വിപണി കുതിപ്പ് തുടരുമോ? അനിശ്ചിതത്വം വീണ്ടും; പലിശ നിലവാരം ഉയരുമെന്നു ഭീതി
ഓഹരി വിപണിയിൽ വീണ്ടും കാർമേഘങ്ങൾ. പലിശ വർധന ഇനിയും തുടർന്നേക്കും
വിപണികൾ വീണ്ടും അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ഇന്നലെ യുഎസ് വിപണി ചെറിയ താഴ്ചയിലാണ് അവസാനിച്ചതെങ്കിലും അന്തർധാര ദുർബലമാണ്. യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയോളം താഴാത്തത് പലിശനിരക്ക് കൂടുതൽ ഉയരുമെന്നു സൂചിപ്പിക്കുന്നു. ഉയർന്ന നിരക്ക് 2024 ന്റെ ആദ്യപാദത്തിലേക്കു നീണ്ടു നിൽക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ പ്രതികരണം ഇന്നു യുഎസ് ഫ്യൂച്ചേഴ്സിൽ കാണാം.
ഇന്നലെ വലിയ കുതിപ്പ് നടത്തിയ ഇന്ത്യൻ വിപണി സെൻസെക്സിനെ 61,000 -നു മുകളിൽ എത്തിച്ചു. കുതിപ്പ് ഇന്നു തുടരാനുള്ള സാധ്യത കുറവാണ്.
ചില്ലറ വിലക്കയറ്റവും മാറ്റങ്ങളും
യൂറോപ്യൻ വിപണികൾ ഇന്നലെ സമ്മിശ്ര ചിത്രമാണു നൽകിയത്. ചില സൂചികകൾ നേരിയ ഉയർച്ചയിൽ അവസാനിച്ചു. ചിലതു നേരിയ താഴ്ചയും കാണിച്ചു.
ചില്ലറ വിലക്കയറ്റത്തിലെ കുതിച്ചുചാട്ടം യുഎസ് വിപണിയിൽ ചാഞ്ചാട്ടങ്ങൾക്കു വഴിതെളിച്ചു. സൂചികകൾ ഭിന്ന ദിശകളിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് സൂചിക 0.46 ശതമാനവും എസ് ആൻഡ് പി 0.03 ശതമാനവും താഴ്ന്നു. നാസ്ഡാക് 0.57 ശതമാനം ഉയർന്നു. ടെസ്ല, എൻവിഡിയ എന്നിവയുടെ കുതിപ്പിലാണ് നാസ്ഡാക് ഉയർന്നത്.
യു എസ ഫ്യൂച്ചേഴ്സ്
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വീണ്ടും താഴ്ചയിലാണ്. ഡൗ 0.21 ശതമാനവും നാസ്ഡാക് 0.30 ശതമാനവും താഴ്ന്നു. മിക്ക ഏഷ്യൻ വിപണികളും ഇന്നു രാവിലെ നഷ്ടത്തിലാണ്. എന്നാൽ ജപ്പാനിലെ നിക്കെെ ഉയർന്നു. കൊറിയയിലെ കോസ്പി താഴ്ചയിൽ വ്യാപാരം തുടങ്ങി. ഓസ്ട്രേലിയൻ വിപണി മുക്കാൽ ശതമാനം താഴ്ന്നു. ചൈനീസ് വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,927 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,950 -ലേക്കു കയറി. ഇന്നു രാവിലെ സൂചിക 17,948-ൽ ഓപ്പൺ ചെയ്ത ശേഷം 17,900-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങുമെന്നാണ് സൂചന.
സെൻസെക്സും നിഫ്റ്റിയും
സെൻസെക്സ് ഇന്നലെ 600.26 പോയിന്റ് (0.99%) കുതിച്ച് 61,032.26ലും നിഫ്റ്റി 158.95 പോയിന്റ് (0.89%) ഉയർന്ന് 17,929.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.27 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4 ശതമാനവും താഴ്ന്നാണു ക്ലോസ് ചെയ്തത്.
നിഫ്റ്റിക്ക് 17,835 ലും 17,740 ലും സപ്പോർട്ട് ഉണ്ട്. 17,955 ലും 18,050 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ തുടർച്ചയായ മൂന്നാം ദിവസവും വാങ്ങലുകാരായി. ഇന്നലെ 1305.3 കോടിയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകളും വാങ്ങലുകാരായിരുന്നു. 204.79 കോടിയുടെ ഓഹരികൾ അവർ വാങ്ങി.
അദാനി എന്റർപ്രൈസസ് ലാഭത്തിലേക്കു മാറിയത് ആ ഓഹരിയെ ഒരവസരത്തിൽ എട്ടു ശതമാനം ഉയരത്തിലെത്തിച്ചു. എന്നാൽ രണ്ടു ശതമാനത്തിൽ താഴെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസ് ഇന്നലെ രണ്ടു ശതമാനത്തിലധികം ഉയർന്നു. ഓഹരിവില 3100 എത്തുമെന്നു ചില ബ്രോക്കറേജുകൾ വിലയിരുത്തിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. 85.24 ഡോളറിലാണു ബ്രെന്റ് ഇനം ക്ലോസ് ചെയ്തത്.
സ്വർണം
വ്യാവസായിക ലോഹങ്ങൾ ചെറിയ ഉയർച്ച കാണിച്ചു. ചെമ്പ് ടണ്ണിന് 8931 ഡോളറിലും അലൂമിനിയം 2417 ഡോളറിലും ക്ലോസ് ചെയ്തു. നിക്കൽ, സിങ്ക്, ലെഡ് തുടങ്ങിയവയും ഉയർന്നു. ടിൻ താണു.
സ്വർണം ഇന്നലെ കയറിയിറങ്ങി. വിലക്കയറ്റ കണക്കു വന്നപ്പോൾ 1872 ഡോളറിൽ നിന്നു കുത്തനേ താണെങ്കിലും താമസിയാതെ തിരിച്ചു കയറി. പിന്നീടു താണ് 1854 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ1855-1857 ഡോളറിലേക്കു താഴ്ന്നാണു വ്യാപാരം.
കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 41,920 രൂപ ആയി. വെള്ളിവില 22 ഡോളറിനു താഴെ തുടരുന്നു. രൂപയ്ക്ക് ഇന്നലെ നഷ്ടമായിരുന്നു. ഡോളർ നിരക്ക് അഞ്ചു പൈസ വർധിച്ച് 82.77 രൂപയായി. ഡോളർ സൂചിക ഇന്നലെ 103.5 വരെ കയറിയിട്ട് 103.27 ലേക്കു താണു.
യുഎസ് വിലക്കയറ്റം പ്രതീക്ഷിച്ചതിലേറെ
അമേരിക്കയിൽ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലധികം വർധിച്ചു. എങ്കിലും ചിലർ ആശങ്കപ്പെട്ടിടത്തോളം വന്നില്ല. ജനുവരിയിൽ 6.4 ശതമാനമായി വിലക്കയറ്റം. 6.2 ശതമാനമായിരുന്നു പ്രതീക്ഷ. ഡിസംബറിൽ 6.5 ശതമാനം വർധിച്ചതാണ്. ഭക്ഷ്യ - ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.6 ശതമാനമായി.
യുഎസ് ഫെഡ് പലിശ നിരക്ക് വർധിപ്പിക്കുന്നതു തുടരും എന്നതാണ് ഉയർന്ന വിലക്കയറ്റത്തിന്റെ ഫലം. കഴിഞ്ഞ ജൂണിൽ 9.1 ശതമാനം എത്തിയ ചില്ലറ വിലക്കയറ്റം പിന്നീട് ഓരോ മാസവും കുറഞ്ഞു വന്നു. എങ്കിലും യുഎസ് ഫെഡ് ലക്ഷ്യമിട്ടിട്ടുള്ള രണ്ടു ശതമാനത്തിലേക്ക് ഉടനെ എത്തുന്ന സൂചന ലഭിച്ചിട്ടില്ല. ഏണസ്റ്റ് ആൻഡ് യംഗിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഗ്രിഗറി ഡാകോ കണക്കാക്കുന്നത് ഈ വർഷാവസാനം ചില്ലറ വിലക്കയറ്റം 2.3 ശതമാനം ആകുമെന്നാണ്.