വാരാന്ത്യത്തിലേക്കു വിപണിയില്‍ വലിയ പ്രതീക്ഷ; ബാങ്കുകളെ രക്ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍; പലിശവര്‍ധന തുടരുമെന്നു സൂചന; ടിസിഎസില്‍ അപ്രതീക്ഷിത മാറ്റം

ക്രെഡിറ്റ് സ്വീസിനു പ്രത്യേക രക്ഷാപദ്ധതി. ക്രൂഡ് ഓയില്‍ വില താഴ്ചയില്‍ തുടരുന്നു. റിലയന്‍സ് താഴ്ന്നത് എന്തുകൊണ്ട്?

Update:2023-03-17 08:37 IST

അപൂര്‍വ രോഗത്തിന് അസാധാരണ ചികിത്സ. അമേരിക്കന്‍ ബാങ്കിംഗിലെ പുതിയ പ്രതിസന്ധി മറികടക്കാന്‍ വമ്പന്‍ ബാങ്കുകളും അധികാരികളും കൂടി പുതിയ തന്ത്രം ആവിഷ്‌കരിച്ചു. വിപണി തല്‍ക്കാലം ശാന്തമായി. ചികിത്സയുടെ ഫലപ്രാപ്തി വരും ദിവസങ്ങളിലേ അറിയാനാകൂ. ഇതിനിടെ യൂറാേപ്പില്‍ ക്രെഡിറ്റ് സ്വീസിനെ സ്വിസ് നാഷണല്‍ ബാങ്ക് പ്രത്യേകവായ്പ നല്‍കി താങ്ങി നിര്‍ത്തി. ഇനി ബാങ്കിന് അഴിച്ചു പണിയും മൂലധന സമാഹരണവും നടത്താന്‍ സമയം കിട്ടും. അതു വിജയിച്ചില്ലെങ്കില്‍ ഏതെങ്കിലും ബാങ്കില്‍ ലയിപ്പിക്കേണ്ടിവരും.

വ്യാഴാഴ്ച ഈ നടപടികളിലൂടെ അറ്റ്‌ലാന്റിക്കിന്റെ ഇരു വശങ്ങളിലും വിപണികള്‍ ശാന്തമായി. ഇന്നു വിപണികള്‍ ആശ്വാസത്തോടെ വാരാന്ത്യ വ്യാപാരത്തിലേക്കു കടക്കുമെന്നാണു പ്രതീക്ഷ. എന്നാല്‍ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ചെറിയ താഴ്ചയിലാണ്.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ഇന്നലെ കുറഞ്ഞ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ആറാം തവണയാണു വര്‍ധന. പ്രതിസന്ധിക്കിടയിലും നിരക്ക് വര്‍ധിപ്പിച്ച നടപടിയെ ചിലര്‍ വിമര്‍ശിച്ചെങ്കിലും പൊതുവേ അംഗീകാരം ലഭിച്ചു. അടുത്തയാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വും പലിശ വര്‍ധന തുടരും എന്ന് ഇതോടെ ധാരണ പരന്നു. പ്രതിസന്ധി മൂലം പലിശ വര്‍ധന മാറ്റിവയ്ക്കും എന്നു വരെ സംസാരം ഉണ്ടായതാണ്. ഇനി വീണ്ടും പലിശപ്പേടി ഉയരാം.


പാശ്ചാത്യ വിപണികള്‍ കയറി


വ്യാഴാഴ്ച ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. ജപ്പാനിലും ചൈനയിലും സൂചികകള്‍ താഴ്ന്നു. ഇന്ത്യയില്‍ സൂചികകള്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നേരിയ കയറ്റത്തില്‍ അവസാനിച്ചു. യൂറോപ്പില്‍ സൂചികകള്‍ ഒന്നര-രണ്ട് ശതമാനം ഉയര്‍ന്നു ക്ലോസ് ചെയ്തു.

യുഎസ് വിപണികള്‍ താഴ്ന്നു തുടങ്ങിയിട്ടു ക്രമമായി കയറി നല്ല നേട്ടത്തില്‍ അവസാനിച്ചു. ഡൗ ജോണ്‍സ് 1.17 ശതമാനം കയറി. എസ് ആന്‍ഡ് പി 1.76 ശതമാനവും നാസ്ഡാക് 2.48 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.17 ഉം എസ് ആന്‍ഡ് പി 0.11 ഉം നാസ്ഡാക് 0.05 ശതമാനവും താണു.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ കയറ്റത്തിലാണ്. ജാപ്പനീസ് വിപണി തുടക്കത്തില്‍ അര ശതമാനം ഉയര്‍ന്നു. കൊറിയന്‍ വിപണി ഒരു ശതമാനവും. തായ് വാനീസ് വിപണിയും ഉണര്‍വിലാണ്. ഓസ്‌ട്രേലിയന്‍ വിപണി മാറ്റമില്ലാതെ തുടങ്ങിയിട്ട് 0.3 ശതമാനം ഉയര്‍ന്നു. പിന്നീടു നഷ്ടത്തിലായി.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.8 ശതമാനം ഉയര്‍ന്നു വ്യാപാരം തുടങ്ങി. ഷാങ്ഹായ് സൂചികയും 0.8 ശതമാനം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വ്യാഴാഴ്ച ഒന്നാം സെഷനില്‍ 17,022 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷന്‍ 17,098-ല്‍ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 17,175 വരെ കയറിയിട്ട് അല്‍പം താണു. ഇന്ത്യന്‍ വിപണി നല്ല ഉയര്‍ച്ചയില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച ഇന്ത്യന്‍ വിപണി താഴ്ചയില്‍ തുടങ്ങിയ ശേഷം നേട്ടത്തിലേക്കു കയറി. പക്ഷേ വീണ്ടും താണു. ഉച്ചയ്ക്കു യൂറോപ്യന്‍ വിപണി കയറ്റത്തിലാണെന്ന് അറിഞ്ഞപ്പോള്‍ വീണ്ടും നല്ല ഉയരത്തിലെത്തി. വീണ്ടും താഴ്ന്ന ശേഷമാണ് നാമമാത്ര നേട്ടത്തില്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 78.94 പോയിന്റ് (0.14%) ഉയര്‍ന്ന് 57,634.84ലും നിഫ്റ്റി 13.45 പോയിന്റ് (0.08%) കയറി 16,985.60 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.09 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.52 ശതമാനം താഴ്ന്നാണ് അവസാനിച്ചത്.

മെറ്റല്‍ ഓഹരികളാണ് ഇന്നലെ വലിയ താഴ്ചയിലായത്. മാന്ദ്യഭീതി മൂലം ലാേഹങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ ഉണ്ടായ വിലയിടിവാണ് കാരണം. ഐടിയും സ്വകാര്യ ബാങ്കുകളും താഴ്ചയിലായിരുന്നു. മീഡിയ, എഫ്എംസിജി, ഫാര്‍മ, റിയല്‍റ്റി, ഓയില്‍ ഗ്യാസ് ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മേഖലകള്‍ ഉയര്‍ന്നു.

നിഫ്റ്റിക്ക് 16,885 ലും 16,775 ലും ആണു സപ്പോര്‍ട്ട്. 17,050 ലും 17,175 ലും തടസങ്ങള്‍ ഉണ്ടാകാം. വിദേശനിക്ഷേപകര്‍ ഇന്നലെ 282.06 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകള്‍ 1823.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ക്രൂഡ് ഓയിലും സ്വര്‍ണവും

ക്രൂഡ് ഓയില്‍ വില താഴ്ചയില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 74.71 ഡോളറിലാണ്. വ്യാവസായിക ലോഹങ്ങളുടെ വില വലിയ ഇടിവിന് പിന്നാലെ ഇന്നലെ അല്‍പം താഴ്ന്നു. ചെമ്പ് 8509 ഡോളറും അലൂമിനിയം 2267 ഡോളറുമായി. സിങ്ക്, നിക്കല്‍, ടിന്‍, ലെഡ് എന്നിവ രണ്ടര ശതമാനം വരെ താഴ്ന്നു.

സ്വര്‍ണവില 1920 ഡോളറിനു മുകളിലാണ്. ഇന്നലെ 1911-1935 ഡാേളറില്‍ കയറിയിറങ്ങിയിട്ടു താഴ്ന്നു ക്ലോസ് ചെയ്തു. 1921-1923 ഡോളറിലാണ് ഇന്നു രാവിലെ സ്വര്‍ണവ്യാപാരം. കേരളത്തില്‍ ഇന്നലെ പവന് 400 രൂപ ഉയര്‍ന്ന് 42,840 രൂപയായി. ഫെബ്രുവരി രണ്ടിലെ 42,880 രൂപയാണു പവന്റെ റിക്കാര്‍ഡ് വില. ക്രിപ്‌റ്റോ കറന്‍സികള്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ് കോയിന്‍ 25,000 ഡോളറിലേക്കു നീങ്ങി. രൂപ ഇന്നലെയും ദുര്‍ബലമായി. ഡോളറിന് 13 പൈസ കൂടി 82.73 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഇന്നു രാവിലെ 104.28 ലേക്കു താഴ്ന്നു.

ടിസിഎസില്‍ അപ്രതീക്ഷിത മാറ്റം

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ രാജി പ്രഖ്യാപിച്ചു. കമ്പനിയിലെ പ്രസിഡന്റ് കെ. കൃത്തിവാസന്‍ ആണു പുതിയ മേധാവി. തികച്ചും അപ്രതീക്ഷിതമാണ് ഈ മാറ്റം. രണ്ടാമത്തെ അഞ്ചു വര്‍ഷ കാലാവധിയില്‍ ഒരു വര്‍ഷം മാത്രം എത്തിയപ്പോഴാണു രാജി.

എന്നാല്‍ കമ്പനിയില്‍ നിന്നു തന്നെ പിന്‍ഗാമി വന്നതിനെ വിപണി പോസിറ്റീവ് ആയി കരുതും. വളര്‍ച്ചയുടെ വേഗം കുറഞ്ഞതിന്റെ പേരില്‍ ആണു ഗോപിനാഥനെ മാറ്റിയതെന്നു കരുതപ്പെടുന്നു. എന്തായാലും ഇന്നു വിപണിയില്‍ ടിസിഎസ് ഓഹരിവില ചാഞ്ചാടാം.

ഗോപിനാഥന്റെ ആറു വര്‍ഷക്കാലത്ത് കമ്പനിയുടെ വരുമാനം 73 ശതമാനവും അറ്റാദായം 65 ശതമാനവുമാണു വര്‍ധിച്ചത്. ഓഹരി വില 158 ശതമാനം ഉയര്‍ന്നു. ജീവനക്കാരുടെ എണ്ണം 3.9 ലക്ഷത്തില്‍ നിന്ന് 5.9 ലക്ഷമായി.


റിലയന്‍സും സീയും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. കമ്പനിയുടെ വിപണി മൂല്യം 15 ലക്ഷം കോടി രൂപയ്ക്കു താഴെയായി. കമ്പനിക്കു സമീപ ഭാവിയില്‍ വരുന്ന മൂലധന നിക്ഷേപം വലുതും വരുമാന വര്‍ധന ചെറുതും ആകുമെന്ന വിലയിരുത്തലാണു പലര്‍ക്കുമുള്ളത്. ഒപ്പം ഓഹരി വില ഒരു വര്‍ഷം കൊണ്ടു 3000 കടക്കുമെന്ന ബ്രാേക്കറേജ് റിപ്പോര്‍ട്ടുകളും ഓട്ടത്തില്‍ ഉണ്ട്.

സീ എന്റര്‍പ്രൈസസും സോണിയുമായുള്ള ലയനത്തിന്റെ ഒരു വലിയ തടസം നീങ്ങിയത് ഇന്നലെ സീയുടെ വില 10 ശതമാനം ഉയര്‍ത്തി. സംവര്‍ധന മദര്‍സണിലെ പ്രൊമാേട്ടര്‍ നാലു ശതമാനം ഓഹരി വിറ്റത് കമ്പനി ഓഹരിയുടെ വില 10 ശതമാനം ഇടിയാന്‍ കാരണമായി.

അദാനി ഗ്രൂപ്പിലെ കമ്പനികളില്‍ ആറെണ്ണം ഇന്നലെ നേട്ടത്തില്‍ അവസാനിച്ചു. അദാനി എന്റര്‍പ്രൈസസ് ഓഹരി ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ക്രെഡിറ്റ് സ്വീസിനു പ്രത്യേക രക്ഷാപദ്ധതി


സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക് തയാറാക്കിയ 5400 കോടി ഡോളറിന്റെ (4.45 ലക്ഷം കോടി രൂപ) പ്രത്യേകവായ്പാപദ്ധതിയാണു തല്‍ക്കാലം താങ്ങി നിര്‍ത്തുന്നത്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഇതാദ്യമാണ് ഒരു ബാങ്കിനെ നിലനിര്‍ത്താന്‍ ഏതെങ്കിലും കേന്ദ്രബാങ്ക് പ്രത്യേകവായ്പാപദ്ധതി പ്രഖ്യാപിക്കുന്നത്.

ബാങ്കിന്റെ പ്രശ്‌നങ്ങള്‍ ഇതു കൊണ്ട് തീരുന്നില്ല. ബാങ്ക് കാതലായ അഴിച്ചുപണി നടത്തേണ്ടിവരും. നഷ്ടം വരുത്തുന്ന ചില വിഭാഗങ്ങളും യൂണിറ്റുകളും വില്‍ക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം സൗദി നാഷണല്‍ ബാങ്ക് 9.9 ശതമാനം ഓഹരി വാങ്ങിയപ്പാേള്‍ ഈ അഴിച്ചുപണി വാഗ്ദാനം ചെയ്തിരുന്നതാണ്. അതു സാധിച്ചില്ലെങ്കില്‍ 167 വര്‍ഷം പഴക്കമുള്ള ബാങ്ക് വില്‍ക്കേണ്ടി വരാം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്, രണ്ടാം സ്ഥാനത്തുള്ള ക്രെഡിറ്റ് സ്വീസില്‍ താല്‍പര്യം എടുത്തേക്കാം.

ഇന്നലെ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് (ഇ സി ബി) കുറഞ്ഞ പലിശ അര ശതമാനം ഉയര്‍ത്തി. ഇതു ദുര്‍ബല ബാങ്കുകള്‍ക്കു കനത്ത ആഘാതം ആകുമെന്നും വലിയ സമ്പത്തിക - ധനകാര്യ കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്നും പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ ഈ തീരുമാനം വന്ന ശേഷം യൂറോപ്പിലും അമേരിക്കയിലും ഓഹരികള്‍ ഉയര്‍ന്നത് വിപണി തീരുമാനത്തെ സ്വീകരിച്ചതിന്റെ സൂചനയായി കാണുന്നു.


ബാങ്കിനെ രക്ഷിക്കാന്‍ ബാങ്കുകള്‍ പണം നിക്ഷേപിക്കുന്നു

അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാന്‍ 11 വലിയ ബാങ്കുകള്‍ ചേര്‍ന്നു 3000 കോടി ഡോളര്‍ ആ ബാങ്കില്‍ നിക്ഷേപിച്ചു. ബാങ്കില്‍ നിന്നു നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിക്കുന്നതു തടയാനുള്ള നടപടി എന്ന നിലയിലാണ് ഈ അസാധാരണ രക്ഷാപദ്ധതി. 120 ദിവസത്തേക്കുള്ള നിക്ഷേപത്തിനു സാധാരണ എസ്ബി നിക്ഷേപത്തിന്റെ പലിശ നല്‍കും. ഈ നിക്ഷേപം ജനങ്ങള്‍ക്കു ബാങ്കിലുള്ള വിശ്വാസം വളര്‍ത്തുമെന്നാണു കരുതുന്നത്.

അമേരിക്കയിലെ പതിന്നാലാമത്തെ വലിയ ബാങ്കാണ് 21,200 കോടി ഡോളര്‍ ആസ്തി ഉള്ള ഫസ്റ്റ് റിപ്പബ്ലിക്. നേരത്തേ ജെപി മോര്‍ഗന്‍ ചേയ്‌സ് ബാങ്ക് 7000 കോടി ഡോളര്‍ വായ്പ ഫസ്റ്റ് റിപ്പബ്ലിക്കിനു നല്‍കുമെന്നു പ്രഖ്യാപിച്ചെങ്കിലും വിപണി ശാന്തമായിരുന്നില്ല. ജെപി മോര്‍ഗന്‍ മേധാവി ജയ്മീ ഡിമന്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലനാേടും ഫെഡ് ചെയര്‍മാന്‍ ജെറോം പവലിനോടും ചര്‍ച്ച നടത്തിയാണ് രക്ഷാപദ്ധതി തയാറാക്കിയത്.

2008-ലെ പ്രതിസന്ധിയുടെ കാലത്ത് വീഴുന്ന ബാങ്കുകളെ വലിയ ബാങ്കുകള്‍ ചുളുവിലയ്ക്കു വാങ്ങുകയായിരുന്നു. പല ബാങ്കുകളുടെയും വളര്‍ച്ച തന്നെ ഈ ഏറ്റെടുക്കലുകളിലൂടെയാണ് നടന്നത്. പക്ഷേ ഇത്തവണ 'ശവംതീനി' കഴുകന്മാരാകാന്‍ വന്‍ ബാങ്കുകള്‍ താല്‍പര്യപ്പെട്ടില്ല. കഴിഞ്ഞയാഴ്ച തകര്‍ന്ന മൂന്ന് അമേരിക്കന്‍ ബാങ്കുകളുടെ വില്‍പന ഇനിയും നടന്നിട്ടില്ല.

Tags:    

Similar News