എല്‍ ഐ സി ഓഹരി വില്‍പ്പന രാജ്യത്തിന് ജീവവായു ആകുന്നതെങ്ങനെ; അറിയാം
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കിരീടത്തിലെ അമൂല്യ രത്‌നമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി)യുടെ ഓഹരി വില്‍പ്പന എന്തുകൊണ്ട് ഒരു നാഴികക്കല്ലാകും?
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മറ്റൊരു മഹാസംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വമ്പനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി)യുടെ ഓഹരി വിറ്റഴിക്കാന്‍ അതിവേഗം കരുക്കള്‍ നീക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ധനക്കമ്മി കുറയ്ക്കാനുള്ള ഒറ്റമൂലി മാത്രമല്ല എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന. മറ്റനേകം കാര്യങ്ങളിലേക്ക് കൂടി തുറക്കുന്ന വാതായനമാകും ഇത്. ഇന്ത്യന്‍ ജനതയുടെ ജീവന് പരിരക്ഷയേകുന്ന എല്‍ ഐ സിയുടെ ഓഹരി വിറ്റ് രാജ്യം ഈ ഘട്ടത്തില്‍ തേടുന്നത് ജീവവായു തന്നെയാണ്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ 1956 സെപ്തംബര്‍ ഒന്നിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ടിലൂടെ രൂപീകരിക്കപ്പെട്ടതാണ് എല്‍ ഐ സി. ഇന്‍ഷുറന്‍സ് മേഖലയിലെ ദേശസല്‍ക്കരണം സാധ്യമായത് തന്നെ അങ്ങനെയാണ്. 245 ഇന്‍ഷുറന്‍സ് കമ്പനികളും പ്രോവിഡന്റ് സൊസൈറ്റികളും തമ്മില്‍ ലയിച്ചാണ് എല്‍ ഐ സി എന്ന വമ്പനുണ്ടായത്. 2001ലെ ഉദാരവല്‍ക്കരണ നടപടികള്‍ക്കു ശേഷം ലൈഫ് ഇന്‍ഷുറന്‍സ് മേഖല പ്രീമിയം സമാഹരണത്തിന്റെ കാര്യത്തില്‍ 16 മടങ്ങോളം വളര്‍ച്ച രേഖപ്പെടുത്തി. എല്‍ ഐ സിയും ഇതോടൊപ്പം കുതിച്ചുമുന്നേറി.
ഐ ആര്‍ ഡി എയുടെ കണക്കുകള്‍ അനുസരിച്ച് 7.63 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വിപണി വലുപ്പം. രാജ്യത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ 67 കമ്പനികളാണുള്ളത്. അതില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 10 ഗ്ലോബല്‍ റീ ഇന്‍ഷുറന്‍സ് കമ്പനികളുമാണുള്ളത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് എല്‍ ഐ സി. 2019ല്‍ ആഗോളതലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വെറും 1.18 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയില്‍ 9.63 ശതമാനം വര്‍ധനയുണ്ടാകാന്‍ പ്രധാന കാരണം എല്‍ ഐ സിയുടെ ചടുലവും നവസാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുമുള്ള പ്രവര്‍ത്തന ശൈലിയാണ്. എല്‍ ഐ സി എന്നാല്‍ ഇന്ത്യന്‍ ജനതയ്ക്ക് ഉറപ്പിന്റെ പര്യായ പദമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമേ ബോണസ് / ഡിവിഡന്റായി ലഭിക്കുന്ന നേട്ടം ജനങ്ങളെ ഒട്ടൊന്നുമല്ല എല്‍ ഐ സിയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ ഉറപ്പും നേട്ടവുമാണ് എല്‍ ഐ സിയുടെ തുറുപ്പുചീട്ടും. കോവിഡ് പ്രതിസന്ധി വന്നപ്പോഴും ഈ ഇന്‍ഷുറന്‍സ് ഭീമന്‍ അതിവേഗം വളര്‍ന്നതും അതുല്യമായ ഈ ചേരുവകള്‍ കൊണ്ടാണ്.
കടമ്പകള്‍ നിരവധി
ഇതാദ്യമായല്ല എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നീക്കങ്ങള്‍ നടക്കുന്നത്. മുന്‍ ധനമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ജെയ്റ്റിലുമെല്ലാം നീക്കങ്ങള്‍ പലത് നടത്തിയെങ്കിലും ഫലം കണ്ടില്ല. എല്‍ ഐ സി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ തുടരുമെന്ന ഉറപ്പ് പോലും ഒരു ഘട്ടത്തില്‍ ജെയ്റ്റ്‌ലി നല്‍കിയിരുന്നു. എന്നാല്‍ വന്‍ ധനക്കമ്മിയില്‍ നിന്ന് കരകയറാന്‍ എല്‍ ഐ സി ഓഹരി വില്‍പ്പന നടത്താത്തെ മാര്‍ഗമെന്ന സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍.
അതിനായി, എല്‍ ഐ സി ആക്ട്, 1956 ഭേദഗതി ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന് മുന്നിലെ ആദ്യകടമ്പ. 2021ലെ ബജറ്റിനൊപ്പം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് സമര്‍പ്പിച്ച ഫിനാന്‍സ് ബില്ലിനൊപ്പം 27 ഓളം ഭേദഗതികളുമുണ്ട്.
രണ്ടാമത്തെ കടമ്പ, എല്‍ ഐ സിയുടെ മൂല്യനിര്‍ണയമാണ്. ഏറെ സങ്കീര്‍ണമായ കടമ്പകൂടിയാണിത്. 2-3 ലക്ഷം കോടി രൂപ മുതല്‍ 20 ലക്ഷം കോടി രൂപ വരെ എല്‍ ഐ സിയുടെ മൂല്യമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഈ വ്യത്യാസം തന്നെ സൂചിപ്പിക്കുന്നത് ഇതിനുള്ളിലെ പ്രശ്‌നങ്ങളാണ്. എല്‍ ഐ സിയുടെ ശരിയായ മൂല്യനിര്‍ണയ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും അങ്ങേയറ്റം താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
നിലവില്‍ എല്‍ ഐ സിയുടെ ലാഭം പങ്കിടല്‍ രീതിയിലും ഐ പി ഒയ്ക്കു ശേഷം മാറ്റം വേണ്ടി വരും. ഇപ്പോഴത്തെ നിയമ പ്രകാരം പോളിസി ഉടമകള്‍ക്കാണ് ഇക്കാര്യത്തില്‍ മുന്‍തൂക്കം, ഓഹരി ഉടമകള്‍ക്കല്ല.
2020 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം എല്‍ ഐ സിയുടെ മൊത്തം ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോ 33.7 ലക്ഷം കോടി രൂപയാണ്. അതേ സമയം എല്‍ ഐ സിയുടെ എന്‍ പി എ ആറുശതമാനമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലിസ്റ്റിംഗ് സമയത്ത് ഇതൊരു ഘടകമായേക്കാം. ഇ്ന്‍ഷുറന്‍സ് മേഖലയിലെ ശരാശരി എന്‍ പി എ 1.5- രണ്ടുശതമാനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ധനക്കമ്മി കുറയ്ക്കല്‍ മാത്രമല്ല ലക്ഷ്യം
ഇന്ത്യയില്‍ സാമ്പത്തിക രംഗത്തുണ്ടായ വിപ്ലവകരമായ പല ചുവടുവെപ്പുകളും അങ്ങേയറ്റത്തെ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാന്‍ വേണ്ടി നടത്തിയവയാണെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകും. എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന ധനക്കമ്മി കുറയ്ക്കാന്‍ അനിവാര്യമായ കാര്യം തന്നെയാണ്. പക്ഷേ അതുമാത്രമാകില്ല ഇതിലൂടെയുണ്ടാകുന്ന മെച്ചം. ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന പരിഷ്‌കരണ നടപടികളിലേക്കുള്ള മറ്റൊരു കാല്‍വെപ്പായി ഇത് മാറും. കേന്ദ്ര ബജറ്റില്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് രംഗം കഴിഞ്ഞ ദശകത്തില്‍ വന്‍ വളര്‍ച്ച നേടിയെങ്കിലും ജനസംഖ്യയില്‍ യുവജനതയുടെ വര്‍ധിച്ച അനുപാതം, വര്‍ധിച്ചുവരുന്ന വര്‍ക്കിംഗ് പോപ്പുലേഷന്‍ പോലുള്ള അനുകൂല ഘടകങ്ങള്‍ കൊണ്ട് ഇനിയും വന്‍ സാധ്യത ഇന്‍ഷുറന്‍സ് മേഖലയിലുണ്ട്. എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന കൂടി സാധ്യമാകുന്നതോടെ ലോകത്തെ വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയെ കൂടുതല്‍ ഗൗരവത്തോടെ നോക്കാനും കൂടുതല്‍ നിക്ഷേപം ഈ രംഗത്ത് വരാനും സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ അവസരങ്ങളും തുറക്കപ്പെടും.
ഐപിഒ സമയത്ത് എല്‍ ഐ സിയുടെ മൂല്യം 10 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കിയാല്‍, 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍, ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഓഹരി വില്‍പ്പനയായി അത് മാറും. കോള്‍ ഇന്ത്യയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഐ പി ഒ ആയിരിക്കും എല്‍ ഐ സിയുടേതെന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം.
എല്‍ ഐ സി ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഒരു ഗെയിം ചേഞ്ചര്‍ തന്നെയാകുമെന്ന വിലയിരുത്തലാണ് വിപണി നിരീക്ഷകര്‍ക്കുള്ളത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം തന്നെ എല്‍ ഐ സിയുടെ ഐ പി ഒ എഴുതി ചേര്‍ക്കുമെന്നാണ് നിരീക്ഷകരുടെ നിഗമനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിനേക്കാള്‍ വിപണി മൂല്യമുള്ള ഒരു കമ്പനിയുടെ ഓഹരി സ്വന്തമാക്കാനുള്ള അവസരമാണ് എല്‍ ഐ സിയുടെ ഐപിഒയിലൂടെ നിക്ഷേപകന് ലഭിക്കുക. ഇത് റീറ്റെയ്ല്‍ നിക്ഷേപകരെ വന്‍തോതില്‍ വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരുടെ എണ്ണം അതില്ലാത്തവരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ്. ഇന്ത്യന്‍ വിപണിയുടെ ഈ സാധ്യത നിലനില്‍ക്കുന്നതുകൊണ്ട് ഐ പി ഒ കഴിഞ്ഞാലും ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് എല്‍ ഐ സി അതിന്റെ നായകത്വം തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെ അനുമാനം. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്തിന്റെ ഓഹരി വിപണിക്കും സമ്പദ് ഘടനയ്ക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാകും എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന.
വെല്ലുവിളികളും പ്രതിഷേധങ്ങളും ശക്തമായി തന്നെ തുടരാനാണ് സാധ്യത. അവയെ എങ്ങനെ കേന്ദ്ര സര്‍ക്കാര്‍ മറികടക്കുന്നു? എങ്ങനെ വിജയകരമായി എല്‍ ഐ സിയെ ഓഹരി വിപണിയിലെത്തിക്കുന്നുവെന്നതിനെയാണ് രാജ്യം ഉറ്റുനോക്കുന്നതും.
Big Data
29 കോടി പോളിസി ഉടമകള്‍.- മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും മൊത്തം ജനസംഖ്യയ്ക്ക് തുല്യം.
7.63 ലക്ഷം കോടി രൂപ - ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയുടെ വലുപ്പം. (2019-20)
66% - ഇന്ത്യയുടെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍ ഐ സിയുടെ വിപണി വിഹിതം. ഇന്ത്യന്‍ ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ എല്‍ ഐ സി പോളിസിയുടമയാണ്.
36 ലക്ഷം കോടി രൂപ - എല്‍ ഐ സിയുടെ AUM. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ AUMന്റെ മൂന്നിരട്ടി.
4,955 - ഓഫീസുകള്‍ (2019-20)
2,713 കോടി രൂപ - അറ്റലാഭം (2019-20)
6.16 ലക്ഷം കോടി രൂപ - മൊത്തവരുമാനം (2019-20)
ഒരു ലക്ഷം കോടി രൂപ - എല്‍ ഐ സിയുടെ പത്തുശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ പ്രതീക്ഷിത ഐ പി ഒ വലുപ്പം.