അദാനിക്കാറ്റില്‍ ഉലഞ്ഞ് വിപണി, പൊതുമേഖല ബാങ്ക് ഓഹരികള്‍ക്കും തിരിച്ചടി

അദാനി ഗ്രൂപ്പ് കമ്പനികള്‍ എല്ലാം ഇടിഞ്ഞു. എല്ലാ ഓഹരികളും ലോവര്‍ സര്‍കീട്ടില്‍ എത്തി. മിക്കവയും 20 ശതമാനം താഴ്ചയിലായി

Update:2024-11-21 10:42 IST
ഗൗതം അദാനിക്കെതിരേ അമേരിക്കയില്‍ ക്രിമിനല്‍ കേസ് ചുമത്തിയത് ഇന്ത്യന്‍ വിപണിയെ ഉലച്ചു. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ താഴ്ന്നു. നിഫ്റ്റി 23,263 വരെ താഴ്ന്നിട്ട് അല്‍പം കയറി.
കഴിഞ്ഞ ദിവസം തുടക്കമിട്ട തിരിച്ചു കയറ്റത്തിന്റെ ആക്കം അപ്പാടെ തകര്‍ക്കുന്നതായി അദാനി കാറ്റ്. അദാനി ഗ്രൂപ്പ് കമ്പനികള്‍ എല്ലാം ഇടിഞ്ഞു. എല്ലാ ഓഹരികളും ലോവര്‍ സര്‍കീട്ടില്‍ എത്തി. മിക്കവയും 20 ശതമാനം താഴ്ചയിലായി. പിന്നീടു ചില കമ്പനികള്‍ തിരിച്ചു കയറി. 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിപണിയില്‍ ഉണ്ടായ ഇടിവ് ആവര്‍ത്തിക്കുകയാണ്.
25 കോടി ഡോളര്‍ കൈക്കൂലി നല്‍കി സൗരോര്‍ജം സര്‍ക്കാരിനെ കൊണ്ടു വാങ്ങിപ്പിക്കുന്ന കരാര്‍ ഉണ്ടാക്കിയാല്‍ 200 കോടി ഡോളര്‍ ലാഭം കിട്ടും എന്നു പറഞ്ഞു നിക്ഷേപകരില്‍ നിന്നു പണം വാങ്ങിയതിന്റെ പേരിലാണു കേസ്. ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിനിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണത്തീയതിയും മറ്റും തീരുമാനമായില്ല.
തങ്ങള്‍ ഈ പദ്ധതി അവതരിപ്പിച്ചെങ്കിലും ഇതിനായി ബോണ്ടുകള്‍ വിറ്റിട്ടില്ല എന്നാണ് അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ ദുര്‍ബലമായ വിശദീകരണം. കേസില്‍ ഒത്തുതീര്‍പ്പിനു സാധ്യത ഉണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കു പുറമേ എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്നു വലിയ താഴ്ച ഉണ്ടായി. നിഫ്റ്റി ബാങ്ക് സൂചിക ഇടയ്ക്ക് 49,787 വരെ താഴ്ന്നിട്ട് 50,000 നു മുകളില്‍ തിരിച്ചെത്തി.
ഐടി ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്. മെറ്റലും ഓയില്‍-ഗ്യാസുമാണ് ഏറ്റവും താഴ്ചയില്‍.
രൂപ ഇന്നും ദുര്‍ബലമാണ്. ഡോളര്‍ 84.40 രൂപയില്‍ തുടങ്ങിയിട്ട് 84.42 രൂപയിലേക്കു കയറി. ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,659 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കൂടി 57,160 രൂപയില്‍ എത്തി.
Tags:    

Similar News