തടസങ്ങൾ മറികടന്ന് ആശ്വാസ റാലി കുതിക്കുമോ? ചെെനയിൽ കോവിഡ് വീണ്ടും ഭീഷണി; ഐടി മേഖലയ്ക്കു വീണ്ടും വെല്ലുവിളി
ഈ തടസ്സങ്ങൾ മറികടക്കാനുള്ള കരുത്ത് ഇന്ത്യൻ ഓഹരി വിപണിക്കുണ്ടോ? എണ്ണയും ലോഹങ്ങളും താഴ്ചയിൽ. സ്വർണവില മുകളിലേക്ക് പോകാനിടയില്ല
"വ്യത്യസ്തമാം ഒരു" ഇന്ത്യൻ വിപണി എന്നു കാണിച്ചു കൊണ്ടു ബുള്ളുകളുടെ തിരിച്ചു വരവും ആശ്വാസ റാലിയും ഇന്നലെ ഉണ്ടായി. പിന്നീടു യൂറോപ്യൻ വിപണികൾ ഇന്ത്യൻ വഴിയേ നീങ്ങി നേട്ടത്തിൽ അവസാനിച്ചു. എന്നാൽ യുഎസ് വിപണി വീണ്ടും താഴ്ചയിലായതോടെ ആശ്വാസ റാലിയുടെ തുടർച്ച സംശയത്തിലായി. തിരുത്തൽ വഴിയിലേക്കു തന്നെ നീങ്ങാൻ വിപണി ഇന്നു നിർബന്ധിതമാകാം.
തിങ്കളാഴ്ച യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക 0.49 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.9 ശതമാനവും നാസ്ഡാക് 1.49 ശതമാനവും ഇടിഞ്ഞു. ഇന്ന് ഇവയുടെ ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിൽ നീങ്ങി. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ ചെറിയ നേട്ടത്തിലാണ്. ബാങ്ക് ഓഫ് ജപ്പാൻ ഉദാരമായ പണനയം അവസാനിപ്പിക്കുമെന്നു സൂചനയുണ്ട്. അതിന്റെ ആശങ്ക വിപണിയിൽ കാണാം. ദക്ഷിണ കൊറിയൻ വിപണി താഴ്ചയിലാണു തുടങ്ങിയത്.
ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക താഴ്ന്നു വ്യാപാരം തുടങ്ങി. ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. നിയന്ത്രണങ്ങൾ പൊതുജന പ്രതിഷേധത്തെ തുടർന്ന് നീക്കിയ ശേഷം കോവിഡ് അതിവേഗം പടരുകയാണ്. രണ്ടു പേർ മരിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ ബെയ്ജിംഗിലെ വൈദ്യുത ക്രീമറ്റോറിയത്തിൽ ദിവസേന ഡസൻ കണക്കിനു കോവിഡ് ബാധിതരുടെ ജഡങ്ങൾ ദഹിപ്പിക്കുന്നുണ്ടെന്നു റിപ്പോർട്ടുണ്ട്. ക്രീമറ്റോറിയത്തിനു പട്ടാള കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. പല നഗരങ്ങളിലും വ്യവസായ ശാലകൾ തുറന്ന ശേഷം പ്രവർത്തനം നിർത്തേണ്ടി വന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒന്നര ശതമാനം ഇടിവിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്‌ജി എക്സ് നിഫ്റ്റി ഇന്നലെ 18,509 വരെ കയറിയിട്ട് 18,443-ലേക്കു താഴ്ന്നു. ഇന്നു രാവിലെ സൂചിക 18,460 ലെത്തി. ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ചത്തെ നഷ്ടങ്ങൾ നികത്തുന്നതായി ഇന്നലെ ഇന്ത്യൻ വിപണിയുടെ പ്രകടനം. സെൻസെക്സ് 468.38 പോയിന്റ് (0.76%) നേട്ടത്തിൽ 61,806.19-ലും നിഫ്റ്റി 151.45 പോയിന്റ് (0.83%) നേട്ടത്തോടെ 18,420.48 - ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.67 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.29 ശതമാനവും ഉയർന്നു.
ഐടി മേഖലയാണ് ഇന്നലെ വലിയ നഷ്ടത്തിലായത്. രാവിലെ ഐടി സൂചിക ഒന്നര ശതമാനം വരെ താണെങ്കിലും ക്ലോസിംഗ് ആയപ്പോഴേക്ക് നഷ്ടം 0.51 ശതമാനമായി കുറച്ചു. ആഗോള ഐടി സേവന കമ്പനി ആക്സഞ്ചർ വരും
ത്രൈമാസങ്ങളിലെ വരുമാനം മെച്ചമാകില്ല എന്നു സൂചിപ്പിച്ചതാണ് പ്രശ്നം.
വാഹന മേഖല ഇന്നലെ വലിയ നേട്ടമുണ്ടാക്കി. 2022-ൽ ഇന്ത്യയിലെ കാർ - എസ് യു വി വിൽപന 38 ലക്ഷം എന്ന റിക്കാർഡ് കുറിക്കും എന്ന റിപ്പോർട്ട് വിപണിയെ സ്വാധീനിച്ചു.. 2018 - ലെ 33.9 ലക്ഷം എന്ന റിക്കാർഡ് ഡിസംബർ തുടങ്ങുമ്പോഴേക്കു മറി കടന്നിരുന്നു.
പഞ്ചസാര കയറ്റുമതി ക്വോട്ട വർധിപ്പിക്കും എന്ന റിപ്പോർട്ട് ആ മേഖലയിലെ ഓഹരികളുടെ വില ഗണ്യമായി ഉയർത്തി. പെട്രോളിൽ ചേർക്കാനുള്ള എഥനോളിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കുന്നതും കമ്പനികളെ സഹായിച്ചു. രാജശ്രീ, സിംഭൗലി, ശക്തി, ഡാൽമിയ, കെസിപി, കോഠാരി, പൊന്നി, റാണാ , ധാംപുർ, ബജാജ് ഹിന്ദുസ്ഥാൻ തുടങ്ങിയ പഞ്ചസാര കമ്പനികളുടെ ഓഹരികൾ 10 മുതൽ 20 വരെ ശതമാനം ഉയർന്നു.
ഓയിൽ - ഗ്യാസ്, മെറ്റൽ, ക്യാപ്പിറ്റൽ ഗുഡ്സ്, ബാങ്ക് മേഖലകളും നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 538.1കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 687.38 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും അന്തർധാര ബെയറിഷ് ആണെന്നു പറയാം. 18,320 - 18,240 മേഖലയിൽ നിന്നു താഴേക്കു നീങ്ങിയാൽ 17,900 - 17,750 വരെ പോകാം എന്നാണ് വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്ന് 18,290-ലും 18,180 -ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,540 - ലും 18,670 - ലും തടസം നേരിടാം.
ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില 80 ഡോളറിന്റെ ചുറ്റുവട്ടത്താണ്. ഇന്നലെ 80.2 ഡോളറിൽ ക്ലോസ് ചെയ്ത വില ഇന്ന് 79.8 ഡോളറായി. പിന്നീട് 80.4 ഡോളറിലേക്കു കയറി. ചൈനയിലെ കോവിഡ് വ്യാപനം മൂലമുള്ള അനിശ്ചിതത്വം ക്രൂഡ് ഓയിൽ വിപണിയെ ബാധിച്ചിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങൾ പൊതുവേ താഴ്ചയിലാണ്. ചെമ്പ് ടണ്ണിന് 8200 ഡോളറിനു താഴെയായി. അലൂമിനിയം, നിക്കൽ, സിങ്ക്, ടിൻ തുടങ്ങിയവ ഒന്നു മുതൽ നാലു വരെ ശതമാനം താഴ്ന്നു.
സ്വർണത്തിനു മുകളിലോട്ടുള്ള യാത്ര എളുപ്പമല്ലെന്നു വീണ്ടും വ്യക്തമാകുന്നു. ഇന്നലെ 1799.8 ഡോളർ വരെ കയറിയ സ്വർണം പിന്നീട് 1784- ലേക്കു വീണു. ഇന്നു രാവിലെ 1785- 1787 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ സ്വർണം പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയായി. ഒരാഴ്ച കൊണ്ട് 560 രൂപയുടെ ഇടിവാണ് പവൻ വിലയിൽ ഉണ്ടായത്.
രൂപ ഇന്നലെ തുടക്കത്തിൽ നല്ല നേട്ടം ഉണ്ടാക്കിയെങ്കിലും അത് നിലനിർത്താൻ കഴിഞ്ഞില്ല. എങ്കിലും ഡോളർ 17 പൈസ നഷ്ടത്തിൽ 82.7 രൂപയിലാണു ക്ലോസ് ചെയ്തത്.
ഡോളർ സൂചിക ചാഞ്ചാട്ടത്തിലാണ്. ഇന്നലെ ഏറെ സമയവും 104 - നു താഴെയായിരുന്ന ശേഷം 104.72ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.73ലാണു സൂചിക.