പലിശ വർധന വിപണിക്ക് ആശങ്ക നൽകുന്നു; അദാനി കമ്പനികൾ സൂചികകളിൽ തുടരും
ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം താഴ്ചയോടെ തുടങ്ങിയേക്കും. അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു
വിപണി വീണ്ടും അനിശ്ചിതത്വത്തിൽ. പലിശ വർധനയെപ്പറ്റി പുതിയ ആശങ്കകൾ ഉടലെടുക്കുന്നു. ടെക്നോളജി ഭീമന്മാർ സമീപകാല വളർച്ചയെപ്പറ്റി കാര്യമായ പ്രതീക്ഷ പുലർത്തുന്നില്ല. റീട്ടെയിൽ കമ്പനികൾക്കു മാർജിൻ കുറയുന്നു. ഇതൊക്കെ വിപണിയെ താഴോട്ടു വലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിപണി ഇന്നു വാരാന്ത്യ വ്യാപാരത്തിലേക്കു പ്രവേശിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. യുഎസ് വിപണി ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു താഴ്ചയിൽ അവസാനിച്ചു. ഡൗ ജോൺസ് സൂചിക ദിവസത്തിലെ ഉയർന്ന നിലയിൽ നിന്ന് 600 പോയിന്റ് താണു. ആൽഫബെറ്റ് അടക്കമുള്ള ടെക് ഓഹരികൾ ഇന്നലെ ക്ഷീണത്തിലായി. ഫെഡ് പലിശ നിരക്ക് 5.5 ശതമാനംവരെ കയറ്റും എന്ന നിഗമനത്തിലേക്കു വിപണി സാവധാനം നീങ്ങുകയാണ്.
ഡൗ 0.73 ഉം എസ് ആൻഡ് പി 0.88 ഉം നാസ്ഡാക് 1.02 ഉം ശതമാനം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ഉയർച്ചയോടെ തുടങ്ങിയെങ്കിലും നാസ്ഡാക് ഫ്യൂച്ചേഴ്സ് താഴ്ചയിലായി. പലിശ വർധനയെപ്പറ്റിയുള്ള ആശങ്ക ഓസ്ട്രേലിയൻ വിപണിയെ താഴ്ത്തി.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും ഉയർന്നു വ്യാപാരം തുടങ്ങി. ചൈനീസ് വിപണികൾ ഇന്നു നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,930 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,846 - ലേക്കു താണു. ഇന്നു രാവിലെ സൂചിക വീണ്ടും താഴ്ന്ന് 17,820 വരെ എത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
സെൻസെക്സ് ഇന്നലെ 142.43 പോയിന്റ് (0.23%) ഉയർന്ന് 60,806.22ലും നിഫ്റ്റി 21.75 പോയിന്റ് (0.12%) കയറി 17,893.45ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.01 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.15 ശതമാനവും താഴ്ന്നു.
വിപണി അനിശ്ചിത നിലയിൽ ആയി എന്നാണു ചിലർ വിലയിരുത്തുന്നത്. നിഫ്റ്റിക്ക് 17,810 ലും 17,725 ലും സപ്പോർട്ട് ഉണ്ട്. 17,915 ലും 18,000 ലും തടസങ്ങൾ നേരിടും. വിദേശനിക്ഷേപകർ ഇന്നലെ 144.73 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 205.25 കോടിയുടെ ഓഹരികളും വിറ്റു. ക്രൂഡ് ഓയിൽ വില ഇന്നലെ താഴ്ന്നു. ബ്രെന്റ് ഇനം 84.13 ഡോളറിൽ എത്തി.
സ്വർണം
വ്യാവസായിക ലോഹങ്ങൾ സമ്മിശ്രമായിരുന്നു. അലൂമിനിയം ഇന്നലെ നാലു ശതമാനം തിരികെ കയറി ടണ്ണിന് 2500 ഡോളറിനടുത്ത് എത്തി. ചെമ്പ് വില താണ് 9000 ഡോളറിനു താഴെയായി
സ്വർണം ഇന്നലെ ആദ്യം ഉണ്ടാക്കിയ നേട്ടമെല്ലാം നഷ്ടപ്പെടുത്തി താഴ്ന്നു. 1892 ഡോളർ വരെ കയറിയ ശേഷം 1858 ലേക്കു വീണു. ഇന്നു രാവിലെ1865-1866 ഡോളറിലാണു സ്വർണം.
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 120 രൂപ വർധിച്ച് 42,320 രൂപ ആയി. വെള്ളിവില 22 ഡോളറിനു താഴെ എത്തി.
രൂപയ്ക്ക് ഇന്നലെ ചെറിയ നേട്ടമുണ്ടായി. ഡോളർ നിരക്ക് രണ്ടു പൈസ കുറഞ്ഞ് 82.5 2 രൂപയായി.
ഡോളർ സൂചിക രാത്രി 1 103.2 ലേക്കു താഴ്ന്നിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു
അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ തീർന്നില്ല. കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണു കാണുന്നത്. നോർവേയുടെ വെൽത്ത് ഫണ്ട് അദാനി കമ്പനികളിൽ നിന്നു നിക്ഷേപം പിൻവലിച്ചു. 1600 കോടിയിൽപരം രൂപ ആ ഫണ്ട് അദാനി കമ്പനികളിൽ നിക്ഷേപിച്ചിരുന്നു. ജനുവരി - ഫെബ്രുവരി മാസങ്ങളിലായിരുന്നു പിന്മാറ്റം.
ദീർഘകാലമായി അദാനി ഗ്രൂപ്പിൽ പങ്കാളിയായ ഫ്രഞ്ച് ഗ്രൂപ്പ് ടോട്ടൽ നിക്ഷേപ തീരുമാനം മരവിപ്പിച്ചു. ഗ്രീൻ എനർജി അടക്കമുള്ള അദാനി ബിസിനസുകളിൽ 50 കോടി ഡോളർ (4100 കോടി രൂപ) നിക്ഷേപിക്കും എന്ന തീരുമാനമാണു മരവിപ്പിച്ചത്. അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ള ആഭ്യന്തര ഓഡിറ്റ് കഴിഞ്ഞ ശേഷമേ ടോട്ടൽ തീരുമാനം എടുക്കൂ.
അദാനി ഗ്രൂപ്പിനു നൽകിയ വായ്പകൾ തിരിച്ചു പിടിക്കാൻ നടപടി എടുക്കുമെന്ന് ബ്രിട്ടീഷ് ബാങ്ക് ബാർക്ലേയ്സ് പ്രഖ്യാപിച്ചു. എസിസി, അംബുജ എന്നിവയെ ഏറ്റെടുക്കാൻ എടുത്ത 525 കോടി ഡോളറിന്റെ വായ്പയിൽ 75 കോടി ഡോളർ ബാർക്ലേയ്സിന്റേതാണ്. ഇത് വേഗം തിരിച്ചുപിടിക്കാനാണു ശ്രമം. മറ്റു വിദേശ ബാങ്കുകളും ഈ നിലപാട് എടുക്കുമോ എന്നു വ്യക്തമല്ല.
വായ്പകൾ അടയ്ക്കൽ
കഴിഞ്ഞയാഴ്ച അദാനി കുറേ വായ്പകൾ മുൻപേ അടച്ച് ഓഹരികളുടെ പണയം ഒഴിവാക്കിയത് ബാങ്കുകൾ കൂടുതൽ ഈട് ആവശ്യപ്പെട്ടതു കൊണ്ടാണെന്നു റിപ്പാേർട്ടുകൾ പുറത്തു വന്നു. 110 കോടി ഡോളറിന്റെ കടങ്ങൾ ആണ് അടച്ചത്. ഇതിന് ദുരിതവേളകളിൽ പ്രത്യേക നിരക്കിൽ വായ്പ നൽകുന്ന ഓക്ക് ടീ കാപ്പിറ്റൽ, ഡേവിഡ്‌സൺ കെംപ്നർ കാപ്പിറ്റൽ തുടങ്ങിയ ഹെഡ്ജ് ഫണ്ടുകളുടെ സഹായം അദാനി തേടി എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇപ്പോൾ ഗ്രൂപ്പ് കൂടുതൽ ധനസമാഹരണത്തിനായി മറ്റു ഹെഡ്ജ് ഫണ്ടുകളുമായും ചർച്ചയിലാണ്. ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ കിട്ടുകയില്ലെന്നു മാത്രമല്ല ഉള്ള വായ്പകൾ വേഗം തിരിച്ചു നൽകേണ്ടി വരുമെന്നും വ്യക്തമായ സാഹചര്യത്തിലാണ് ഗ്രൂപ്പ് തിടുക്കത്തിൽ ഇത്തരക്കാരെ സമീപിക്കുന്നത്. ഈ സഹായങ്ങളുടെ വ്യവസ്ഥകൾ ആപൽക്കരമാകുമോ എന്നാണ് വിപണി ശ്രദ്ധിക്കുന്നത്.
മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണലി (എംഎസ് സിഐ) ന്റെ സൂചികകളിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാനം പുന:പരിശോധിച്ചെങ്കിലും അവയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചില്ല. എന്നാൽ വെയിറ്റേജ് കുറച്ചോ എന്നു വ്യക്തമല്ല.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗൂപ്പിന്റെ വിപണിമൂല്യം പകുതിയിൽ താഴെ ആയിരുന്നു. ബുധനാഴ്ച ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെങ്കിലും അതത്രയും ഇന്നലെ നഷ്ടപ്പെടുത്തി. അദാനി എന്റർപ്രൈസസ് ഇന്നലെ 11 ശതമാനം ഇടിഞ്ഞാണു ക്ലാേസ് ചെയ്തത്. അദാനി വിൽമർ ഒഴികെ എല്ലാ ഗ്രൂപ്പ് കമ്പനികളും ഇടിവിലായിരുന്നു.