വീണ്ടും അനിശ്ചിതത്വം; വിദേശ സൂചനകൾ പോസിറ്റീവ്; ആഗാേള വളർച്ച നാമമാത്രമാകുമെന്ന് ലോക ബാങ്ക്; ഇന്ത്യയുടെ നില മികച്ചതെന്നും ബാങ്ക്
ഓഹരി വിപണി കരടികളുടെ കൈകളിലാകുമോ? സ്വർണ്ണ വില ഉയർച്ചയിൽ? മാന്ദ്യത്തിനടുത്താകും ലോകമെന്നു ലോകബാങ്ക്
വിപരീതമായ പുതിയ സാമ്പത്തിക സൂചകങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ചൊവ്വാഴ്ച ഇന്ത്യൻ വിപണി ഇടിഞ്ഞു. തലേന്ന് യുഎസ് വിപണിയിലുണ്ടായ ക്ഷീണവും ടിസിഎസ് റിസൽട്ട് പ്രതീക്ഷയോളം വരാത്തതും മാത്രമേ എടുത്തു പറയാവുന്ന കാര്യങ്ങളായി ഉള്ളു. ചൊവ്വാഴ്ച യുഎസ് വിപണിയിൽ നല്ല കയറ്റം ഉണ്ടായി. അതിന്റെ പ്രതികരണം ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്.
നാളെ ചില്ലറ വിലക്കയറ്റത്തിന്റെയും വ്യവസായ ഉൽപാദനത്തിന്റെയും കണക്കുകൾ വരുന്നുണ്ട്. ഒപ്പം ചില കമ്പനി റിസൽട്ടുകളും വരാനുണ്ട്. അവയെപ്പറ്റിയുള്ള പ്രതീക്ഷകളും ആശങ്കകളും വിപണിഗതിയെ നിയന്ത്രിക്കാം. കുറഞ്ഞ പലിശ നിരക്ക് അഞ്ചു ശതമാനത്തിനു മുകളിലാക്കുമെന്നു യുഎസ് ഫെഡ് മുന്നറിയിപ്പ് നൽകിയതും വിപണിയെ ബാധിക്കാം.
ഇന്ത്യൻ വിപണി ഇന്നലെ കുത്തനേ താഴ്ന്നു ക്ലോസ് ചെയ്തു. ചൈനീസ് വിപണി ചെറിയ താഴ്ചയിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു.
യുഎസ് വിപണി ചെറിയ നേട്ടത്തിൽ ആരംഭിച്ചിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷമാണു നല്ല നേട്ടത്തോടെ അവസാനിച്ചത്. ജനപ്രിയമല്ലാത്ത നടപടികൾ എടുത്തായാലും വിലക്കയറ്റത്തെ പിടിച്ചു കെട്ടണം എന്ന് ഫെഡ് ചെയർമാൻ ജെറോം പവലും ഫെഡ് ഗവർങ്ങൾ മിഷേൽ ബോമാനും പറഞ്ഞത് വിപണിയെ ഇടയ്ക്കു നഷ്ടത്തിലാക്കിയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഫെഡ് കുറഞ്ഞ പലിശ നിരക്ക് അഞ്ചു ശതമാനത്തിനു മുകളിൽ എത്തിക്കുമെന്ന് സാൻ ഫ്രാൻസിസ്കോ ഫെഡ് പ്രസിഡന്റ് മേരി ഡാലി പറഞ്ഞതും വിപണിയെ സ്വാധീനിച്ചു. ഇപ്പോൾ 4.25 ശതമാനമാണു ഫെഡ് നിരക്ക്.
ഡൗ ജോൺസ് സൂചിക ഇന്നലെ 0.56-ഉം എസ് ആൻഡ് പി 0.7 ഉം നാസ്ഡാക് 1.01 ഉം ശതമാനം ഉയർന്നു വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ ഉയർന്നു. ജപ്പാനിലെ നിക്കൈ ഒരു ശതമാനം നേട്ടത്തിലാണ്. എന്നാൽ ചെെനീസ് വിപണി നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,986-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,037 ലേക്കു കയറിയിട്ട് 17980ലേക്കു താഴ്ന്നു. വീണ്ടും കയറി. ഇന്ത്യൻ വിപണി രാവിലെ കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 59,938 വരെയും നിഫ്റ്റി 17,856 വരെയും താഴ്ന്ന ശേഷം അൽപം തിരിച്ചു കയറിയാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 631.83 പോയിന്റ് (1.04%) നഷ്ടത്തിൽ 60,115.48 ലും നിഫ്റ്റി 187.05 പോയിന്റ് (1.03%) നഷ്ടത്തിൽ 17,914.15 ലും ക്ലാേസ് ചെയ്തു. മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ അരശതമാനം വീതമേ താഴ്ന്നുള്ളു.
വാഹനങ്ങളും ഹെൽത്ത് സർവീസസും മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയ മേഖലകൾ. ബാങ്ക്, ധനകാര്യ, ഐടി, മെറ്റൽ കമ്പനികൾക്കു വലിയ ക്ഷീണമായി.
വിപണി കരടികളുടെ നിയന്ത്രണത്തിലായി എന്നു തോന്നിക്കുന്ന വിധമാണു സൂചികകൾ എത്തി നിൽക്കുന്നത്. നിഫ്റ്റിക്ക് 17,865 ലും 17,695 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 18,070 ലും 18,235 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ ഇന്നലെ 2109.34 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1806.62 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിൽ വില ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടർന്നു. എന്നാൽ ഇന്നു രാവിലെ വില കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് 80.1 ഡോളറിലേക്കുയർന്നു.
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുകയാണ്. ചെമ്പ് 8766 ഡോളറിലേക്കും അലൂമിനിയം 2464 ഡോളറിലേക്കും ഉയർന്നു. മറ്റു ലോഹങ്ങളും ചെറിയ കയറ്റം കാണിച്ചു.
സ്വർണം ആവേശപൂർവം ഉയർന്നു നിൽക്കുന്നു. ഇന്നലെ 1881 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ 1873-1875 ലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 41,160 രൂപയായി. രൂപ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഡോളർ 58 പൈസ നഷ്ടത്തിൽ 81.78 രൂപയിൽ ക്ലോസ് ചെയ്തു. രണ്ടു ദിവസം കൊണ്ടു ഡോളറിന് 100 പൈസ കുറഞ്ഞു.
ഡോളർ സൂചിക ഇന്നലെ 103.24 ലാണു ക്ലോസ് ചെയ്തത്. ഇന്നു 103.22-നും 103.27 നും ഇടയിലാണു സൂചിക കയറിയിറങ്ങുന്നത്.
മാന്ദ്യത്തിനടുത്താകും ലോകമെന്നു ലോകബാങ്ക്
ആഗാേള വളർച്ച ഈ വർഷം 1.7 ശതമാനം മാത്രമായിരിക്കുമെന്നു ലോകബാങ്ക് വിലയിരുത്തി. കഴിഞ്ഞ വർഷം 2.9 ശതമാനം വളർന്നെന്നാണു നിഗമനം. മാന്ദ്യത്തിനു സമീപസ്ഥമായ നിലയിലാണ് ലോകം എന്ന് ഗ്ലോബൽ ഇക്കണാേമിക് പ്രോസ്പെക്ട്സ് റിപ്പോർട്ടിൽ ബാങ്ക് പറയുന്നു.
ഇന്ത്യ 2022-23 -ൽ 6.9 ശതമാനം വളരുമെന്നു കണക്കാക്കുന്ന ബാങ്ക് 2023-24 -ൽ 6.6 ശതമാനവും അടുത്ത വർഷം 6.1 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. ആഗാേള പ്രശ്നങ്ങളുടെ ആഘാതം ഇന്ത്യയിൽ കുറവായിരിക്കുമെന്നു ബാങ്ക് പറയുന്നു. വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൂടിയ വളർച്ച ഇന്ത്യയുടേതാകുമെന്നാണു നിഗമനം.
2022-ൽ 1.9 ശതമാനം വളർന്ന യുഎസ് ഇക്കാെല്ലം 0.5 ശതമാനമേ വളരൂ. 2024 -ൽ 1.6 ശതമാനം വളരാം. യൂറോ മേഖല ഈ വർഷം വളച്ചയില്ലാത്ത നിലയിലാകാം. അടുത്ത വർഷം 1.6 ശതമാനം വളരും.
കഴിഞ്ഞ വർഷം 2.7 ശതമാനം മാത്രമാണു ചൈന വളർന്നതെന്ന് ലോകബാങ്ക് കരുതുന്നു. ഇക്കൊല്ലം 4.3 ശതമാനമാണു പ്രതീക്ഷ. 2024-ൽ അഞ്ചു ശതമാനത്തിലേക്കു കയറാം എന്നാണു ലോകബാങ്ക് വിലയിരുത്തൽ.