അനിശ്ചിതത്വം തുടരുന്നു; ഏഷ്യൻ വിപണികൾ തകർച്ചയിൽ; വിലക്കയറ്റ കണക്കിൽ ആശ്വാസമില്ല; യുഎസ് ബാങ്കുകൾക്കു വീണ്ടും ഇടിവ്

ഇന്ത്യയിലെ ചില്ലറ വിലക്കയറ്റത്തിന്റെ കണക്ക് ഒട്ടും ആശ്വാസം പകർന്നില്ല. ഇന്നു യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് വരും. സ്വർണവില വീണ്ടും കയറി. ക്രിപ്റ്റോ കറൻസികൾ തിങ്കളാഴ്ച വലിയ കുതിപ്പിലായി.

Update:2023-03-14 08:20 IST

വിപണികൾ അനിശ്ചിതത്വത്തിലാണ്. യുഎസ് ബാങ്കിംഗ് പ്രതിസന്ധി വ്യാപകമാകുമോ എന്ന ആശങ്ക ഒരു വശത്ത്. സാഹചര്യങ്ങൾ മാറിയതിനാൽ യുഎസ് ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും പലിശവർധന മാറ്റിവച്ചേക്കും എന്ന പ്രതീക്ഷ മറുവശത്ത്. ഇതിനിടയിലാണു വിപണി ദിശാബോധം തേടുന്നത്.

ഇന്നു രാവിലെ ഏഷ്യൻ -ഓസീസ് വിപണികൾ വലിയ താഴ്ചയിലാണ്. യുഎസിലെ ഫ്യൂച്ചേഴ്സിൽ നാസ്ഡാക് അൽപം ഉയർന്നെങ്കിലും മറ്റു സൂചികകൾ താഴ്ന്നു. ഇന്നലെ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റത്തിന്റെ കണക്ക് പുറത്തുവന്നത് ഒട്ടും ആശ്വാസം പകർന്നില്ല. ഇന്നു യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് വരും.

വിപണികൾ 

തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ നീങ്ങി. ജാപ്പനീസ് വിപണി ഇടിഞ്ഞു. എന്നാൽ ചൈന നല്ല നേട്ടത്തിലായിരുന്നു. പുതിയ ധനകാര്യ ഭരണ നേതൃത്വത്തെപ്പറ്റി വിപണിക്കു നല്ല അഭിപ്രായമാണെന്നു സൂചികകളുടെ കയറ്റം കാണിച്ചു.

യൂറോപ്പിൽ വിപണികൾ കുത്തനേ വീണു. മുഖ്യ സൂചികകൾ രണ്ടര മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു. ക്രെഡിറ്റ് സ്വീസിനെപ്പറ്റി ആശങ്ക പടർന്നത് മൊത്തം ബാങ്ക് ഓഹരികളെ താഴ്ത്തി.

യുഎസ് വിപണികൾ ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. തുടക്കത്തിൽ ഉയർന്നിട്ടു സാവധാനം താഴ്ചയിലായി. ഡൗ ജോൺസ് 0.28 ശതമാനം താഴ്ന്നപ്പാേൾ എസ് ആൻഡ് പി 0.15 ശതമാനം കുറഞ്ഞു. തുടക്കം മുതൽ നേട്ടത്തിലായിരുന്ന നാസ്ഡാക് 0.45 ശതമാനം കയറ്റത്തോടെ ക്ലോസ് ചെയ്തു.

ഇന്നു യുഎസ് ഫ്യൂച്ചേഴ്സൽ ഡൗ 0.28 ശതമാനം താണു. എസ് ആൻഡ് പി 0.15 ശതമാനം താഴ്ന്നു. നാസ്ഡാക് 0.45 ശതമാനം കയറി.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ വീണ്ടും വലിയ താഴ്ചയിലാണ്. ജാപ്പനീസ് വിപണി തുടക്കത്തിൽ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. കൊറിയൻ, തായ് വാനീസ് വിപണികളും ഇടിവിലാണ്. ഓസ്ട്രേലിയൻ വിപണി 2.15 ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക അര ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. ഷാങ്ഹായ് സൂചികയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച ഒന്നാം സെഷനിൽ 17,179 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,176 ലും. ഇന്നു രാവിലെ സൂചിക 17,218 ലേക്കു കയറി. പിന്നീടു താണു. ഇന്ത്യൻ വിപണിയുടെ തുടക്കം ഇന്ന് ദുർബല നേട്ടത്തിലാകുമെന്നാണ് ഇതിലെ സൂചന.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ച തുടക്കത്തിൽ ഉയർന്നെങ്കിലും പിന്നീടു കുത്തനേ വീണു. സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനത്താേളം ഇടിഞ്ഞു. സെൻസെക്സ് 897.28 പോയിന്റ് (1.52%) ഇടിഞ്ഞ് 58,237.85ലും നിഫ്റ്റി 258.60 പോയിന്റ് (1.49%) താഴ്ന്ന് 17,154.3ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.99 ഉം സ്മോൾ ക്യാപ് സൂചിക 2.23 ഉം ശതമാനം താഴെയായി.

എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. ബാങ്കുകളും ധനകാര്യ കമ്പനികളും വാഹനങ്ങളും മീഡിയയും റിയൽറ്റിയും നഷ്ടത്തിനു മുന്നിൽ നിന്നു.

ഇൻഫോസിസിൽ നിന്നു വരുന്ന മാെഹിത് ജോഷിയെ എംഡിയും സിഇഒയും ആയി നിയമിക്കുമെന്ന പ്രഖ്യാപനം ടെക് മഹീന്ദ്ര ഓഹരിയെ10 ശതമാനത്തോളം ഉയർത്തി. ഇൻഫോസിസ് ഓഹരി ഇന്നലെ അൽപം താണു.

അദാനി ഗ്രൂപ്പിലെ ആറു കമ്പനികൾ ഇന്നലെ താഴ്ന്നു. നാലെണ്ണം കയറി.

വിപണി കൂടുതൽ ബെയറിഷ് ആയിട്ടുണ്ട്. 17,000 നു താഴെയുള്ള സപ്പോർട്ട് ലെവലുകളാണു നിഫ്റ്റി ഇപ്പാേൾ നോക്കുന്നത്. ഇന്നു നിഫ്റ്റിക്ക് 17,105 ലും 16,850 ലും ആണു സപ്പോർട്ട്. 17,425 ലും 17,680 ലും തടസങ്ങൾ ഉണ്ടാകാം.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച 1546.86 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1418.58 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡിന്റെ വില 80.42 ഡോളറിൽ ക്ലോസ് ചെയ്തു.

വ്യാവസായിക ലോഹങ്ങളുടെ വില താഴ്ന്നു. ചെമ്പ് 1.16 ശതമാനം കുറഞ്ഞു ടണ്ണിന് 8651 ഡോളറിലായി. മാർച്ച് ഒന്നിന് 9066 ഡോളർ ഉണ്ടായിരുന്നത് 4.5 ശതമാനം താഴെയെത്തി. അലൂമിനിയം 1.11 ശതമാനം കയറി 2335 ഡോളർ ആയി. സിങ്ക്, നിക്കൽ എന്നിവ വീണ്ടും താഴ്ന്നു.

സ്വർണവില 

സ്വർണവില വീണ്ടും കയറി 1900 ഡോളറിനു മുകളിൽ എത്തി. ഇന്നലെ 1916 വരെ കയറിയിട്ട് അൽപം താഴ്ന്നു. 1911-1913 ഡോളറിലാണ് രാവിലെ സ്വർണവ്യാപാരം. പലിശ വർധനയുടെ സാധ്യത കുറഞ്ഞപ്പോൾ ഡോളർ വില താഴുന്നതും ബാങ്കുകളുടെ ദൗർബല്യവും സ്വർണത്തിനു കരുത്തായി.

വില ഔൺസിനു 2000 ഡോളർ കടക്കുമെന്നു പലരും കരുതുന്നു.കേരളത്തിൽ ഇന്നലെ പവന് 240 രൂപ കയറി 41,960 രൂപയിലെത്തി. ഇന്നു വില വീണ്ടും ഉയർന്നേക്കും.

ക്രിപ്റ്റോ കറൻസികൾ തിങ്കളാഴ്ച വലിയ കുതിപ്പിലായി. ബിറ്റ് കോയിൻ 24 മണിക്കൂറിൽ 24 ശതമാനം ഉയർന്ന് 24,600 ഡോളർ കടന്നു. ക്രിപ്‌റ്റോ ഫണ്ടുകളിൽ നിന്നു നിക്ഷേപം പിൻവലിക്കാൻ തിരക്ക് കൂടുകയും ക്രിപ്റ്റോകളുമായി ബന്ധപ്പെട്ട രണ്ടു ബാങ്കുകൾ തകരുകയും ചെയ്തിട്ടും വില കയറിപ്പോകുന്നത് വിശദീകരണമില്ലാത്ത കാര്യമാണ്.

രൂപ വെള്ളിയാഴ്ച ദുർബലമായി. രാവിലെ നേട്ടത്തിലായിരുന്നിട്ട് ഉച്ചയ്ക്കു ശേഷമാണ് തിരിച്ചടി നേരിട്ടത്. ഡോളറിന് എട്ടു പൈസ കൂടി 82.12 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക രാത്രി 103.6 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.75 ലേക്കു കയറി.

യുഎസ് പലിശ ഇനിയും കൂട്ടുമോ?


ബാങ്കു പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് ഫെഡ് അടുത്തയാഴ്ചത്തെ യോഗത്തിൽ പലിശവർധന ഒഴിവാക്കും എന്നു പലരും കരുതുന്നു. 50 ബേസിസ് പോയിന്റ് വർധനയാണ് കഴിഞ്ഞയാഴ്ച എല്ലാവരും കണക്കുകൂട്ടിയിരുന്നത്. ജൂൺ അവസാനത്തോടെ കുറഞ്ഞ പലിശ ആറു ശതമാനമാകും എന്നും കരുതി. പുതിയ സാഹചര്യത്തിൽ ഗോൾഡ്മാൻ സാക്സ് പറയുന്നത് ഇങ്ങനെ: അടുത്തയാഴ്ച നിരക്ക് കൂട്ടില്ല. മേയ്, ജൂൺ, ജൂലെെ മാസങ്ങളിൽ 25 ബേസിസ് പോയിന്റ് വീതം കൂട്ടും.

മറ്റു ചിലർ അടുത്തയാഴ്ച 25 ബേസിസ് പോയിന്റ് വർധന പ്രതീക്ഷിക്കുന്നു. ജൂൺ അവസാനം 5.25-5.5 ശതമാനമാണ് ഇപ്പാേഴത്തെ നിഗമനം. ഒപ്പം ഓഗസ്റ്റ് മുതൽ നിരക്ക് കുറയ്ക്കും എന്ന നിഗമനവും ഉയർന്നു വരുന്നുണ്ട്. ഇനിയും പലിശ വർധിപ്പിക്കുന്നത് മാന്ദ്യം വിളിച്ചു വരുത്തലാകുമെന്നു വിമർശിക്കുന്നവരും കുറവല്ല.

ഇന്നു പുറത്തു വരുന്ന ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റ കണക്ക് പലിശ കാര്യത്തിൽ നിർണായകമാണ്. വിലക്കയറ്റത്തിന്റെ തോത് ജനുവരിയിലെ 6.4 ൽ നിന്ന് ആറു ശതമാനമായി കുറഞ്ഞിട്ടുണ്ടാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

യൂറോപ്യൻ കേന്ദ്ര ബാങ്ക് വ്യാഴാഴ്ച പലിശ നിരക്ക് വർധിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 50 ബേസിസ് പോയിന്റ് വർധന നേരത്തേ കണക്കാക്കിയിരുന്നതാണ്. മാറിയ സാഹചര്യത്തിൽ 25 ബേസിസ് പോയിന്റ് വർധനയാണു പ്രതീക്ഷ.


ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം കുറഞ്ഞില്ല


ഫെബ്രുവരിയിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം നാമമാത്ര കുറവ് മാത്രമേ കാണിച്ചുള്ളൂ. ജനുവരിയിലെ 6.52-ൽ നിന്ന് 6.44 ശതമാനത്തിലേക്ക്. റിസർവ് ബാങ്കിന്റെ സഹന പരിധിയായ ആറു ശതമാനത്തിലേക്കു വിലക്കയറ്റം താഴുന്നില്ല. ഇന്ധന-ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.1 ശതമാനമായി തുടർന്നു.

മാർച്ചിൽ ചില്ലറ വിലക്കയറ്റം ആറു ശതമാനത്തിനു താഴെയാകുമെന്നാണു വിദഗ്ധർ പറയുന്നത്. എങ്കിലും ജനുവരി - മാർച്ച് പാദത്തിലെ വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലായിരിക്കും.

ഈ സാഹചര്യം റീപോ നിരക്ക് കാൽ ശതമാനം വർധിപ്പിക്കാൻ റിസർവ് ബാങ്കിന്റെ പണനയ സമിതിയെ പ്രേരിപ്പിക്കുമെന്നു പലരും കരുതുന്നു. ഏപ്രിലിലാണു പണനയ സമിതി ഇനി ചേരുക.


യുഎസ് ബാങ്കുകൾക്കു വീണ്ടും ഇടിവ് 


യുഎസിലെ ചെറുകിട ബാങ്ക് ഓഹരികൾ ഇന്നലെയും ഗണ്യമായി ഇടിഞ്ഞു. കലിഫോർണിയയിലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ ഓഹരികൾക്ക് 62 ശതമാനമാണു തകർച്ച. ജെപി മോർഗൻ ചേസ് ബാങ്കിന്റെ 7000 കോടി ഡോളർ സഹായം ഈ ബാങ്കിനു ലഭിചിട്ടു പോലും വില ഇടിഞ്ഞു.

പാക് വെസ്റ്റ് ബാങ്കോർപ്, സയൺസ് ബാങ്ക്‌കോർപറേഷൻ, റീജിയൺസ് ഫിനാൻഷ്യൽ, വെസ്റ്റേൺ അലയൻസ് തുടങ്ങിയവയ്ക്ക് 20 മുതൽ 47വരെ ശതമാനം ഇടിവുണ്ടായി.

ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ, സിറ്റി ഗ്രൂപ്പ് തുടങ്ങിയ വമ്പൻ ബാങ്കുകളുടെ ഓഹരികളും ഇന്നലെ താഴ്ചയിലായിരുന്നു.

Tags:    

Similar News