വിപണികളിൽ ചാഞ്ചാട്ടം; ബുള്ളുകൾ അവസരം കാണുന്നു; ക്രൂഡ് ഓയിൽ വില ഇടിയുന്നു; സ്വർണം വീണ്ടും കയറ്റത്തിൽ
സൂചിക കൂടുതൽ ഉയരാനിടയില്ല; കാരണങ്ങൾ ഇതാണ്. ബാങ്കുകൾക്കു നേട്ടം, രാസവള കമ്പനികൾ താഴ്ചയിൽ. യുഎസ് ഫാക്ടറി ഉൽപാദനം കുറയുന്നു
വിപണികൾ അശാന്തമാണ്. നാളെയെപ്പറ്റി വ്യക്തത ഇല്ലാത്തതു തന്നെ കാരണം. പുതിയ വർഷത്തിലും കാര്യങ്ങൾക്കു മാറ്റമില്ല. വളർച്ചയും പലിശയും സംബന്ധിച്ച ആശകളും ആശങ്കകളും വിപണിയിൽ ചാഞ്ചാട്ടങ്ങളായി മാറുന്നു.
ഇന്നലെ തുടർച്ചയായ രണ്ടാം ദിവസത്തെ നേട്ടം ഇന്ത്യൻ വിപ,ണിയെ ആശ്വാസതീരത്ത് എത്തിച്ചില്ല. ആഗാേള വിപണി പ്രവണതകൾ അറിയാനുള്ള കാത്തിരിപ്പിലാണു വിപണി. ആ പ്രവണതകൾ അത്ര പോസിറ്റീവ് അല്ലെന്നു പിന്നീടു കണ്ടു.
യൂറോപ്യൻ സൂചികകൾ ഇന്നലെ മിതമായ നേട്ടത്തിലാണ് അവസാനിച്ചത്. യുഎസ് വിപണിയുടെ തുടക്കം നേട്ടത്തിലായിരുന്നു. എന്നാൽ പിന്നീടു താഴ്ന്നു. ഒടുവിൽ വ്യാപാരാന്ത്യത്തിൽ നഷ്ടം കുറച്ചു. ഡൗ ജോൺസ് 0.033 ശതമാനവും എസ് ആൻഡ് പി 0.4 ശതമാനവും നാസ് ഡാക് 0.76 ശതമാനവും നഷ്ടത്തോടെ 2023 -ലെ ആദ്യ വ്യാപാര ദിനം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടം കാണിച്ചു. കഴിഞ്ഞ യുഎസ് ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് ഇന്നു പുറത്തു വരും. അതു പലിശഗതിയെപ്പറ്റി എന്തു പറയുന്നു എന്നതിലാണു വിപണിയുടെ ശ്രദ്ധ.
ഓസ്ട്രേലിയൻ വിപണി രാവിലെ 1.3 ശതമാനം ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്നു ചെറിയ ഇടിവിലാണു വ്യാപാരം തുടങ്ങുന്നത്. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ ഒന്നര ശതമാനം താഴ്ചയിലാണ്.. ദക്ഷിണ കൊറിയയിൽ കോസ്പി സൂചിക അര ശതമാനം താഴ്ന്നു തുടങ്ങിയിട്ട് നേട്ടത്തിലായി. ചെെനീസ് വിപണി ഇന്നും ഉണർവിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,285 - ൽ നിന്ന് 18,243 ലേക്കു താഴ്ന്നു. ഇന്നു രാവിലെ സൂചിക താഴ്ന്ന് 18,229 ലെത്തി. പിന്നീട് 18,255 ആയി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ചൊവ്വാഴ്‌ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു കയറിയിറങ്ങി. ഒടുവിൽ ഉച്ചയ്ക്കു ശേഷം ഗണ്യമായ നേട്ടം ഉണ്ടാക്കി. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. സെൻസെക്സ് 126.41പോയിന്റ് (0.21%) കയറി 61,294.2 ലും നിഫ്റ്റി 35.1 പോയിന്റ് (0.19%) കയറി 18,232.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.23 ഉം സ്മോൾ ക്യാപ് സൂചിക 0.27 ഉം ശതമാനം ഉയർന്നു.
ഐടി, ബാങ്ക്, ധനകാര്യ, ഫാർമ മേഖലകൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. തലേന്നു വലിയ കുതിപ്പ് നടത്തിയ മെറ്റൽ വ്യവസായ സൂചിക അര ശതമാനം ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 628.07 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 350.57 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ചെറിയ ബുള്ളിഷ് പ്രവണത കാണിക്കുന്നുണ്ടെങ്കിലും പരിമിതമേഖലയിൽ ഒതുങ്ങി നിൽക്കുകയാണ്. കൂടുതൽ ഉയരാനുള്ള ആക്കം ഇനിയും ആർജിക്കേണ്ടിയിരിക്കുന്നു എന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. 18,265-ന്റെ പരിധി മറികടന്നാൽ 18,475 -18,700 തലത്തിലേക്കു കയറാം എന്നാണു നിഗമനം. ബുൾ നിക്ഷേപകർ ഇപ്പോൾ അവസരം കാണുന്നുണ്ട്. 18,000-നു താഴേക്കു വീണാൽ ഗതി മാറും.
നിഫ്റ്റിക്ക് 18,175 ലും 18,105 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,250 ലും 18,315 ലും തടസം നേരിടാം.
ക്രൂഡ് ഓയിൽ വില ഇന്നലെ കുത്തനേ ഇടിഞ്ഞു. ഡിമാൻഡ് പ്രതീക്ഷ പോലെ വർധിക്കുന്നില്ല എന്നതാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് നാലര ശതമാനം താഴ്ന്ന് 81.9 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങളുടെ വില ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെമ്പ്, നിക്കൽ, ടിൻ എന്നിവ അൽപം ഉയർന്നു. അലൂമിനിയം, സിങ്ക്, ലെഡ് തുടങ്ങിയവ അൽപം താഴ്ന്നു. ഇരുമ്പയിര് വില ഉയർന്നു 117 ഡോളറിൽ എത്തി.
സ്വർണം ഇന്നലെ വലിയ കുതിപ്പിലായിരുന്നു. 1827-ൽ നിന്ന് 1852 ഡോളർ വരെ സ്വർണം കുതിച്ചു. 2023 -ന്റെ ആദ്യ പാദത്തിൽ വില 2000 ഡോളറിൽ എത്തുമെന്ന പ്രചാരണം വിപണിയിലുണ്ട്. ഇന്നലെ
1838-1840 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 1842 - 1844 മേഖലയിലേക്കു കയറി.
കേരളത്തിൽ സ്വർണം പവനു 400 രൂപ വർധിച്ച് 40,760 രൂപയായി. ഇന്നും വില കൂടിയേക്കും.
ഡോളർ ഇന്നലെ തുടക്കത്തിൽ ദുർബലമായിരുന്നെങ്കിലും പിന്നീട് ഉയർന്നു.15 പൈസ വർധിച്ച് 82.88 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ലോക വിപണിയിൽ ഡോളർ സൂചിക 103.52-ൽ നിന്നു 104.52 ലേക്കു കയറിയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 104.6 ലേക്കു കയറി.
ബാങ്കുകൾക്കു നേട്ടം, രാസവള കമ്പനികൾ താഴ്ചയിൽ
വായ്പാവളർച്ച മെച്ചപ്പെട്ടത് ഇടത്തരം ബാങ്കുകളുടെ ഓഹരിവില ഉയർത്തി. വായ്പാ വിതരണം 19 ശതമാനം ഉയർത്തിയ ഫെഡറൽ ബാങ്കിന്റെ ഓഹരി 142.25 രൂപ വരെ കയറി. എന്നാൽ ക്ലാേസിംഗ് 137.9 രൂപയിലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 18 ശതമാനം വായ്പാ വളർച്ച കാണിച്ചപ്പോൾ ഓഹരിവില 10 ശതമാനം കുതിച്ച് 21.2 രൂപയിലെത്തി. ക്ലോസ് ചെയ്തത് 20.5 രൂപയിൽ. സിഎസ്ബി ബാങ്കിന്റെ വായ്പാ വിതരണം 25.7 ശതമാനം കുതിച്ചു. ഓഹരി എട്ടു ശതമാനം ഉയർന്ന് 264.2 രൂപയിലെത്തി. ക്ലോസിംഗ് 249.1 രൂപയിൽ. ധനലക്ഷ്മി ബാങ്ക് വായ്പാ വിതരണം 22.5 ശതമാനം വർധിപ്പിച്ചു. ഓഹരി വില 4.95 ശതമാനം ഉയർന്ന് 21.2 രൂപയായി.
എഫ്എസിടി ഓഹരി ഇന്നലെയും അഞ്ചു ശതമാനം ഇടിഞ്ഞ് 337 രൂപയായി. രണ്ടു ദിവസം കൊണ്ട് 12 ശതമാനം ഇടിവാണു വിലയിൽ. നാഷണൽ ഫെർട്ടിലൈസേഴ്സ് ഓഹരി മൂന്നു ദിവസം കൊണ്ട് ഒൻപതു ശതമാനം താഴ്ന്നു. മറ്റു രാസവള ഓഹരികളും താഴ്ചയിലാണ്.
യുഎസ് ഫാക്ടറി ഉൽപാദനം കുറയുന്നു
യുഎസിലെ ഫാക്ടറി ഉൽപാദനം സംബന്ധിച്ച പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഡിസംബറിൽ 47.7 ൽ നിന്നു 46.2 ലേക്കു താണു. 2020 മേയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. തുടർച്ചയായ രണ്ടാം മാസമാണ് മനുഫാക്ചറിംഗ് പിഎംഐ ചുരുങ്ങുന്നത്. ഡിമാൻഡ് കുറയുന്നതാണു കാരണം. ഇതു ഫാക്ടറികളിൽ ജോലിക്കാരെ എടുക്കുന്നതിൽ കുറവു വരുത്തി. ഉൽപന്ന വില വർധനയും കുറയുന്നുണ്ട് എന്നാണു നിഗമനം. പൊതു വിലക്കയറ്റവും തൊഴിലവസരവും കുറയുകയാണെങ്കിൽ യുഎസ് ഫെഡ് പലിശ വർധന നേരത്തേ അവസാനിപ്പിക്കുകയും താമസിയാതെ പലിശ കുറച്ചു തുടങ്ങുകയും ചെയ്യുമെന്നാണു പ്രതീക്ഷ.