ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ക്രമക്കേടില്‍ നടപടി സ്വീകരിക്കാന്‍ സെബി

Update: 2020-08-04 09:18 GMT

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഏപ്രിലില്‍ പ്രവര്‍ത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളുടെ ഇടപാടുകളില്‍ വിഴ്ചയുണ്ടായതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്കൊരുങ്ങി  സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് സെബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.ഈ ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഇടപാടുകള്‍ക്കായി വീണ്ടും തുറക്കുന്നത് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ ബാധിക്കുമെന്ന നിലപാടാണ് സെബിയുടേത്.

ക്രമക്കേടുകളുണ്ടായോ എന്നു പരിശോധിക്കാനുള്ള ഫോറന്‍സിക് ഓഡിറ്റ് നടത്താന്‍ മെയ് മാസത്തില്‍ സെബി നിയോഗിച്ച ചോക്സി ആന്‍ഡ് ചോക്സി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.സെബിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണോ ഫണ്ട് കമ്പനി പ്രവര്‍ത്തിച്ചതെന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് ഓഡിറ്റ് സ്ഥാപനം പരിശോധിച്ചത്.

ഏപ്രില്‍ 23നാണ് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഉയര്‍ന്ന ആദായം നല്‍കിവന്നിരുന്നതും മൂന്നു ലക്ഷത്തിലേറെ പേര്‍ നിക്ഷേപം നടത്തിയിരുന്നതുമായ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്,ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോട്ട് ടേം ഇന്‍കം ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്,ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യൂറല്‍ ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയുടെ പ്രവര്‍ത്തനമാണ് മരവിപ്പിച്ചത്.

ഈ പദ്ധതികളില്‍ തുടര്‍ന്നും നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും ഇതോടെ നിക്ഷേപകര്‍ക്ക് കഴിയാതായി. കോവിഡ് വ്യാപകമായതോടെ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചത് ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നായിരുന്നു എഎംസിയുടെ വിശദീകരണം.25,856 കോടി രൂപയാണ് ഈ ഫണ്ടുകളുടെ മൊത്തം ആസ്തി. 

ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഇടപാടുകള്‍ക്കായി വീണ്ടും തുറക്കുന്നത് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ ബാധിക്കുമെന്ന്് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ  കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞയാഴ്ച ബോധിപ്പിച്ചിരുന്നു.യൂണിറ്റ് ഉടമകളുടെ സമ്മതമില്ലാതെ ആറ് പദ്ധതികള്‍ അവസാനിപ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് നിക്ഷേപകര്‍ സമര്‍പ്പിച്ച നാല് കേസുകള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.ഓഗസ്റ്റ് 6 ന് ഹൈക്കോടതി വാദം കേള്‍ക്കും.

ജൂണ്‍ 3, ജൂണ്‍ 8 തീയതികളില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിന്മേല്‍ നിക്ഷേപകരുടെ ഇ-വോട്ടിംഗ് പ്രക്രിയ സ്റ്റേ ചെയ്തിരിക്കുകയാണ്. സെബി ചട്ടമനുസരിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്ന പ്രക്രിയ ലിക്വിഡേഷനുശേഷം മാത്രമേ ആരംഭിക്കൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News