വിപണികൾ ആശ്വാസത്തിൽ; യുഎസ് വിപണികൾ ഉയർന്നു; ബാങ്കിംഗിൽ നില ശാന്തം; ക്രൂഡ് ഓയിൽ താഴോട്ട്
ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ് കോയിൻ 25,000 ഡോളർ കടന്നിട്ട് അൽപം താണു. രൂപ ഇന്നലെയും ദുർബലമായി.
തുടർച്ചയായി നാലു ദിവസം താഴാേട്ടു പോയ വിപണി ഇന്നു തിരിച്ചു കയറാമെന്ന പ്രതീക്ഷയോടെയാണു വ്യാപാരം തുടങ്ങുക. യുഎസ് ബാങ്കിംഗ് മേഖലയിൽ നിന്നു മോശമായ വാർത്തകൾ ഒന്നും വരാത്തത് പ്രതീക്ഷയ്ക്കു വഴി തെളിച്ചു. ദിവസങ്ങൾക്കു ശേഷം ഇന്നലെ യൂറോപ്യൻ, യുഎസ് വിപണികൾ ഉയരുകയും ചെയ്തു.
എന്നാൽ ഏഷ്യൻ വിപണികളിൽ വലിയ ആവേശം ദൃശ്യമല്ല. ഇന്നു രാവിലെ ഏഷ്യൻ -ഓസീസ് വിപണികൾ ചെറിയ ഉയർച്ചയോടെയാണു വ്യാപാരം തുടങ്ങിയത്. യുഎസിലെ ഫ്യൂച്ചേഴ്സിൽ സൂചികകൾ അൽപം താഴുകയും ചെയ്തു.
ഇന്നലെ വന്ന യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് വിപണിയുടെ പ്രതീക്ഷ പോലെ ആയത് ആശ്വാസം പകർന്നു. ഇന്ത്യയിലെ മൊത്തവില ആധാരമാക്കിയുള്ള വിലക്കയറ്റം 25 മാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതും ആശ്വാസകരമായി.
ഏഷ്യൻ വിപണികൾ
ചൊവ്വാഴ്ച ഏഷ്യൻ വിപണികൾ എല്ലാം ഇടിഞ്ഞു. യൂറോപ്പിൽ സൂചികകൾ രണ്ടര ശതമാനം വരെ കയറി. യുഎസ് വിപണികൾ അഞ്ചു ദിവസത്തെ തകർച്ചയ്ക്കു ശേഷം ഇന്നലെ മികച്ച നേട്ടത്തിൽ അവസാനിച്ചു. നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ സൂചികകൾ ഇടയ്ക്കു വീണ്ടും ഉയർന്നു. എന്നാൽ ഉച്ചയ്ക്കു ശേഷം ഗണ്യമായി ഇടിഞ്ഞു. ബാങ്ക് ഓഹരികളും മറ്റും ആദ്യത്തെ കയറ്റത്തിൽ നിന്നു പിന്നോട്ടു പോയി.
മൂഡീസിനു പിന്നാലെ എസ് ആൻഡ് പിയും പ്രാദേശിക ബാങ്കുകളുടെ റേറ്റിംഗ് കുറയ്ക്കാൻ സാധ്യത ഉണ്ടെന്ന് അറിയിച്ചതും ഇതിനു കാരണമായി. എങ്കിലും പ്രാദേശിക ബാങ്കുകളും വലിയ ബാങ്കുകളും നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 1.06 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.65 ശതമാനം കയറി. ടെക്നോളജി ഓഹരികളുടെ ഉണർവിൽ ആദ്യം മുതൽ നേട്ടത്തിലായിരുന്ന നാസ്ഡാക് 2.14 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. മെറ്റാ 10,000 പേരെ പിരിച്ചു വിടുമെന്ന പ്രഖ്യാപനം വിപണിക്ക് ഇഷ്ടപ്പെട്ടു. നവംബറിൽ 11,000 പേരെ ഒഴിവാക്കിയതാണ്.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ 0.15 ശതമാനം താണു. എസ് ആൻഡ് പി 0.12 ശതമാനവും നാസ്ഡാക് 0.10 ശതമാനവും നഷ്ടത്തിലാണ്.
ചാഞ്ചാട്ടം
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ജാപ്പനീസ് വിപണി തുടക്കത്തിൽ 0.6 ശതമാനം കയറിയതു പിന്നീട് നഷ്ടത്തിലേക്കു മാറി. എന്നാൽ കൊറിയൻ വിപണി ഒന്നര ശതമാനം ഉയർന്നു. തായ് വാനീസ് വിപണിയും ഉണർവിലാണ്. ഓസ്ട്രേലിയൻ വിപണി 0.5 ശതമാനം ഉയർന്ന ശേഷം അൽപം താഴ്ന്നു.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രണ്ടു ശതമാനം കയറ്റത്തിൽ വ്യാപാരം തുടങ്ങി. ഷാങ്ഹായ് സൂചിക 0.4 ശതമാനം നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച ഒന്നാം സെഷനിൽ 17,111 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,200-ലേക്കു കയറി. ഇന്നു രാവിലെ സൂചിക 17,213 വരെ ഉയർന്നിട്ട് 17,200 നു താഴോട്ടു നീങ്ങി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ചൊവ്വാഴ്ചയും ഇന്ത്യൻ വിപണി തുടക്കത്തിൽ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഉയർന്നിട്ടു പിന്നീടു കുത്തനേ വീണു. സെൻസെക്സ് 337.66 പോയിന്റ് (0.58%) താഴ്ന്ന് 57,900.19ലും നിഫ്റ്റി 111.00 പോയിന്റ് (0.65%) താഴ്ന്ന് 17,043.3ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.52ഉം സ്മോൾ ക്യാപ് സൂചിക 0.83 ഉം ശതമാനം താഴെയായി.
മിക്കവാറും എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. പാെതുമേഖലാ ബാങ്കുകളും മെറ്റൽ വാഹനങ്ങളും ഐടിയും റിയൽറ്റിയും വാഹനങ്ങളും നഷ്ടത്തിനു മുന്നിൽ നിന്നു.
എസ് വി ബി
സിലിക്കൺ വാലി ബാങ്കിൽ പണം ഉള്ള കോഫോർജ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, എംഫസിസ് തുടങ്ങിയ ഐടി കമ്പനികൾക്കു വലിയ തിരിച്ചടി നേരിട്ടു. ഇൻഫി, ടിസിഎസ് തുടങ്ങിയവ താഴ്ചയ്ക്കു മുന്നിൽ നിന്നു.
അദാനി ഗ്രൂപ്പിലെ എല്ലാ കമ്പനികളും ഇന്നലെ നഷ്ടത്തിലായി. ആറെണ്ണം ലോവർ സർക്യൂട്ടിൽ എത്തി. ലാഭമെടുത്തു പിന്മാറാനുള്ള ശ്രമമാണു കാരണമെന്നു പറയുന്നു.
വിപണി ബെയറിഷ് ആയാണു നിൽക്കുന്നത്. ഇന്നു നിഫ്റ്റിക്ക് 16,995 ലും 16,850 ലും ആണു സപ്പോർട്ട്. 17,175 ലും 17,325 ലും തടസങ്ങൾ ഉണ്ടാകാം. വിദേശനിക്ഷേപകർ ഇന്നലെ 3088.96 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 2121.94 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡിന്റെ വില 4.2 ശതമാനം താഴ്ന്ന് 77.6 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.4 ഡോളറിലേക്കു കയറി. റഷ്യ, സൗദി, ഇറാൻ കൂട്ടുകെട്ട് എണ്ണവിപണിയിൽ പുതിയ സമവാക്യമായി മാറുകയാണ്.
വ്യാവസായിക ലോഹങ്ങളുടെ വില കയറി. ചെമ്പ് 1.83 ശതമാനം ഉയർന്ന് ടണ്ണിന് 8809 ഡോളറിലായി. അലൂമിനിയം 0.64 ശതമാനം കയറി 2350 ഡോളർ ആയി. സിങ്ക്, നിക്കൽ എന്നിവ 1.7 ശതമാനം വരെ ഉയർന്നു.
സ്വർണവില 1900 ഡോളറിനു മുകളിൽ തുടരുന്നു. ഇന്നലെ 1915 ഡാേളർ വരെ കയറിയിട്ട് അൽപം താഴ്ന്നു. 1903-1905 ഡോളറിലാണ് രാവിലെ സ്വർണവ്യാപാരം. കേരളത്തിൽ ഇന്നലെ പവന് 560 രൂപ കയറി 42,520 രൂപയിലെത്തി.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ഉയർന്നു. ബിറ്റ് കോയിൻ 25,000 ഡോളർ കടന്നിട്ട് അൽപം താണു. രൂപ ഇന്നലെയും ദുർബലമായി. ഡോളറിന് 37 പൈസ കൂടി 82.49 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നു രാവിലെ 103.7 ലാണ്.