അദാനിയെ കൈവിടില്ല, രക്ഷകനായി ജി.ക്യു.ജി തുടരും, അടിത്തറ ശക്തമെന്ന് വാദം

ഏഴ് അദാനി കമ്പനികളിലായി 81,800 കോടിയോളം രൂപയുടെ നിക്ഷേപമാണ് ജി.ക്യു.ജിക്ക് ഉള്ളത്

Update:2024-11-26 16:03 IST

അഴിമതിക്കേസില്‍ അമേരിക്കന്‍ കോടതികുറ്റം ചുമത്തിയ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി കമ്പനിയിലെ നിക്ഷേപത്തില്‍ നിന്ന് ഒരു ചില്ലി കാശുപോലും പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി രാജീവ് ജെയിനിന്റെ ജു.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. അഴിമതി ആരോപണം പുറത്തു വരുന്നതിനു മുമ്പ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 9.7 ബില്യണിന്റെ നിക്ഷേപമാണ് (ഏകദേശം 81,800 കോടി രൂപ) ജി.ക്യു.ജിക്ക് ഉണ്ടായിരുന്നത്. കമ്പനിയുടെ മൊത്തം ആസ്തിയുടെ 6.1 ശതമാനം വരുമിത്.

അദാനി കമ്പനികളുടെ അടിത്തറ ശക്തമാണെന്നും വ്യതിയാനങ്ങളെ മറികടക്കാനുള്ള പ്രാപ്തി കമ്പനികള്‍ക്കുണ്ടെന്നും ജി.ക്യു.ജി വിശ്വാസം പ്രകടിപ്പിക്കുന്നു. കൃത്യമായ ഗവേഷണവും സ്ഥിതിഗതികളുടെ വിലയിരുത്തലും നടത്തിയാണ് ഇപ്പോള്‍ നിക്ഷേപത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് അത് വിലയിരുത്തി മാറ്റങ്ങള്‍ വരുത്തിയേക്കാമന്നും ജി.ക്യു.ജി ഇടപാടുകാരോട് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരിക്കുന്നത് അദാനി ഗ്രീന്‍ എനര്‍ജിയുടെ ജീവനക്കാര്‍ക്കെതിരെയാണെന്നും കമ്പനിക്കെതിരെയല്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

അടിയേറ്റത് സൗരോര്‍ജ്ജ പദ്ധതിയില്‍

അടുത്ത 20 വര്‍ഷത്തിനുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ പദ്ധതിയുടെ കരാര്‍ നേടാനായി അദാനിയും മറ്റ് ഏഴ് പേരും ചേര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളറിന്റെ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് കേസ്.  എന്നാല്‍ അദാനി ഗ്രൂപ്പ് ഇത് നിഷേധിച്ചിരുന്നു. ഗൗതം അദാനി, സഹോദര പുത്രന്‍ സാഗര്‍ അദാനി, മറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെയാണ് അമേരിക്കന്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചത്.

വിശ്വാസം കൈവിടാതെ

2023ന്റെ തുടക്കത്തില്‍ അദാനിക്കെതിരെ വന്‍ ആരോപണങ്ങളുമായി അമേരിക്കന്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടത് ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കിയിരുന്നു. വില 81 ശതമാനത്തോളം താഴ്ന്ന് നിന്ന മാര്‍ച്ചിലാണ് ജി.ക്യു.ജി അദാനി ഓഹരികളില്‍ നിക്ഷേപം തുടങ്ങിയത്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അംബുജ സിമന്റ്‌സ് എന്നിവയിലായിരുന്നു ആദ്യം നിക്ഷേപം. പിന്നീട് അദാനി പവറും അദാനി ടോട്ടല്‍ ഗ്യാസും കൂടി പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഈ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നപ്പോള്‍ ജി.ക്യു.ജിയുടെ നിക്ഷേപം പലമടങ്ങ് വളര്‍ച്ച നേടി. ഇപ്പോള്‍ അമേരിക്കന്‍ കുറ്റപ്പത്രത്തിന് പിന്നാലെ ഓഹരികളില്‍ ഇടിവുണ്ടായത് പ്രതിസന്ധിയായെങ്കിലും നിക്ഷേപം സുരക്ഷിതമാണെന്നാണ് ജി.ക്യു.ജി ഉറപ്പിച്ചു പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ വലിയ വീഴ്ചയില്‍ നിന്ന് അദാനി ഓഹരികള്‍ ഇന്നും ഇന്നലെയുമായി നഷ്ടം കുറച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഓഹരിയെ അത്രകണ്ട് ബാധിക്കുന്നില്ല.
Tags:    

Similar News