) മാറ്റം. സതോഷി നകാമോട്ടോ എന്ന അജ്ഞാത വ്യക്തി (അല്ലെങ്കിൽ പ്രസ്ഥാനം) 2009ല്‍ അവതരിപ്പിച്ച ബിറ്റ്കോയിനാണ് ആദ്യ ക്രിപ്റ്റോകറന്‍സി. നിലവിൽ ലോകത്തിൽ ഏറ്റവും വലിയ വിപണിയും ബിറ്റ്കോയിന്റെതാണ്.
ഇന്ന് മൈക്രോസോഫ്റ്റ്, ബിഎംഡബ്ല്യു, ജെപിമോര്‍ഗന്‍, കോക്കകോള തുടങ്ങിയ കമ്പനികളുമായി ബിറ്റ്കോയിനില് ഇടപാടു നടത്താം.
മധ്യ അമേരിക്കന്‍ രാജ്യം എല്‍ സാല്‍വദോര്‍ അതിനെ ഔദ്യോഗിക കറന്‍സിയാക്കി. മൂല്യത്തില്‍ വന്‍തോതിലുള്ള ഏറ്റക്കുറച്ചിലാണ് ക്രിപ്റ്റോകറന്‍സികളെക്കുറിച്ചുള്ള പ്രധാന പരാതി.
ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളില്‍ ക്രിപ്റ്റോകള്‍ പൊതു കറന്‍സിയായി അംഗീകരിച്ച് കഴിഞ്ഞു. ഈ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ ഹോണ്ടുറാസില്‍ ക്രിപ്റ്റോകള്ക്കായുള്ള എടിഎം തുറന്നത്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ബിറ്റ്കോയിനും എഥേറിയവുമാണ് ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്നത്.
ഇന്ത്യയിൽ ക്രിപ്റ്റോകൾ വിപണിയിലേക്ക് വന്നാൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കമ്പനികൾക്കായിരിക്കും കൂടുതൽ നേട്ടമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ വിരൽചൂണ്ടുന്നത്.