ഒരു സെക്കന്‍ഡില്‍ കൈമാറ്റപ്പെട്ടത് 37,000 ലുലു ഓഹരികള്‍! പതിഞ്ഞതെങ്കിലും മോശമാക്കാതെ ലുലു റീട്ടെയ്ല്‍ ലിസ്റ്റിംഗ്
ലുലു റീട്ടെയ്ല്‍ ഓഹരികളില്‍ 76.91 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്
അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ADX) ലിസ്റ്റ് ചെയ്യപ്പെട്ട ലുലു റീട്ടെയ്ല്‍ ഓഹരിക്ക് പതിഞ്ഞ തുടക്കം. ട്രേഡിംഗിന്റെ ആദ്യദിനത്തിലെ ആദ്യ പത്തു മിനിറ്റില്‍ ഓഹരിവില 1.47 ശതമാനത്തോളം ഇടിഞ്ഞ് 2.01 ദിര്‍ഹത്തിലാണ് (46.19 ഇന്ത്യന്‍ രൂപ) വ്യാപാരം നടന്നത്. ആദ്യത്തെ 20 മിനിറ്റില്‍ 4.4 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതായത് ഒരു സെക്കന്‍ഡില്‍ 37,000ത്തോളം ഓഹരികള്‍. 2.04 ദിര്‍ഹത്തിലാണ് (46.88 ഇന്ത്യന്‍ രൂപ) ലുലു റീട്ടെയ്ല്‍ വ്യാപാരം ആരംഭിച്ചത്.
തുടക്കത്തിലെ താഴ്ചയില്‍ നിന്ന് ലുലു ഓഹരികള്‍ കയറുമെന്നാണ് നിരീക്ഷകരും പറയുന്നത്. ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാകും വന്‍കിട നിക്ഷേപകരില്‍ നിന്നുണ്ടാകുക. അതേസമയം, കമ്പനിയുടെ പേരും പ്രശസ്തിയും മികച്ച സാമ്പത്തികഭദ്രതയും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുമെന്ന വിലയിരുത്തലാണ് വരുന്നത്.
76 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക്
ലുലു എന്ന ബ്രാന്‍ഡിനോടുള്ള ഇഷ്ടംകൊണ്ട് മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ഐ.പി.ഒ വഴി ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് ലുലു റീട്ടെയ്‌ലിന്റെ അപ്പര്‍ സര്‍ക്യൂട്ട് 15 ശതമാനവും ലോവര്‍ സര്‍ക്യൂട്ട് 10 ശതമാനവുമാണ്.
അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കനുസരിച്ച് ലുലു റീട്ടെയ്ല്‍ ഓഹരികളില്‍ 76.91 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്. 9.86 ശതമാനമാണ് യു.എ.ഇ പൗരന്മാരുടെ കൈവശമുള്ളത്. ജി.സി.സി രാജ്യങ്ങളിലെ നിക്ഷേപകരുടെ പക്കലുള്ളത് 12.82 ശതമാനം ഓഹരികളാണ്. മറ്റ് അറബ് രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് 0.41 ശതമാനം ഓഹരിയുണ്ട്.
തുടക്കത്തില്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു ലുലുഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വീകാര്യത കൂടിയതോടെ 30 ശതമാനമാക്കി വര്‍ധിപ്പിച്ചു. 310 കോടി ഓഹരികളാണ് ഇപ്രകാരം നിക്ഷേപകരിലേക്ക് എത്തിയത്. ഇതില്‍ 51.6 കോടി വരുന്ന ഓഹരികള്‍ യോഗ്യരായ നിക്ഷേപകര്‍ക്കായി നീക്കിവച്ചിരുന്നു. 14,520 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ലുലു സമാഹരിച്ചത്. മിഡില്‍ ഈസ്റ്റിലെ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി വില്പനയായി ഇതു മാറുകയും ചെയ്തു. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന 100-മത്തെ കമ്പനിയെന്ന നേട്ടവും ലുലു റീട്ടെയ്‌ലിനാണ്.
നിക്ഷേപകര്‍
അബുദാബി പെന്‍ഷന്‍ ഫണ്ട്, എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ബഹറിനിലെ മുംതലാക്കാത്ത് ഹോള്‍ഡിംഗ് കമ്പനി, എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍.
ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ലുലു റീറ്റെയ്ല്‍. ജി.സി.സിയില്‍ 116 ഹൈപ്പര്‍മാര്‍ക്കറ്റുകളും 102 എക്സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും ലുലുവിനുണ്ട്. യു.എ.ഇയില്‍ 103 സ്റ്റോറുകളും സൗദി അറേബ്യയില്‍ 56 സ്റ്റോറുകളും, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ 81 സ്റ്റോറുകളും ലുലുവിനുണ്ട്. 2024 ജൂണ്‍ 30ന് അവസാനിച്ച ആറ് മാസത്തില്‍ ലുലു റീറ്റെയ്ലിന്റെ വരുമാനം 32,809 കോടി രൂപയാണ്.