മേലേക്ക് കുതിച്ച് മഞ്ഞലോഹം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇത്തവണത്തെ അക്ഷയത്രൃതീയ

Update: 2020-04-26 05:30 GMT

കോവിഡ് ഭീതിക്കിടയിലും സ്വര്‍ണം വാങ്ങാനുള്ള ശുഭദിവസത്തെ വരവേറ്റ് മലയാളികള്‍. 2020 ലെ അക്ഷയ തൃതീയ ഞായറാഴ്ച (ഏപ്രില്‍ 26) ആണ്. ജൂവല്‍റികളില്‍ സാധാരണ അക്ഷയ തൃതീയ ദിനത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ കോവിഡ് വ്യാപനം മൂലം രാജ്യം മുഴുവന്‍ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ സ്ഥിതി വ്യത്യസ്തമാണ്. ഇതാദ്യമായാണ് ഒരു അക്ഷയ തൃതീയ ദിനത്തില്‍ രാജ്യത്തെ ജൂവല്‍റികള്‍ പൂട്ടിക്കിടക്കുന്നത്. എന്നിരുന്നാലും ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ 40 ശതമാനത്തിലേറെ വര്‍ധനവുണ്ടായിട്ടുള്ളതായി കേരളത്തിലെ ഒരു പ്രധാന സ്വര്‍ണവ്യാപാര ശൃംഖലയുടെ ഓണ്‍ലൈന്‍ വില്‍പ്പന വിഭാഗം പറയുന്നു. ഗോള്‍ഡ് ബോണ്ട് നിക്ഷേപങ്ങളും ഇതില്‍ പെടുന്നു.

പല സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈനായി സ്വര്‍ണം വില്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. നിരവധി ഡിജിറ്റല്‍ വാലറ്റുകളും സ്വര്‍ണ്ണ ഔട്ട്ലെറ്റുകളും ഓണ്‍ലൈന്‍ സ്വര്‍ണ്ണ വില്‍പ്പന, ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ മലബാര്‍ ഗോള്‍ഡ്, കല്യാണ്‍, ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, ജോയ് ആലുക്കാസ് എന്നിവരെല്ലാം ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മുന്‍നിരയിലുണ്ട്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലാണ് ഇത്തവണത്തെ സ്വര്‍ണവിലയെന്നതാണ് മറ്റൊരു പ്രധാന കാര്യം. 2019 ലെ അക്ഷയ തൃതീയക്ക് സ്വര്‍ണ വില ഗ്രാമിന് 2,945 രൂപയായിരുന്നു. പവന്‍ വില 23,560 രൂപയുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ പവന് 10000ല്‍ അധികം രൂപയുടെ വര്‍ദ്ധനവുണ്ടായി. ഒരു പവന് 34,000 രൂപയാണ് സ്വര്‍ണ നിരക്ക്. ഗ്രാമിന് 4,250 രൂപയാണ് വില. ഈ മാസം ഇതുവരെ സ്വര്‍ണ വില പവന് 2,400 രൂപ ഉയര്‍ന്നു.

കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ ഉണ്ടായ ഒരു കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളനിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ സ്വര്‍ണം ഏറ്റവും സുരക്ഷിതമാണോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

ആഗോള മാന്ദ്യം ഭയന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണം സുരക്ഷിതമായി കാണുന്നതിനാല്‍ സ്വര്‍ണ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. കൊറോണ വൈറസിന്റെ പ്രതികൂല സാമ്പത്തിക പ്രത്യാഘാതത്തെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന ധനപരമായ ഉത്തേജക നടപടികളും സ്വര്‍ണ വിലയെ പിന്തുണച്ചേക്കാം. എന്നിരുന്നാലും ചാക്രിക പ്രതിഭാസമായി മാത്രമേ സ്വര്‍ണവില ഉയര്‍ച്ചയേയും കാണാന്‍ കഴിയൂ.

എട്ട് വര്‍ഷമാണ് ഒരു ഗോള്‍ സൈക്ക്ള്‍ എന്നു മുമ്പ് വിദഗ്ധര്‍ പറഞ്ഞിരുന്നുവെങ്കിലും പരമാവധി അഞ്ച് വര്‍ഷം ഒക്കെയാണ് ഇപ്പോഴത്തെ സാമ്പത്തിക പരിസ്ഥിതി വച്ചുകൊണ്ട് സ്വര്‍ണത്തിന്റെ സൈക്കിള്‍ എന്നു പറയാം. പക്ഷെ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ ഓഹരി വിപണിയെ എന്നപോലെ സ്വര്‍ണത്തെയും നല്ലരീതിയിലും മോശം രീതിയിലും ബാധിക്കാം.

വ്യവസ്ഥാപിതമായി ഒന്നും നോക്കിക്കാണാനാകാത്ത ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ ഇപ്പോള്‍ കയ്യഴിഞ്ഞ് നിക്ഷേപിക്കുന്നവര്‍ മനസ്സില്‍ വയ്‌ക്കേണ്ട കാര്യവും സ്വര്‍ണ വിലയും ഭാവിയില്‍ മാറി മറിഞ്ഞേക്കാം എന്നതു തന്നെയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News