മാരികോയിന്‍: എല്‍ജിബിടി+ കമ്മ്യൂണിറ്റികള്‍ക്കായി ഒരു ക്രിപ്‌റ്റോ

ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്ക് തുല്യമാണ് ആഗോള എല്‍ജിബിടി+ വിപണി

Update:2022-01-04 17:12 IST

modified from pixabay

ഡിജിറ്റല്‍ കറന്‍സി മേഖലയിലെ നേട്ടങ്ങള്‍ എല്‍ജിബിടി+ കമ്മ്യൂണിറ്റികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ലോകത്തിലെ ആദ്യത്തെ ക്രിപ്‌റ്റോയാണ് മാരികോയിന്‍. എല്‍ജിബിടി+ സൗഹൃദ നഗരമായി അറിയപ്പെടുന്ന സ്‌പെയിനിലെ ച്യൂക്കയില്‍ ഡിസംബര്‍ 31ന് ആണ് മാരികോണ്‍ അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 25 വ്യാപാര സ്ഥാപനങ്ങള്‍ മാരികോയിന്‍ സ്വീകരിക്കാനും ആരംഭിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണമാണ് ലക്ഷ്യമെന്ന് മാരികോയിന്‍ കോ-ഫൗണ്ടര്‍ ജുവാന്‍ ബെല്‍മോണ്ടെ പറയുന്നു. മിയാമി ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബോര്‍ഡര്‍ലെസ് ക്യാപിറ്റലിന്റെ പിന്തുണയും മാരികോയിന് ഉണ്ട്.

താല്‍പ്പര്യമറിയിക്കുന്ന എല്ലാവിധ കച്ചവട സ്ഥാപനങ്ങളിലും മാരികോയിന്‍ ഇടപാടുകള്‍ക്കുള്ള സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോജക്ടിന്റെ ഡെവലപ്പര്‍മാര്‍. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ മാരികോയിന്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ മാപ്പും തയ്യാറാക്കും.

ലോകമെമ്പാടുമുള്ള എല്‍ജിബിടി ബിസിനസുകള്‍ക്കും കമ്മ്യൂണിറ്റി സംരംഭങ്ങള്‍ക്കും ധനസഹായം നല്‍കുകയും ഇവരുടെ ലക്ഷ്യമാണ്. സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസെയുടെ കണക്കുകള്‍ പ്രകാരം ആഗോള എല്‍ജിബിടി+ വിപണി ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്ക് തുല്യമാണ്.

കാന്തര്‍ കണ്‍സള്‍ട്ടിംഗും LGBT+ സോഷ്യല്‍ നെറ്റ്‌വർക്കായ ഹോര്‍നെറ്റും ചേര്‍ന്ന് 2018ല്‍ നടത്തിയ ഒരു പഠനം പറയുന്നത് അമേരിക്കയില്‍ മാത്രം കമ്മ്യൂണിറ്റിയുടെ വാങ്ങല്‍ ശേഷി ഒരു ട്രില്യണ്‍ ഡോളറാണെന്നാണ്.

Tags:    

Similar News