വിലക്കയറ്റത്തിൽ ആശ്വാസം; നിരക്കു വർധനയുടെ തോത് കുറയും; വിപണികൾ ആവേശം കാണിക്കുന്നില്ല; സ്വർണവും ക്രൂഡും കയറ്റത്തിൽ; ഡോളറിനു ക്ഷീണം
ആശ്വാസ സൂചനകളോട് വിപണിയുടേത് തണുപ്പൻ പ്രതികരണമോ? സ്വർണം കുതിപ്പിൽ, ഇനി ലക്ഷ്യം 2000 ഡോളർ. വിലക്കയറ്റം കുറയുന്നു, റീപോ വർധന കുറയും
വിപണിക്ക് കയറ്റത്തിനു പറ്റിയ സാഹചര്യം ആയി. വിലക്കയറ്റ നിരക്ക് കുറഞ്ഞു. വ്യവസായ ഉൽപാദന സൂചിക ഉയർന്നു. കമ്പനികൾ നല്ല ലാഭ വർധന കാണിച്ചു. യുഎസ് വിലക്കയറ്റവും താഴേക്കു നീങ്ങി. ഓഹരികൾ ഉയർന്നു. പലിശയെ ചൊല്ലിയുള്ള ആശങ്ക കുറഞ്ഞു. ഡോളർ നിരക്ക് ഇടിഞ്ഞു. ലോഹങ്ങൾക്കും ക്രൂഡ് ഓയിലിനും വില കയറി. പക്ഷേ വിപണി അധിക ആവേശം കാണിക്കാനിടയില്ല.
ചാഞ്ചാട്ടങ്ങൾക്കു ശേഷം നേരിയ താഴ്ചയിലാണ് ഇന്നലെ ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. ജപ്പാനും ചൈനയുമടക്കം ഏഷ്യൻ വിപണികൾ നേരിയ ഉയർച്ച കാണിച്ചു. യൂറോപ്പിൽ ഒരു ശതമാനത്തിൽ താഴ്ന്ന നേട്ടമാണുണ്ടായത്.
യുഎസ് വിപണി തുടക്കത്തിൽ താഴോട്ടു പോയെങ്കിലും പിന്നീടു ക്രമമായി ഉയർന്ന് 0.64 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. വിലക്കയറ്റവും പലിശയും സംബന്ധിച്ച വിപണിയുടെ നിഗമനങ്ങൾ ശരിയായെങ്കിലും അതിന്റെ ആവേശമൊന്നും കാണിച്ചില്ല. കഴിഞ്ഞ കുറേ ദിവസങ്ങളിൽ വിപണി ഇതു പ്രതീക്ഷിച്ചു നേട്ടമുണ്ടാക്കിയതാകാം കാരണം.
യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഓസ്ട്രേലിയൻ വിപണി ഉയർന്നു വ്യാപാരമാരംഭിച്ചു. ഏഷ്യൻ വിപണികൾ നേട്ടത്തിൽ വ്യാപാരം തുടങ്ങി. എന്നാൽ ജപ്പാനിലെ നിക്കെെ സൂചിക ഒന്നേകാൽ ശതമാനം താഴ്ചയിലാണ്. ചൈനീസ് മാർക്കറ്റ് ചെറിയ നേട്ടം കാണിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,918-ൽ ക്ലോസ് ചെയ്ത ശേഷം 17,990 വരെ ഉയർന്നു. ഇന്നു രാവിലെ സൂചിക 18,018 ലേക്കു കയറിയിട്ട് 17,950 ലേക്കു താഴ്ന്നു.. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതൽ താഴ്ചയിലായിരുന്നു. ഒരവസരത്തിൽ സെൻസെക്സ് 465 ലധികം പോയിന്റ് നഷ്ടത്തിൽ ആയി. പിന്നീടു തിരിച്ചു കയറിയാണു നാമമാത്ര നഷ്ടത്തിൽ അവസാനിച്ചത്. സെൻസെക്സ് 147.47 പോയിന്റ് (0.25%) നഷ്ടത്തിൽ 59,958.03-ലും നിഫ്റ്റി 37.5 പോയിന്റ് (0.21%) നഷ്ടത്തിൽ 17,858.2 ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ് ക്യാപ് സൂചിക 0.3 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക മാറ്റമില്ലാതെ ക്ലോസ് ചെയ്തു. മീഡിയ, ഐടി, റിയൽറ്റി, ഓട്ടോ മേഖലകൾ മാത്രമേ ഇന്നലെ നേട്ടമുണ്ടാക്കിയുള്ളു. ഓയിൽ - ഗ്യാസ്, ബാങ്ക്, എഫ്എംസിജി തുടങ്ങിയവ വലിയ നഷ്ടം കാണിച്ചു.
വിദേശനിക്ഷേപകർ ഇന്നലെ 1662.63 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2127.65 കോടിയുടെ ഓഹരികൾ വിറ്റു. നിഫ്റ്റിക്ക് ഇന്ന് 17,785 ലും 17, 670 ലും പിന്തുണ ഉണ്ട്. ഉയരുമ്പോൾ 17,925-ലും 18,035 ലും തടസം വരാം.
ക്രൂഡ് ഓയിൽ 84 ഡോളറിൽ
ക്രൂഡ് ഓയിൽ കയറ്റം തുടർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് 83.7 ഡോളർ വരെ കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 84.1 ഡോളർ ആയി. ഇനിയും ഉയരുമെന്നാണു സൂചന. മാന്ദ്യം ഉണ്ടാകില്ലെന്ന സൂചന വിലയെ 100 ഡോളറിനു മുകളിൽ എത്തിക്കുമെന്നാണ് അഭ്യൂഹം.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നീങ്ങുന്നു. ചെമ്പ് ഒരു ശതമാനം നേട്ടത്തോടെ 9071 ഡോളറിൽ എത്തി. ഏഴു മാസത്തിനു ശേഷമാണ് 9000 ഡോളറിനു മുകളിൽ ചെമ്പ് ക്ലോസ് ചെയ്യുന്നത്. അലൂമിനിയം രണ്ടു ശതമാനത്താേളം കയറി 2542 ഡോളറായി. സിങ്ക്, ടിൻ, ലെഡ് തുടങ്ങിയവയും ഉയർന്നു. നിക്കൽ നാലു ശതമാനം താണ് 26,450 രൂപയായി.
സ്വർണം കുതിപ്പിൽ, ഇനി ലക്ഷ്യം 2000 ഡോളർ
പലിശവർധന മന്ദഗതിയിലാകുമെന്ന സൂചന സ്വർണത്തെ 1900 ഡോളറിലേക്കു കയറ്റി. 1873 ൽ നിന്ന് 1903.2 ഡോളർ വരെയാണ് സ്വർണവില ഇന്നലെ നീങ്ങിയത്. ഇന്നു രാവിലെ 1897-1899 ഡോളറിലാണു വ്യാപാരം. വില ഇനിയും കയറുമെന്നാണു സൂചന. മാർച്ചിനകം സ്വർണം ഔൺസിന് 2000-2300 ഡോളറിലേക്ക് കുതിക്കുമെന്നു സ്വർണ ബുള്ളുകൾ കണക്കാക്കുന്നു.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 80 രൂപ വർധിച്ച് 41,120 രൂപയായി. സ്വർണക്കുതിപ്പിനെ പിഞ്ചെന്നു ഗൂഢ കറൻസികളും കയറ്റത്തിലായി. ബിറ്റ്കോയിൻ 17,400 ഡോളറിൽ നിന്ന് 19,060 വരെ കയറി.
രൂപ ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. ഡോളർ മൂന്നു പൈസ താണ് 81.55 രൂപയായി. ഇന്നു വീണ്ടും ഡോളർ നിരക്ക് താഴാം. ഡോളർ സൂചിക ഇന്നലെ 102.25 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 102.2 നടുത്താണു സൂചിക.
വിലക്കയറ്റം കുറയുന്നു, റീപോ വർധന കുറയും
ഇന്ത്യയിൽ ഡിസംബറിലെ ചില്ലറ വിലക്കയറ്റം 5.72 ശതമാനത്തിലേക്കു താണു. ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പച്ചക്കറി വിലയിലെ ഇടിവാണു വിലക്കയറ്റത്തോതു കുറയാൻ സഹായിച്ചത്. ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാൽ, മുട്ട തുടങ്ങിയവയുടെ വില ഉയർന്നു തുടരുന്നു. ഗ്രാമമേഖലയിലെ വിലക്കയറ്റം (6.05 ശതമാനം) നഗരങ്ങളിലേതിലും (5.39%) വളരെ ഉയർന്നു നിൽക്കുന്നു എന്നെ വൈരുധ്യവും കണക്കുകൾ കാണിക്കുന്നു.
വിലക്കയറ്റ നിരക്ക് കുറഞ്ഞെങ്കിലും അടുത്ത മാസം റിസർവ് ബാങ്ക് റീപോ നിരക്ക് അൽപം കൂട്ടും എന്നു തന്നെയാണു നിരീക്ഷകർ കരുതുന്നത്. ഇപ്പോൾ 6.25 ശതമാനമാണു റീപോ നിരക്ക്. ഇത് 6.5 ശതമാനമാക്കും എന്നാണു നിഗമനം.
യുഎസിലും ശമനം
അമേരിക്കയിൽ ഡിസംബറിലെ ചില്ലറ വിലക്കയറ്റം 6.5 ശതമാനമായി കുറഞ്ഞു. നവംബറിൽ 7.1 ശതമാനമായിരുന്നു. പ്രതിമാസ ഇടിവ് 0.1 ശതമാനമാണ്. നവംബറിൽ പ്രതിമാസ വില 0.1 ശതമാനം കയറിയതാണ്. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റത്തിലും കുറവുണ്ട്. ഫെബ്രുവരി ഒന്നിനു ഫെഡറൽ റിസർവിന്റെ എഫ്ഒഎംസി യോഗം പലിശ നിരക്ക് 4.25 ൽ നിന്നു 4.5 ശതമാനമായി കൂട്ടുമെന്നാണ് ഇപ്പോഴത്തെ നിഗമനം. നേരത്തേ 4.75 ശതമാനമാക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
വ്യവസായ ഉൽപാദനം കുതിച്ചു
നവംബറിലെ വ്യവസായ ഉൽപാദന സൂചിക 7.1 ശതമാനം ഉയർന്നു. അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനയാണിത്. ഒക്ടോബറിൽ 4.2 ശതമാനം ചുരുങ്ങിയതാണ്. നവംബറിലെ ഉയർച്ച ഡിസംബറിൽ തുടരാനിടയില്ലെന്നാണു നിരീക്ഷകർ കരുതുന്നത്.
ഇൻഫി, എച്ച്സിഎൽ റിസൽട്ട് മെച്ചം
ഇന്നലെ ഇൻഫോസിസ് ടെക്നോളജീസും എച്ച്സിഎൽ ടെക്കും പുറത്തുവിട്ട മൂന്നാം പാദ റിസൽട്ടുകൾ പ്രതീക്ഷയിലും മികച്ചതായി. ഇൻഫി വരുമാനം 20.2 ശതമാനവും അറ്റാദായം 13.4 ശതമാനവും വർധിച്ചു. ഭാവി വരുമാന പ്രതീക്ഷ അൽപം വർധിപ്പിച്ചെങ്കിലും ആവേശകരമല്ല. നാലാം പാദത്തിൽ കാര്യമായ വളർച്ച ഇൻഫി പ്രതീക്ഷിക്കുന്നില്ല. മൂന്നാം പാദത്തിൽ കേവലം 1627 പേരെയേ കമ്പനി അധികമായി ജോലിക്കെടുത്തുള്ളു എന്നതും ശ്രദ്ധേയമായി. എച്ച്സിഎൽ വരുമാനം 19.6 ശതമാനവും അറ്റാദായം 9.5 ശതമാനവും വർധിച്ചു. കമ്പനിയും ഭാവി പ്രതീക്ഷ നാമമാത്രമായേ വർധിപ്പിച്ചുള്ളു.