വിപണി ചാഞ്ചാടുന്നു, ഐ.ടിയില്‍ ഇടിവ്, അലൂമിനിയത്തില്‍ വിലയേറ്റം; മുത്തുറ്റ് ഫിനാന്‍സ് കുതിക്കുന്നു
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ മൂന്നു ശതമാനം വരെ ഇടിഞ്ഞു
രാവിലെ നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യന്‍ വിപണി വലിയ ചാഞ്ചാട്ടത്തിലായി. ഒരു മണിക്കൂറിനകം നിഫ്റ്റി 23,362നും 23,607നുമിടയില്‍ കയറിയിറങ്ങി. സെന്‍സെക്‌സ് 77,015നും 77,887നുമിടയില്‍ ചാഞ്ചാടി. വിപണി കൂടുതല്‍ താഴുമെന്ന സൂചനയാണ് നല്‍കുന്നത്.
ഐടി ഓഹരികളാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്. ഐടി സൂചിക മൂന്നു ശതമാനം ഇടിഞ്ഞു. മൈന്‍ഡ് ട്രീയും വിപ്രോയും നാലര ശതമാനം വരെ താഴ്ന്നു. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ മൂന്നു ശതമാനം വരെ ഇടിഞ്ഞു.
മെറ്റല്‍, റിയല്‍റ്റി, ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ഓയില്‍-ഗ്യാസ്, ഹെല്‍ത്ത് കെയര്‍, ഫാര്‍മ ഓഹരികള്‍ താഴ്ന്നു.
മുത്തൂറ്റ് ഫിനാന്‍സ് ഈ വര്‍ഷത്തെ വരുമാന -ലാഭ വളര്‍ച്ച പ്രതീക്ഷകള്‍ 25 ശതമാനമായി ഉയര്‍ത്തി. രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷകള്‍ക്കൊപ്പം വന്നു. ഓഹരി ആറു ശതമാനത്തോളം കയറി. മണപ്പുറം ഫിനാന്‍സ് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
ഹൊനാസ കണ്‍സ്യൂമര്‍ (മാമാ ഏര്‍ത്ത്) ഓഹരി രാവിലെ 20 ശതമാനം ഇടിഞ്ഞ് ഐ.പി.ഒ വിലയുടെ താഴെ ആയി. രണ്ടാം പാദത്തില്‍ കമ്പനി നഷ്ടത്തിലായി. വരുമാനം കുറഞ്ഞു. കമ്പനിയുടെ 2027 വരെയുള്ള വളര്‍ച്ച മോശമാകുമെന്നും ലാഭം 35 ശതമാനം കുറയുമെന്നും ബ്രോക്കറേജ് സ്ഥാപനമായ എംകേ വിശകലന റിപ്പോര്‍ട്ടില്‍ പറഞ്ഞു. ലക്ഷ്യവില 300 രൂപയായി താഴ്ത്തി. വിദേശ ബ്രോക്കറേജ് ജെഫറീസ് ലക്ഷ്യവില 425 രൂപയായി താഴ്ത്തിയെങ്കിലും ഓഹരി വാങ്ങാന്‍ ശിപാര്‍ശ ചെയ്തു.
നിയന്ത്രിത വിലയിലുള്ള ഗ്യാസ് വിഹിതം 20 ശതമാനം കൂടി കുറച്ചതോടെ ഇന്ദ്രപ്രസ്ഥ ഗ്യാസ് 19 ഉം മഹാനഗര്‍ ഗ്യാസ് 13 ഉം ശതമാനം വരെ ഇടിഞ്ഞു. ഗുജറാത്ത് ഗ്യാസ് നാലു ശതമാനം താഴ്ന്നു. അദാനി ടോട്ടല്‍ ഗ്യാസ് നാലു ശതമാനം നഷ്ടത്തിലായി.
ലോക വിപണിയില്‍ അലൂമിനിയം വില കുതിച്ചു കയറിയത് ഹിന്‍ഡാല്‍കോയെ നാലരയും നാല്‍കാേയെ എട്ടരയും വേദാന്തയെ നാലും ശതമാനം ഉയര്‍ത്തി. ചൈന അലൂമിനിയം കയറ്റുമതിക്കു നല്‍കിയിരുന്ന ചുങ്കം റിബേറ്റ് നിര്‍ത്തലാക്കിയതാണു വില കയറാന്‍ കാരണം.
രൂപ ഇന്ന് നിരക്കു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്ത 84.40 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.31 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2590 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 480 രൂപകൂടി 55,960 രൂപയായി.
ക്രൂഡ് ഓയില്‍ വീണ്ടും കയറി. ബ്രെന്റ് ഇനം ബാരലിന് 71.44 ഡോളറില്‍ എത്തി.