റിസൽട്ടുകൾ ഗതി നിർണയിക്കും; ബുള്ളുകൾ പ്രതീക്ഷയോടെ; വിദേശ നിക്ഷേപകർ വിൽപ്പന തുടരുന്നു; ക്രൂഡ് ഓയിൽ ഉയരത്തിൽ
ഈ ആഴ്ച വിപണി ഗതി തീരുമാനിക്കുന്ന ഘടകങ്ങൾ ഇതാണ്. വിദേശികൾ നിക്ഷേപം പിൻവലിക്കൽ തുടരുന്നു. ക്രൂഡും ലോഹങ്ങളും കയറ്റത്തിൽ
നഷ്ടം മാറി, ചെറിയ നേട്ടത്തിലായി. പുതു വർഷത്തിലെ ആദ്യ രണ്ട് ആഴ്ചകളിലെ വിപണിയുടെ പ്രവർത്തനത്തിലെ വ്യത്യാസം അതാണ്. വ്യാഴാഴ്ചയിലെ ക്ഷീണത്തിൽ നിന്നു കര കയറിയ മുഖ്യ സൂചികകൾ ആഴ്ചയിൽ നേട്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 0.6 ശതമാനവും നിഫ്റ്റി 0.54 ശതമാനവും ഉയർന്നു. എങ്കിലും 2022 ന്റെ അവസാനത്തിലെ നിലയിൽ നിന്നു ഗണ്യമായി താഴെയാണു സൂചികകൾ. വെള്ളിയാഴ്ച യുഎസ് വിപണി ചെറിയ നേട്ടത്തോടെ അവസാനിപ്പിച്ചത് പ്രതീക്ഷയ്ക്കു കരുത്തു പകരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്.
കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളാണ് ഈയാഴ്ച വിപണിഗതിയെ നിർണയിക്കുക. സാങ്കേതിക സൂചനകൾ വിപണിയിൽ ഒരു ഹ്രസ്വകാല കയറ്റത്തിന് അനുകൂലമാണെന്നു വിലയിരുത്തലുണ്ട്. പക്ഷേ അമിതമായ പ്രതീക്ഷ എങ്ങുമില്ല. രണ്ടാഴ്ചയ്ക്കു ശേഷം വരുന്ന പൊതുബജറ്റിൽ എന്തുണ്ടാകും എന്ന ആശങ്കയാണ് ഇനി വിപണിയെ നയിക്കുക. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ നികുതി വരുമാേ എന്നതിനേക്കാൾ പ്രത്യക്ഷ നികുതിയിലെ ആനുകൂല്യങ്ങളെ പറ്റിയാണു വിപണി ചിന്തിക്കുന്നത്.
ഇന്നു രാവിലെ ഓസ്ട്രേലിയൻ വിപണിയിൽ എഎസ്എക്സ് സൂചിക ഒരു ശതമാനം ഉയർന്നാണു വ്യാപാരമാരംഭിച്ചത്. ജപ്പാനിൽ നിക്കൈ സൂചിക ഒന്നേകാൽ ശതമാനം താഴ്ചയിൽ വ്യാപാരം തുടങ്ങി. പിന്നീടു നഷ്ടം അൽപം കുറച്ചു. ഡോളറിനും മറ്റു കറൻസികൾക്കുമെതിരേ ജാപ്പനീസ് യെൻ കരുത്താർജിക്കുന്നത് ഓഹരികളെ ദുർബലപ്പെടുത്തി. പലിശ വർധിപ്പിക്കാനുള്ള ബാങ്ക് ഓഫ് ജപ്പാന്റെ തീരുമാനമാണു യെൻ ശക്തിപ്പെടുന്നതിനു പിന്നിൽ. രാവിലെ കൊറിയൻ വിപണി അര ശതമാനം ഉയർന്നു. ചെെനയിലും വിപണി നല്ല ഉയർച്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,965-ൽ നിന്ന് 18,058 ലേക്കു കയറി. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 18,068- ൽ എത്തിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ചയിൽ നിന്നു ക്രമമായി കയറുകയാണു ചെയ്തത്. ലോഹങ്ങൾ, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, വാഹനങ്ങൾ, ഐടി കമ്പനികൾ എന്നിവ വിപണിയെ ഉയർത്തി. സെൻസെക്സ് 303.15 പോയിന്റ് (0.6%) ഉയർന്ന് 60,261.18 ലും നിഫ്റ്റി 98.4 പോയിന്റ് (0.54%) ഉയർന്ന് 17,956.6 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.1 ശതമാനം താഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.3 ശതമാനം ഉയർന്നു.
കഴിഞ്ഞ ആഴ്ചയിൽ മെറ്റൽ, ഐടി ഓഹരികളാണു വിപണിയെ ഉയർത്തിയത്. ഈ മേഖലകൾ മൂന്നു ശതമാനത്തിലധികം കയറി. കൺസ്യൂമർ ഡ്യുറബിൾസ് മൂന്നു ശതമാനത്താേളം ഇടിഞ്ഞു.
വിദേശികൾ നിക്ഷേപം പിൻവലിക്കൽ തുടരുന്നു
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ നിന്ന് 2422.39 കോടി രൂപ പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 1953.4 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശ നിക്ഷേപകർ കഴിഞ്ഞ ആഴ്ച മുഴുവൻ വിൽപനയിലായിരുന്നു. 9100 കോടി രൂപയാണ് അവർ അഞ്ചു ദിവസം കൊണ്ടു പിൻവലിച്ചത്. രണ്ടാഴ്ച കൊണ്ടു വിദേശികളുടെ
വിൽപന 15,000 കോടി രൂപയ്ക്കടുത്തായി. ചൈനയും മറ്റും ലക്ഷ്യമിട്ടാണ് അവർ പണം പിൻവലിക്കുന്നത്. ചൈനയിൽ തകർന്നു കിടക്കുന്ന കമ്പനി കടപ്പത്രങ്ങളും മറ്റും വലിയ ലാഭസാധ്യത നൽകുന്നു. ഈ വർഷം സാമ്പത്തിക വളർച്ച നേരെയാക്കാൻ പ്രസിഡന്റ് ഷി ചിൻപിംഗ് നീക്കിവയ്ക്കുമെന്ന റിപ്പോർട്ടുകൾ റിയൽ എസ്റ്ററ്റ്, ഐടി, മെറ്റൽ, ഇൻഫ്രാസ്ട്രക്ചർ അടക്കം ഒട്ടേറെ മേഖലകളിൽ വലിയ അവസരങ്ങളാണു നൽകുന്നത്.
വിപണി പ്രതിദിന ചാർട്ടിൽ ബുള്ളിഷ് തിരിയും പ്രതിവാര ചാർട്ടിൽ ഡോജി പാറ്റേണും രൂപപ്പെടുത്തി. ഹ്രസ്വകാല ബുള്ളിഷ് നീക്കത്തിനു സഹായകമായ നിലയാണ് ഇതെന്ന് വിലയിരുത്തലുണ്ട്. എങ്കിലും 18,100 കടന്നാലേ ഗതി തിരിച്ചു പ്രസക്തമായ ഒരു കുതിപ്പ് പ്രതീക്ഷിക്കാൻ പറ്റൂ. വിപണിക്കു 17,825 ലും 17,685 ലും പിന്തുണയുണ്ട്. ഉയരുമ്പോൾ 17,995 ഉം 18,135 - ഉം തടസങ്ങൾ ആയേക്കാം.
ക്രൂഡും ലോഹങ്ങളും കയറ്റത്തിൽ
ക്രൂഡ് ഓയിൽ വാരാന്ത്യത്തിൽ നല്ല കയറ്റത്തിലായിരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 85.28 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ നേരിയ താഴ്ചയിലാണ്. ബ്രെന്റ് ഇനം 84.91 ഡോളറിലേക്കു താണു.
വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ചെമ്പ് ടണ്ണിന് 9106 ഡോളറിലും അലൂമിനിയം 2595ലും വ്യാപാരം അവസാനിപ്പിച്ചു. ഇരുമ്പയിര് ടണ്ണിനു 123 ഡോളറിലെത്തി. ചൈനയിൽ വ്യവസായ വളർച്ചയ്ക്ക് അനുകൂല നടപടികൾ ഉണ്ടാകുന്നതു ലാേഹങ്ങളുടെ വില ഇനിയും ഉയർത്തുമെന്നാണു പ്രതീക്ഷ.
സ്വർണം വെള്ളിയാഴ്ച 1924 ഡോളർ വരെ ഉയർന്നിട്ട് 1921-1922-ൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് പലിശ വർധനയുടെ തോത് കുറയ്ക്കും എന്ന നിഗമനമാണു സ്വർണ ബുള്ളുകളുടെ പിടിയിലേക്കു വിപണിയെ എത്തിച്ചത്. 1920 മേഖലയിലെ തടസം മറികടന്നാൽ വിപണി 2000-നപ്പുറം കടക്കുമെന്ന് സാങ്കേതിക വിശകലന വിദഗ്‌ധർ പറയുന്നു. ഇന്നു രാവിലെ വില 1916 ഡോളർ വരെ താഴ്ന്നിട്ട് 1919-1921 ഡോളറിലേക്കു കയറി.
കേരളത്തിൽ ശനിയാഴ്ച സ്വർണവില പവന് 320 രൂപ വർധിച്ച് 41,600 രൂപയായി. ഇന്നു രൂപയുടെ നിരക്ക് മാറുന്നതനുസരിച്ചാകും സ്വർണവിലയുടെ മാറ്റം. ഡോളർ കഴിഞ്ഞയാഴ്ച 81.33 രൂപയിലാണു ക്ലോസ് ചെയ്തത്. ഡോളർ സൂചിക 102.18-ൽ അവസാനിച്ചു. ഇന്നു ഡോളർ സൂചിക 102 ലേക്കു താണു.