ക്രിപ്റ്റോ വിപണിയിൽ വീണ്ടും കോളിളക്കം; വിപണിയിൽ നിഴൽ വീഴ്ത്താൻ ഉഷ്ണക്കാറ്റ്; യുഎസ് ബാങ്ക് ഓഹരികൾ താഴുന്നത് എന്തുകൊണ്ട് ?

അദാനി ഗ്രൂപ്പിൽ ഫ്യൂച്ചേഴ്സ് വിഭാഗത്തിലുള്ള നാല് ഓഹരികൾ ഇന്നലെ താണു.

Update:2023-03-10 08:34 IST

ഗൂഢ (ക്രിപ്‌റ്റോ) കറൻസി വിപണിയിലെ കോളിളക്കം പെട്ടെന്നു ശമിക്കുന്ന സൂചനയില്ല. ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢ കറൻസികൾക്കു വിലയിടിവ് തുടരുന്നു. ബിറ്റ്കോയിൻ ഇന്നലെ ഏഴര ശതമാനം ഇടിഞ്ഞ് 20,300 ഡോളറിൽ എത്തി. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞ് 20,000 ഡോളറിനു താഴെയായി.

ഈഥറും ഇടിവിലാണ്. ക്രിപ്റ്റോകളുടെ മൊത്തം വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറിനു താഴെയായി. സിൽവർ ഗേറ്റ് കാപ്പിറ്റൽ ലിക്വിഡേഷനിലേക്കു നീങ്ങിയതാണു പുതിയ പ്രശ്നം. ഗൂഢ കറൻസികൾ ഡോളറായി മാറ്റി നൽകുന്നതിലെ പ്രധാന കണ്ണിയായിരുന്നു സിൽവർ ഗേറ്റ്.

കലിഫോർണിയയിലെ ലാ ഹോയ ആസ്ഥാനമായുള്ള ഈ ധനകാര്യ സേവന ഗ്രൂപ്പിൽ ഒരു വാണിജ്യ ബാങ്കും ഉണ്ട്. എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ തകർച്ചയാണു സിൽവർ ഗേറ്റിനു വിനയായത്. സിഗ്നേച്ചർ ബാങ്ക് അടക്കം ക്രിപ്റ്റോകൾ മാറി നൽകിയിരുന്ന മറ്റു ചില ബാങ്കുകളും ഇടപാടുകൾ കുറച്ചു വരികയാണ്.

സിൽവർ ഗേറ്റ് ഓഹരികൾ ഇന്നലെ 41 ശതമാനം താഴ്ന്നു. ഒരു വർഷം മുൻപത്തേതിൽ നിന്നു 95 ശതമാനം താഴെയാണ് ഓഹരിവില ഇപ്പാേൾ.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വ്യാഴാഴ്ച വ്യാപാരം തുടങ്ങിയതു ചാഞ്ചാട്ടത്തോടെയാണ്. പിന്നീടു താഴ്ചയിലായി. സെൻസെക്സും നിഫ്റ്റിയും അര ശതമാനത്തിലധികം താഴ്ന്ന ശേഷം തിരിച്ചു കയറാൻ ശ്രമിച്ചു. നടന്നില്ല. ഒരവസരത്തിൽ മുഖ്യ സൂചികകൾ ഒരു ശതമാനം താഴ്ചയിലായി. അവസാന മിനിറ്റുകളിൽ അൽപം നഷ്ടം കുറച്ചു. തുടർച്ചയായ മൂന്നു ദിവസത്തെ നേട്ടങ്ങൾക്കു ശേഷം സൂചികകൾ താഴ്ചയിൽ ക്ലോസ് ചെയ്തു.

സെൻസെക്സ് 541.81 പോയിന്റ് (0.90%) ഇടിഞ്ഞ് 59,806.28 ലും നിഫ്റ്റി 164.80 പോയിന്റ് (0.93%) താഴ്ന്ന് 17,589.6 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.55 ഉം സ്മോൾ ക്യാപ് സൂചിക 0.20 ഉം ശതമാനം താഴെയായി.

എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. റിലയൻസ്, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ തുടങ്ങിയവ നഷ്ടത്തിനു മുന്നിൽ നിന്നു.

അദാനി ഗ്രൂപ്പ് 

അദാനി ഗ്രൂപ്പിൽ ഫ്യൂച്ചേഴ്സ് വിഭാഗത്തിലുള്ള നാല് ഓഹരികൾ ഇന്നലെ താണു. മറ്റുള്ളവ ഉയർന്നു. അദാനി എന്റർപ്രൈസസ്, പോർട്സ്, എസിസി, അംബുജ സിമന്റ് എന്നിവയാണ് താണത്. ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഇന്നലെ നാമമാത്ര വർധനയേ ഉണ്ടായുള്ളു.

550 ഇലക്ടിക് ബസുകൾക്ക് ഓർഡർ ലഭിച്ചത് ഒലെക്ട്രാ ഗ്രീൻ ടെക് ഓഹരിയെ 20 ശതമാനം ഉയർത്തി. ടിനേറ്റ ഫാർമയെ ഏറ്റെടുക്കാനുള്ള ശ്രമം ഉപക്ഷേിച്ചു എന്ന റിപ്പോർട്ട് സീക്വന്റ് സയന്റിഫിക് ഓഹരി 20 ശതമാനം കയറാൻ കാരണമായി.

കഴിഞ്ഞ ദിവസം വലിയ കുതിപ്പ് നടത്തിയ പഞ്ചസാര മിൽ ഓഹരികൾ ഇന്നലെ താഴ്ന്നു. രാജ്യത്ത് ഉഷ്ണക്കാറ്റ് തുടരുന്നതു ഭക്ഷ്യവിലകൾ പിടി വിട്ടുയരാൻ കാരണമാകുമെന്ന ആശങ്ക പ്രബലമായി വരുന്നുണ്ട്.

വിപണി ബെയറിഷ് ആയി എന്നാണു വിലയിരുത്തൽ. നിഫ്റ്റി 17,700 മറികടന്നാലേ മുന്നറ്റം ചിന്തിക്കാനാവൂ. ഇന്നു നിഫ്റ്റിക്ക് 17,570 ലും 17,445 ലും സപ്പോർട്ട് ഉണ്ട്. 17,720 ലും 17,845 ലും തടസങ്ങൾ ഉണ്ടാകാം.

വിദേശനിക്ഷേപകർ ബുധനാഴ്ച 561.78 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 42.41 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില ഇന്നലെയും താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡിന്റെ വില 1.1 ശതമാനം കുറഞ്ഞ് 81.59 ഡോളറിൽ ക്ലോസ് ചെയ്തു.

വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും താഴ്ന്നു. ചെമ്പ് ടണ്ണിന് 8808 ഡോളറും അലൂമിനിയം 2336 ഡോളറുമായി. സിങ്ക്, ലെഡ്, നിക്കൽ, ടിൻ എന്നിവ 1.5 വരെ ശതമാനം താഴ്ന്നു.

സ്വർണവില താഴ്ചയിൽ നിന്നു കയറി. വ്യാഴാഴ്ച വില 1812 ഡോളറിൽ നിന്ന് 1837 ഡോളർ വരെ കയറി.. ഇന്നു രാവിലെ 1831--1833 ഡോളറിലാണ് സ്വർണം. കേരളത്തിൽ ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി.

രൂപ ഇന്നലെ നേട്ടം ഉണ്ടാക്കി. ഡോളർ 81.82 രൂപ വരെ താഴ്ന്നിട്ട് 81.98 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 105 നു മുകളിൽ തുടരുകയാണ്.


വിപണികൾ 


വിപണികൾ താഴ്ചയിലേക്കാണ്. പുതിയ പ്രശ്നങ്ങൾ രൂപം കൊള്ളുന്നു. ക്രിപ്റ്റോ കറൻസികൾ തകർച്ചയിലായതോടൊപ്പം സ്റ്റാർട്ടപ് മേഖലയിലെ തളർച്ചയും അമേരിക്കയിൽ ഇടത്തരം ബാങ്കുകളെ ഉലയ്ക്കുന്നു. ഏതറ്റം വരെ അതു പോകുമെന്നു വ്യക്തമല്ല. കാലാവസ്ഥ പ്രശ്നം മൂലം വിലക്കയറ്റ ഭീഷണി ഇന്ത്യൻ വളർച്ചയ്ക്കും വെല്ലുവിളി ഉയർത്തുന്നു. ഇതെല്ലാം ഇന്ന് വ്യാപാരത്തിൽ നിഴൽ വീഴ്ത്താം.

വ്യാഴാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായിരുന്നു. ജാപ്പനീസ് വിപണി അര ശതമാനം ഉയർന്നു ക്ലോസ് ചെയ്തപ്പോൾ ചൈനീസ് വിപണി താഴ്ന്നു. ഇന്നലെ യൂറോപ്യൻ വിപണികൾ ഒരു ശതമാനം താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ യുഎസ് വിപണികൾ കൂടുതൽ താഴ്ചയിലായി. ഫെഡ് പലിശ എത്രമാത്രം വർധിപ്പിക്കും എന്ന ആശങ്കയ്ക്കാെപ്പം ബാങ്കിംഗ് മേഖലയെപ്പറ്റി പുതിയ ഭീതികളും ഉടലെടുത്തു. ക്രിപ്റ്റോ കറൻസി വിപണിയിലെ പ്രശ്നങ്ങളും മുഖ്യ വിപണിയെ അലട്ടുന്നു. ഡൗ ജോൺസ് 1.66 ശതമാനം ഇടിഞ്ഞപ്പോൾ എസ് ആൻഡ് പി 1.85 ഉം നാസ്ഡാക് 2.05 ഉം ശതമാനം താഴ്ചയിൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 100 പോയിന്റ് (0.31%) താഴ്ന്നു. എസ് ആൻഡ് പി 0.35 ഉം നാസ്ഡാക് 0.40 ഉം ശതമാനം താഴെയായി.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ വലിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജാപ്പനീസ് വിപണി ഒരു ശതമാനം ഇടിഞ്ഞു. കൊറിയൻ, തായ് വാനീസ് വിപണികളും ഇടിവിലാണ്. ഓസ്ട്രേലിയൻ വിപണി ഒന്നര ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചികയും ഷാങ്ഹായ് സൂചികയും അര ശതമാനം താഴ്ന്നു വ്യാപാരം ആരംഭിച്ചു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴാഴ്ച ഒന്നാം സെഷനിൽ 17,618 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,529 ലേക്കു വീണു. ഇന്നു രാവിലെ സൂചിക 17,460 ലേക്കു താഴ്ന്നിട്ട്‌ അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

യുഎസ് ബാങ്ക് ഓഹരികൾ തകർച്ചയിൽ

ഇതിനിടെ സ്റ്റാർട്ടപ് മേഖലയുടെ തളർച്ച മൂലം പ്രശ്നത്തിലായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഓഹരി തകർച്ച യുഎസ് വിപണിയിലെ ബാങ്കിംഗ് ഓഹരികളെ മൊത്തം ഉലച്ചു. എസ് ആൻഡ് പി ബാങ്ക് സൂചിക ആറു ശതമാനം ഇടിഞ്ഞു. ജെ പി മാേർഗനും ബാങ്ക് ഓഫ് അമേരിക്കയും വെൽസ് ഫാർഗോയും അഞ്ചു ശതമാനത്തിലധികം താഴ്ന്നു. ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക് ഓഹരി 16 ശതമാനമാണ് ഇന്നലെ വീണത്.

സിലിക്കൺവാലി ബാങ്ക് എസ് വി ബി ഫിനാൻഷ്യലിന്റെ ഉപകമ്പനിയാണ്. വെഞ്ചർ കാപ്പിറ്റലുകാർ പിന്മാറിയതിനെ തുടർന്നു സിലിക്കൺവാലിയിൽ സ്റ്റാർട്ടപ്പുകൾ പണ ഞെരുക്കത്തിലായി. സ്റ്റാർട്ടപ്പുകളുടെ ബിസിനസായിരുന്നു സിലിക്കൺവാലി ബാങ്കിന്റെ ജീവനാഡി. സ്റ്റാർട്ടപ്പ് മേഖലയ്ക്കുള്ള വായ്പകൾ തിരിച്ചു കിട്ടാൻ പ്രയാസമായപ്പോൾ ബാങ്ക് കുഴപ്പത്തിലായി. ഞെരുക്കം മറികടക്കാൻ ബാങ്ക് 175 കോടി ഡോളറിന്റെ ഓഹരിവിൽപന ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതാണ് ഇന്നലെ എസ് വി ബി ഗ്രൂപ്പിന്റെ ഓഹരി വില 60 ശതമാനം ഇടിയാൻ കാരണം. ഇന്നലെ വിപണി അടച്ച ശേഷമുളള വ്യാപാരത്തിൽ ഓഹരി 21 ശതമാനം കൂടി ഇടിഞ്ഞു.

Tags:    

Similar News