കടം കുറയ്ക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്; പലിശപ്പേടി കൂടുന്നു; വിദേശ വിപണികളിൽ തകർച്ച; ഡോളർ കുതിക്കുന്നു
വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയേക്കും; കാരണങ്ങൾ ഇതാണ്. രൂപ ഇന്ന് താഴ്ന്നേക്കും. കടുത്ത നടപടികളിലേക്ക് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ പൊതുവേ നേട്ടത്തിലായിരുന്നു. ഛത്തീസ്ഗഢിലെ ഡിബി പവർ പ്ലാന്റ് വാങ്ങുന്നതിൽ നിന്നു പിന്മാറിയ അദാനി പവർ ഓഹരി അഞ്ചു ശതമാനം ഉയർന്നു. അദാനി ഗ്യാസും ട്രാൻസ്മിഷനും താഴ്ച തുടർന്നു. മറ്റു കമ്പനികൾ അൽപം ഉയർന്നു. പരിസ്ഥിതി മാനദണ്ഡങ്ങൾ പ്രകാരം അദാനി കമ്പനികളെ വിലയിരുത്തുന്നതു മേയ് മാസത്തിലേയ്ക്കു നീട്ടിവയ്ക്കാൻ മോർഗൻ സ്റ്റാൻലിയും എസ് ആൻഡ് പിയും തീരുമാനിച്ചതാണ് ഇന്നലെ ഗ്രൂപ്പിനെ സഹായിച്ചത്.
ഗ്രൂപ്പിന്റെ കടങ്ങൾ കുറയ്ക്കാൻ നടപടി തുടങ്ങി എന്നു ചെയർമാൻ ഗൗതം അദാനി പ്രസ്താവിച്ചത് ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ വില അൽപം ഉയർത്തി. സ്വന്തം പണവും പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപവും ഉപയോഗിച്ചു കടങ്ങൾ കുറയ്ക്കാനാണ് അദാനി ഉദ്ദേശിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ. പ്രൈവറ്റ് ഇക്വിറ്റികളും ഹെഡ്ജ് ഫണ്ടുകളും വയ്ക്കുന്ന ഉപാധികൾ ഗ്രൂപ്പിന് എത്ര കണ്ടു സ്വീകാര്യമാകും എന്നതാണു പ്രധാന വിഷയം.
200 കോടി ഡോളറിന്റെ കടങ്ങൾ നേരത്തേ അടയ്ക്കാനാണ് അദാനി ഉദ്ദേശിക്കുന്നത്. ഇതാേടൊപ്പം ഗ്രൂപ്പ് പുതിയ പദ്ധതികളും നിക്ഷേപങ്ങളും മരവിപ്പിച്ചു. നിലവിലുള്ള പദ്ധതികൾ തീർക്കുന്നതിനാണു മുൻഗണന.
വിപണികൾ
വിപണികൾ വീണ്ടും പലിശപ്പേടിയിൽ താഴാേട്ടു നീങ്ങുന്നു. ഡോളർ ഉയരുന്നു. ഇന്ത്യൻ വിപണിയും ഈ തളർച്ചയിലേക്കു നീങ്ങുകയാണ്. യുഎസ് സാമ്പത്തിക സൂചകങ്ങൾ ഉയർന്ന നിരക്കിൽ പലിശ കൂട്ടാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ.