വിദേശ നിക്ഷേപകര്‍ മടിച്ചു നില്‍ക്കുന്നു; വിപണിയിൽ ആവേശം കുറവ്; യുഎസ് വിപണിയിലും വീഴ്ച; സ്വർണവും ഡോളറും കയറുന്നു

ഏഷ്യന്‍ വിപണിയില്‍ കയറ്റം: ക്രിപ്‌റ്റോ വിലകള്‍ ഇറങ്ങുന്നു

Update:2024-11-18 07:32 IST

വിദേശനിക്ഷേപകർ മടങ്ങി വരുന്നതിൻ്റെ സൂചനകൾ ഇല്ല. കമ്പനികളുടെ രണ്ടാം പാദ റിസൽട്ടുകൾ മോശമായി തുടരുന്നു. മൂന്നാം പാദ റിസൽട്ടുകൾ ശക്തമായ തിരിച്ചുവരവ് കാണിക്കും എന്നു സൂചനകൾ കിട്ടുന്നുമില്ല. തുടർച്ചയായി ആറു ദിവസം താഴ്ന്ന വിപണി ഇനിയും താഴും, നിഫ്റ്റി 23,200- 23,000 മേഖല പരീക്ഷിക്കും എന്നൊക്കെയാണ് ഇപ്പോൾ ചാർട്ടിസ്റ്റുകൾ പറയുന്നത്. യുഎസ് വിപണി കഴിഞ്ഞയാഴ്ച വലിയ താഴ്ചയിൽ അവസാനിപ്പിച്ചതും മനോഭാവം മോശമാക്കാനേ സഹായിച്ചിട്ടുള്ളു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,445 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,510 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി കഴിഞ്ഞ വാരത്തിൽ താഴ്ചയിലായി. പലിശ കുറയ്ക്കലിന് അധികം ധൃതി കാണിക്കുന്നില്ല എന്ന് ഫെഡ് ചെയർമാൻ പറഞ്ഞതു വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിപണിയിലെ ആവേശം കുറച്ചു. യുഎസ് സർക്കാരിനെ കാര്യക്ഷമമാക്കാനുളള പുതിയ വകുപ്പിൻ്റെ സഹചുമതലയുള്ള ടെസ്‌ല മേധാവി ഇലോൺ മസ്ക് രണ്ടു ലക്ഷം കോടി ഡോളറിൻ്റെ ചെലവ് കുറയ്ക്കണം എന്നു പറഞ്ഞത് വിപണിയെയും സമ്പദ്ഘടനയെയും പിന്നോട്ടടിക്കുമെന്ന ആശങ്ക വിപണി പ്രകടിപ്പിച്ചു. 44,486.70 വരെ കയറിയ ഡൗ ജോൺസ് 43,444.99 ലാണു വാരാന്ത്യത്തിലേക്കു കടന്നത്.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 207.33 പോയിൻ്റ് (0.47%) താഴ്ന്ന് 43,750.86 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 36.21 പോയിൻ്റ് (0.60%) നഷ്ടത്തോടെ 5949.17 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 123.07 പോയിൻ്റ് (0.64%) താഴ്ചയോടെ 19,107.65 ൽ ക്ലോസ് ചെയ്തു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 305.87 പോയിൻ്റ് (0.70%) ഇടിഞ്ഞ് 43,444.99 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 78.55 പോയിൻ്റ് (1.32%) നഷ്ടത്തോടെ 5870.62 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 427.53 പോയിൻ്റ് (2.24%) ഇടിവോടെ 18,680.12 ൽ ക്ലോസ് ചെയ്തു.

ബുധനാഴ്ച വരുന്ന എൻവിഡിയയുടെ മൂന്നാം പാദ റിസൽട്ടാകും ഈ ആഴ്ച ടെക് ഓഹരികളെ നയിക്കുക. നിർമിതബുദ്ധി ചിപ്പുകൾ തയാറാക്കുന്ന കമ്പനി വിറ്റു വരവിൽ 81-ഉം ഇപിഎസിൽ 85 ഉം ശതമാനം വളർച്ച കാണിക്കും എന്നാണ് അനാലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. 3.483 ലക്ഷം കോടി (ട്രില്യൺ) ഡോളർ വിപണിമൂല്യത്തോടെ ലോകത്തിലെ ഏറ്റവും വിലപ്പെട്ട കമ്പനിയാണ് എൻവിഡിയ. 2024-ൽ 194.75 ശതമാനം കയറ്റമാണ് ഓഹരിക്ക് ഉണ്ടായത്. അഞ്ചു വർഷം കൊണ്ട് 2684 ശതമാനവും.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റം കാണിക്കുന്നു. ഡൗ 0.09 ഉം എസ് ആൻഡ് പി 0.27 ഉം നാസ്ഡാക് 0.59 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.432 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് മാറി. പലിശ നിരക്ക് ഉയർന്നു നിൽക്കും എന്നാണ് ഇതിലെ സൂചന.

വ്യാഴാഴ്ച ഒരു ശതമാനത്തിലധികം ഉയർന്ന യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച താഴ്ന്നു. ഇതോടെ തുടർച്ചയായ നാലാമത്തെ ആഴ്ചയും വിപണി താഴ്ചയിൽ അവസാനിച്ചു. ബ്രിട്ടീഷ് ആഡംബര സ്റ്റോർ ശൃംഖലയായ ബർബറി വിൽപനയിലെ ഇടിവ് മാറ്റാൻ കമ്പനിയിൽ അഴിച്ചു പണി പ്രഖ്യാപിച്ചത് ഓഹരിയെ 22 ശതമാനം ഉയർത്തി. മൂന്നാം പാദ വരുമാനം ഇടിഞ്ഞ ബവേറിയൻ നോർഡിക് കമ്പനിയുടെ ഓഹരി 17 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിലെ നിക്കെെ സൂചിക 0.62 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ സൂചിക 1.1 ശതമാനം കയറി.

ഇന്ത്യൻ വിപണി 

തിരുത്തൽ മേഖലയിലേക്കു കടന്ന ഇന്ത്യൻ വിപണി അവിടെ നിന്ന് ഒരു പുൾബായ്ക്ക് റാലി സാധിക്കുമോ എന്നു പരീക്ഷിക്കുന്നതു പോലെയായിരുന്നു വ്യാഴാഴ്ചത്തെ വ്യാപാരം. അതു ഭാഗികമായി വിജയിച്ചു. മുഖ്യസൂചികകൾ നാമമാത്രമായി താഴ്ന്നു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഗണ്യമായി ഉയർന്നു. ബാങ്ക് നിഫ്റ്റിയും ധനകാര്യ, വാഹന, റിയൽറ്റി, മീഡിയ ഓഹരികളും കയറി. വിൽപനയിൽ വളർച്ച നേടാൻ പറ്റാത്ത എഫ്എംസിജി മേഖലയാണ് വിപണിയെ താഴ്ത്തുന്നത്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 0.7 ലക്ഷം കോടി രൂപ കണ്ട് ഉയരുകയും ചെയ്തു.

നല്ല ഓഹരികൾ ആദായവിലയ്ക്കു വാങ്ങി വയ്ക്കാൻ പറ്റിയ അവസരമാണു വന്നിരിക്കുന്നത് എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. വിപണി ബെയറിഷ് ഘട്ടത്തിലേക്കു കടക്കുകയില്ല എന്നാണ് അവരുടെ പ്രതീക്ഷ. കമ്പനികൾ നാലാം പാദത്തിൽ കൂടുതൽ ലാഭക്ഷമത കാണിക്കും എന്ന് അവർ കണക്കു കൂട്ടുന്നു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2077 ഓഹരികൾ ഉയർന്നപ്പോൾ 1887 ഓഹരികൾ മാത്രമേ ഇന്നലെ താഴ്ന്നുള്ളു. എൻഎസ്ഇയിൽ 1533 എണ്ണം ഉയർന്നു, താഴ്ന്നത് 1282 എണ്ണം മാത്രം.

വ്യാഴാഴ്ച രാവിലെ നേരിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി താമസിയിതെ കുതിച്ചു കയറി. എന്നാൽ ആ നേട്ടം നിലനിർത്താനായില്ല. നിഫ്റ്റി 23,675 വരെ കയറിയിട്ട് 23,484 വരെ താഴ്ന്നു. സെൻസെക്സ് 78,055 വരെ കുതിച്ചിട്ട് 77,424 വരെ താഴ്ന്നു.

നിഫ്റ്റി 26.35 പോയിൻ്റ് (0.11%) കുറഞ്ഞ് 23,532.70 ൽ അവസാനിച്ചു. സെൻസെക്സ് 110.64 പോയിൻ്റ് (0.14%) താഴ്ന്ന് 77,580.31 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.18 ശതമാനം (91. 20 പോയിൻ്റ്) കയറി 50,179.55 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.45 ശതമാനം കയറി 54,043.10 ലും സ്മോൾ ക്യാപ് സൂചിക 0.81 ശതമാനം ഉയർന്ന് 17,601.05 ലും ക്ലോസ് ചെയ്തു.

ഫെഡറൽ ബാങ്ക് ഓഹരി 1.16 ശതമാനം താഴ്ന്ന് 197.07 രൂപയിൽ അവസാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 0.40 ശതമാനം താണ് 22.75 രൂപയിലും സിഎസ്ബി ബാങ്ക് 2.57 ശതമാനം ഇടിവിൽ 300.80 രൂപയിലും ക്ലാേസ് ചെയ്തു.

ധനലക്ഷ്മി ബാങ്ക് 2.25 ശതമാനം ഉയർന്ന് 31.79 രൂപയിൽ അവസാനിച്ചു.

കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി അഞ്ചു ശതമാനം ഉയർന്ന് 608.55 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് 1343.95 രൂപവരെ കയറിയിട്ട് 1319.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

മണപ്പുറം ഫിനാൻസ് ഓഹരി 1.3 ശതമാനം താഴ്ന്ന് 156.05 രൂപയിൽ ക്ലാേസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് 1.11 ശതമാനം കയറി 1790 രൂപയിൽ എത്തി.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1849.87കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2481.81 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നവംബറിൽ ഇതുവരെ വിദേശികൾ 22,420 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.

വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ചൈനയിലെ നിക്ഷേപം കുറയ്ക്കാനും ഇന്ത്യയിലെ നിക്ഷേപം കൂട്ടാനും തീരുമാനിച്ചതായി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. ഇന്ത്യൻ ഓഹരികളുടെ വില മിതമായ നിരക്കിലായി എന്നും അവർ വിലയിരുത്തി.

കഴിഞ്ഞയാഴ്ച 2.55 ശതമാനം താഴ്ന്ന നിഫ്റ്റി സൂചിക 200 ദിവസ എക്സ്പൊണൻഷ്യൽ മൂവിംഗ് ആവരേജിനു താഴെയാണ് ക്ലോസ് ചെയ്തത്. താഴ്ച തുടർന്നാൽ 23,200 ലേ പിന്തുണ കാണാനാകൂ. നിഫ്റ്റിക്ക് ഇന്ന് 23,490 ലും 23,445 ലും പിന്തുണ കിട്ടാം. 23,640 ഉം 23,685 ഉം തടസങ്ങൾ ആകാം.

സ്വർണം കയറുന്നു

ട്രംപിൻ്റെ വിജയത്തെ തുടർന്നുള്ള സ്വർണ വിലയിടിവിൻ്റെ തോതു കുറഞ്ഞു. അൽപം തിരിച്ചു കയറ്റവും കണ്ടു. സ്വർണം വ്യാഴാഴ്ച 0.30 ശതമാനം (ഔൺസിന് 7.60 ഡോളർ) മാത്രം താഴ്ന്ന് 2565.70 ഡോളറിൽ ക്ലാേസ് ചെയ്തു. 2540 വരെ താഴ്ന്ന ശേഷം ഉയർന്നു ക്ലോസ് ചെയ്തതാണ്. വെള്ളിയാഴ്ച 2.40 ഡോളർ കുറഞ്ഞ് 2563.30 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 1.24 ശതമാനം കുതിച്ച് 2595 ഡോളറിൽ എത്തി.

കേരളത്തിൽ സ്വർണവില വ്യാഴാഴ്ച പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി. സെപ്റ്റംബർ 21 ലെ 55,680 രൂപയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. വെള്ളിയാഴ്ച വില 80 രൂപ കൂടി 55,560 രൂപയായി. ശനിയാഴ്ച വീണ്ടും 80 രൂപ കുറഞ്ഞ് 55,480 രൂപയിൽ തുടർന്നു. ഇന്നു വില കയറാം.

വെള്ളിവില ഔൺസിന് 30.55 ഡോളറിൽ എത്തി.

കറൻസി വിപണിയിൽ ഡോളർ കയറ്റം ശമിച്ചിട്ടില്ല. ഡോളർ സൂചിക വെള്ളിയാഴ്ച 106.69 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 106.63 ലാണ്.

ഡോളർ കയറ്റത്തിനിടയിൽ പിടിച്ചു നിൽക്കാൻ രൂപ പ്രയാസപ്പെടുന്നു. വ്യാഴാഴ്ച ഡോളർ രണ്ടു പൈസ കയറി 84.40 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിലേക്കു കടന്നതു താഴ്ചയിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രണ്ടു ശതമാനം താഴ്ന്ന് 71.04 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 70.89 ഡോളറിൽ എത്തി. എന്നാൽ പിന്നീടു തിരിച്ചു കയറി 71.23 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 67.09 ഉം യുഎഇയുടെ മർബൻ ക്രൂഡ് 70.15 ഉം ഡോളറിൽ നിൽക്കുന്നു. ട്രംപിൻ്റെ നയങ്ങൾ യുഎസിൽ ക്രൂഡ് ഉൽപാദനം വർധിപ്പിക്കും എന്നാണു വിപണി കരുതുന്നത്.

ക്രിപ്റ്റാേ കറൻസികൾ വാരാന്ത്യത്തിൽ കയറിയിട്ട് താഴ്ന്നു. ബിറ്റ് കോയിൻ 91,600 വരെ ഉയർന്നിട്ട് ഇന്നു രാവിലെ 90,300 ഡോളറിൽ എത്തി. ഈഥർ 3110 ഡോളർ ആയി.

വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞ ആഴ്ച അവസാനം ഉയർന്നു. വെള്ളിയാഴ്ച ചെമ്പ് 0.22 ശതമാനം കയറി ടണ്ണിന് 8881.72 ഡോളറിൽ എത്തി. അലൂമിനിയം 5.35 ശതമാനം കുതിച്ചു ടണ്ണിന് 2656.14 ഡോളർ ആയി. സിങ്ക് 3.53 ഉം നിക്കൽ 1.02 ഉം ശതമാനം കയറി. ലെഡ് 0.01 ഉം ടിൻ 1.66 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 നവംബർ 14, വ്യാഴം)

സെൻസെക്സ് 30 77,580.31 -0.14%

നിഫ്റ്റി50 23,532.70 -0.11%

ബാങ്ക് നിഫ്റ്റി 50,179.55 +0.18%

മിഡ് ക്യാപ് 100 54,043.10 +0.45%

സ്മോൾ ക്യാപ് 100 17,601.05 +0.81%

ഡൗ ജോൺസ് 43,750.90 -0.47%

എസ് ആൻഡ് പി 5949.17 -0.60%

നാസ്ഡാക് 19,107.70 -0.64%

ഡോളർ($) ₹84.40 +₹0.02

ഡോളർ സൂചിക 106.86 +0.38

സ്വർണം (ഔൺസ്) $2565.70 -$07.60

സ്വർണം(പവൻ) ₹55,480 -₹880

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.35 +$00.32


(2024 നവംബർ 15, വെള്ളി)


ഡൗ ജോൺസ് 43,444.99 -0.70%

എസ് ആൻഡ് പി 5870.62 -1.32%

നാസ്ഡാക് 18,680.12 -2.24%

ഡോളർ സൂചിക 106.69 -0.17

സ്വർണം (ഔൺസ്) $2563.30 -$02.40

സ്വർണം(പവൻ) ₹55,560 +₹80

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.04 +$01.31

Tags:    

Similar News