ഇസാഫ് ബാങ്ക് ഐ.പി.ഒ: ഓഹരിക്ക് മികച്ച വളര്‍ച്ചാസാധ്യതയെന്ന് ജിയോജിത്

ഇന്നാരംഭിച്ച ഐ.പി.ഒ നവംബര്‍ 7ന് സമാപിക്കും

Update:2023-11-03 13:27 IST

(UPDATE - ഇസാഫ് ബാങ്ക് ഐ.പി.ഒ: ആദ്യ ദിനം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തു)

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (ESAF Small Finance Bank) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ESAF Bank IPO) ഇന്ന് തുടക്കമായി. നവംബര്‍ 7 വരെ നീളുന്ന ഐ.പി.ഒയിലൂടെ 463 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ഓഹരിയൊന്നിന് 57 മുതല്‍ 60 രൂപവരെയാണ് വില നിലവാരം (Price Band). കുറഞ്ഞത് 250 ഓഹരികള്‍ക്കാണ് അപേക്ഷിക്കാനാവുക. അതായത്, ഏറ്റവും കുറഞ്ഞ നിക്ഷേപം 15,000 രൂപയാണ്. തുടര്‍ന്ന് 250 ഓഹരികളുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
391 കോടി രൂപയുടെ പുതിയ ഓഹരികള്‍ക്ക് (Fresh issue) പുറമേ നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 72.3 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴിയുമാണ് ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്നത്.
സബ്സ്ക്രൈബ് റേറ്റിംഗുമായി ജിയോജിത്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച വളര്‍ച്ചാസാധ്യതയാണുള്ളതെന്ന് പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഭിപ്രായപ്പെട്ടു. ഓഹരികള്‍ക്ക് 'സബ്‌സ്‌ക്രൈബ്' റേറ്റിംഗും ജിയോജിത് നല്‍കിയിട്ടുണ്ട്.
2018 മാര്‍ച്ച് മുതല്‍ 2023 ജൂണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ (SFB) പ്രതിവര്‍ഷ ശരാശരി വായ്പാവളര്‍ച്ച (AUM/Advances under management) 29 ശതമാനമാണ് (CAGR). 2023 ജൂണിനും 2025 മാര്‍ച്ചിനും മധ്യേ വളര്‍ച്ചാനിരക്ക് 22-24 ശതമാനത്തില്‍ തുടരുമെന്ന് ക്രിസിലും (CRISIL) വിലയിരുത്തിയിട്ടുണ്ട്.
ഇസാഫ് ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 2020-21 മുതല്‍ 2022-23 കാലയളവില്‍ 41 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുമായി (CAGR) 1,529 കോടി രൂപയിലെത്തിയിരുന്നു. 2020-21ലെ 8.5 ശതമാനത്തില്‍ നിന്ന് അറ്റ പലിശ മാര്‍ജിന്‍ (NIM) 2022-23ല്‍ 9.7 ശതമാനമായും മെച്ചപ്പെട്ടു.
ബാങ്കിന്റെ ആസ്തികളില്‍ നിന്നുള്ള നേട്ടം അഥവാ റിട്ടേണ്‍ ഓണ്‍ അസറ്റ്‌സ് (RoA) ഇക്കാലയളവില്‍ 0.9ല്‍ നിന്ന് 1.6 ശതമാനത്തിലേക്കും ഉയർന്നു. ഓഹരി ഉടമകളുടെ ഓഹരി മൂലധനത്തില്‍ നിന്നുള്ള നേട്ടം (RoE) 8.7 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമായത് ശ്രദ്ധേയമാണ്. കമ്പനിയുടെ ലാഭക്ഷമതയുടെ അളവുകോലാണിത്.
.
മികവിന്റെ കണക്കുകള്‍
നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇസാഫ് ബാങ്ക് 130 കോടി രൂപയുടെ ലാഭവും (Net profit) 992 കോടി രൂപ മൊത്ത വരുമാനവും (Net income) നേടിയിരുന്നു.
അറ്റ പലിശ വരുമാനം (NII) 30 ശതമാനം ഉയര്‍ന്ന് 585 കോടി രൂപയായി. എറ്റവും ശ്രദ്ധേയം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം) കുത്തനെ കുറഞ്ഞുവെന്നതാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 6.2 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്കാണ് താഴ്ന്നത്. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) വെറും 0.81 ശതമാനമാണ്.
ഇസാഫ് ബാങ്കിന്റെ പ്രൈസ് ടു ബുക്ക് വാല്യു (P/BV) പ്രാരംഭ ഓഹരി വില്‍പനയിലെ (IPO) ഉയര്‍ന്ന വിലയായ 60 രൂപ കണക്കാക്കിയാല്‍ 2022-23ല്‍ 1.8 മടങ്ങായിരിക്കും. ഇത് വിപണിയിലെ എതിരാളികളെ അപേക്ഷിച്ച് ന്യായമായ വിലയാണ്. ബാങ്കിന്റെ 
ഓഹരികളുടെ വിപണി വിലയെ അതിന്റെ ബുക്ക് മൂല്യത്തോട് താരതമ്യപ്പെടുത്തുന്ന അനുപാതമാണ് വില-ബുക്ക് അനുപാതം (
പ്രൈസ് ടു ബുക്ക് വാല്യു).
സാഹചര്യം ഏറെ അനുകൂലം
മൂലധന അടിത്തറ മെച്ചപ്പെടുത്താനും പ്രവര്‍ത്തനം വിപുലീകരിക്കാനുമാണ് ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുക പ്രയോജനപ്പെടുത്തുകയെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് വ്യക്തമാക്കിയിരുന്നു.
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) പരിഗണിച്ചാല്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ്.
വായ്പ, നിക്ഷേപം എന്നിവയില്‍ ശ്രദ്ധയൂന്നുന്ന ഇസാഫ് ബാങ്കില്‍ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, ടേം ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, മൈക്രോ വായ്പ, റീട്ടെയില്‍ വായ്പ (സ്വര്‍ണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ), എം.എസ്.എം.ഇ വായ്പ, കാര്‍ഷിക വായ്പ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ചാസാധ്യതകളുണ്ടെന്നതും വിപണി വിപുലീകരണം, സേവനങ്ങളുടെ വൈവിധ്യവത്കരണം തുടങ്ങിയ പദ്ധതികളുണ്ടെന്നതും ഇസാഫ് ബാങ്കിന് വലിയ കരുത്താകുമെന്ന് ജിയോജിത് ചൂണ്ടിക്കാട്ടുന്നു.
വളരുന്ന ലോണ്‍ ബുക്ക്, നിക്ഷേപങ്ങള്‍, സുദൃഢമായ റിട്ടേണ്‍ അനുപാതങ്ങള്‍, അഖിലേന്ത്യാ തലത്തിലേക്ക് വളരുന്ന പ്രവര്‍ത്തനം തുടങ്ങിയവ വിലയിരുത്തി മധ്യ-ദീര്‍ഘകാലത്തേക്ക് ഇസാഫ് ഓഹരികള്‍ക്ക് 'വാങ്ങുക' (Subscribe) എന്ന റേറ്റിംഗാണ് ജിയോജിത് നല്‍കുന്നത്.


This is a recommendation by Geojit Financial Services.

(Equity investing is subject to market risk. Please do your own research or consult a financial advisor before investing)

Tags:    

Similar News