ആശ്വാസറാലി മുന്നേറ്റമായി മാറുന്നു; ഏഷ്യൻ വിപണികൾ നേട്ടത്തിൽ; ക്രൂഡ് ഓയിൽ 85 ഡോളറിലേക്ക്
ഓഹരി വിപണി ഇന്നും മുന്നേറിയേക്കും. എഫ് എ സി ടി ഓഹരി വില വീണ്ടും ഉയർന്നു. ക്രൂഡ് വില ഇന്ന് കൂടിയേക്കും
തകർച്ചയുടെ നാലു ദിവസങ്ങൾക്കു ശേഷം വലിയ കുതിപ്പിന്റെ ഒരു ദിവസമായിരുന്നു ഇന്നലെ. തലേ വ്യാപാര ദിനത്തിലെ 1.7 ശതമാനം നഷ്ടത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും തിരിച്ചു പിടിച്ച ദിവസം. ഒരു സാന്താ റാലിയുടെ പ്രതീക്ഷ വിപണിയിൽ ജനിപ്പിക്കുന്നതായി ആശ്വാസറാലി. ഇന്നും മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണു വിപണി.
താഴ്ന്ന വിലയിൽ വാങ്ങാനുള്ള ആവേശവും ഷോർട്ട്കവറിംഗും കോവിഡ് വീണ്ടും വലിയ വിഷയമാകില്ല എന്ന സൂചനയും ചേർന്നാണ് ഇന്നലെ വിപണിയെ ഉയർത്തിയത്.
യൂറോപ്യൻ, അമേരിക്കൻ വിപണികൾ ഇന്നലെ അവധിയായിരുന്നു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഇന്നലെയും അവ നേട്ടത്തിലായിരുന്നു. ചെെനീസ് വിപണിയും നല്ല ഉയരത്തിലാണ് ഇന്നു വ്യാപാരമാരംഭിച്ചത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,029-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,002 - വരെ താഴ്ന്നിട്ടു സൂചിക 18,102- ലേക്കു കയറി. പിന്നീട് അൽപം താണ് ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
സെൻസെക്സ് ഇന്നലെ 721.13 പോയിന്റ് (1.21%) കുതിച്ച് 60,566.42 -ലും നിഫ്റ്റി 207.8 പോയിന്റ് (1.17%) കുതിച്ചു കയറി 18,014 .6 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.7 ശതമാനവും സ്മോൾ ക്യാപ് സൂചിക 3.8 ശതമാനവും ഉയർന്നു.
ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. ഫാർമ മേഖല 0.8 ശതമാനം താഴ്ന്നു. കഴിഞ്ഞ ദിവസം വലിയ താഴ്ച നേരിട്ട പൊതുമേഖലാ ബാങ്കുകൾ ഇന്നലെ 7.3 ശതമാനം കുതിച്ചു. ബാങ്ക് നിഫ്റ്റി 2.3 ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപന തുടർന്നു. 497.65 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. അതേസമയം സ്വദേശി ഫണ്ടുകൾ 1285.74 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ഇന്നലെ നീണ്ട ബുള്ളിഷ് തിരി രൂപപ്പെടുത്തിയെന്നാണു വിശകലന വിദഗ്‌ധർ പറയുന്നത്. ഇന്നു നിഫ്റ്റിക്ക് 17,840 ലും 17,645 ലും പിന്തുണ ഉണ്ട്. ഉയരുമ്പോൾ 18,075 ലും 18,150-ലും തടസം പ്രതീക്ഷിക്കാം.
വെള്ളിയാഴ്ച ഇടിവിലായ മിക്ക ഓഹരികളും ഇന്നലെ നല്ല നേട്ടമുണ്ടാക്കി. എഫ്എസിടി 10 ശതമാനം ഉയർന്ന് 267.3 രൂപയിൽ എത്തി. കൊച്ചിൻ ഷിപ്പ് യാർഡ് 11.84 ശതമാനം നേട്ടത്തിൽ 555.9 രൂപയിൽ ക്ലാേസ് ചെയ്തു.
ഫെഡറൽ ബാങ്ക് ഓഹരി 8.8 രൂപ (7.19%) ഉയർന്ന് 131.25 രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്ക് 16.13 ശതമാനം കയറി 18 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 4.9 ശതമാനം നേട്ടത്തിൽ 19.25 രൂപയായി. സിഎസ്ബി ബാങ്ക് നാലു ശതമാനം നേട്ടവുമായി 237.25 രൂപയിലേക്കു കയറി.
പല പൊതുമേഖലാ ബാങ്കുകളും 12 മുതൽ 20 വരെ ശതമാനം ഉയർന്നു.
പുതുതലമുറ കമ്പനികളിൽ സൊമാറ്റോ 8.48 ശതമാനവും പേയ്ടി എം 6.49 ശതമാനവും പിബി ഫിൻടെക് 4.26 ശതമാനവും ഉയർന്നു.
രാജ്യാന്തര ക്രൂഡ് ഓയിൽ, ലോഹ, സ്വർണ വിപണികൾ ഇന്നലെ പ്രവർത്തിച്ചില്ല.
ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വെളളിയാഴ്ച 83.92 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു വില 84.72 ഡോളറിലേക്കുയർന്നു. ഇനിയും കൂടുമെന്നാണു സൂചന.
ലോഹങ്ങൾ വാരാന്ത്യത്തിൽ ചെറിയ കയറ്റിറക്കങ്ങളാേടെ അവസാനിക്കുകയായിരുന്നു.
ഇന്നു രാവിലെ സ്വർണം 1798-1800 ഡോളറിലേക്കു താണിട്ട് 1804- 1806 നിലയിലേക്കു കയറി.. വെള്ളിയാഴ്ച 1798-1800 ആയിരുന്നു വില. കേരളത്തിൽ ഇന്നലെ പവന് 39,960 രൂപയായി. ഇന്നും വില കയറിയേക്കാം.
രൂപ ഇന്നലെ നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച 82.86 ആയിരുന്ന ഡോളർ 82.65 രൂപയായി.
.