വിപണി കയറ്റപ്രതീക്ഷയില്‍, കറന്റ് അക്കൗണ്ട് കമ്മിയിലെ മിച്ചം ആശ്വാസകരം, എ.ഐ ഭീമന്‍ എന്‍വിഡിയ തുടര്‍ച്ചയായി താഴോട്ട്

24 വര്‍ഷം മുന്‍പ് ഡോട്‌കോം കുമിള തകര്‍ന്നപ്പോള്‍ സിസ്‌കോയും ഇന്റലും ഇടിഞ്ഞതു പോലെ എന്‍വിഡിയയും തകരും എന്നു കുറേ വിശകലനക്കാര്‍ സൂചിപ്പിക്കുന്നതും വിപണിയെ അലട്ടുന്നുണ്ട്

Update:2024-06-25 07:45 IST
എന്‍വിഡിയ ഓഹരി തുടര്‍ച്ചയായി ഇടിയുന്നത് ടെക് മേഖലയെ ദുര്‍ബലമാക്കി. അതിന്റെ ക്ഷീണം ഇന്ന് ഇന്ത്യയിലും ഉണ്ടാകാം. ഇന്നലെ താഴ്ചയില്‍ നിന്നു കയറി തലേന്നത്തേക്കാള്‍ ഉയര്‍ന്നു ക്ലോസ് ചെയ്ത ഇന്ത്യന്‍ വിപണി ഇന്ന് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് മിച്ചമായത് ഒരു പോസിറ്റീവ് കാര്യമാണ്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഒരു പാദത്തില്‍ മിച്ചം വരുന്നത്. വാര്‍ഷിക കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.7 ശതമാനമായി കുറഞ്ഞു. തലേവര്‍ഷം ഒരു ശതമാനമായിരുന്നു കമ്മി.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടക്കം പോലെ പുരോഗമിക്കാത്തത് ആശങ്ക വളര്‍ത്തുന്ന കാര്യമാണ്. കൃഷിയിറക്കല്‍ കുറവായി. ഉഷ്ണക്കാറ്റ് പച്ചക്കറികള്‍ക്കു വില കൂട്ടി. മഴ കുറവായാല്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും കുറയും, വില കൂടും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,592.5ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,580 ആയി. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഉയര്‍ന്നു ക്ലോസ് ചെയ്തു. ബാങ്കുകള്‍ തിരിച്ചു കയറിയപ്പോള്‍ ടെക്‌നോളജി ഓഹരികള്‍ ദുര്‍ബലമായി. ജര്‍മന്‍ സൂചിക ഒരു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി.

യു.എസ് വിപണിയില്‍ എന്‍വിഡിയയുടെ ക്ഷീണം നാസ്ഡാക്, എസ്ആന്‍ഡ്പി സൂചികകളെ തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ത്തി. എന്‍വിഡിയ ഇല്ലാത്ത ഡൗ ജോണ്‍സ് മികച്ച കയറ്റം നടത്തി.

ഡൗ ജോണ്‍സ് സൂചിക 260.88 പോയിന്റ് (0.67%) ഉയര്‍ന്ന് 39,411.21ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 16.75 പോയിന്റ് (0.31%) താഴ്ന്ന് 5447.87ലും നാസ്ഡാക് 192.54 പോയിന്റ് (1.09%) ഇടിഞ്ഞ് 17,496.82ലും ക്ലോസ് ചെയ്തു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.234 ശതമാനത്തിലേക്കു താണു. ഈ വെള്ളിയാഴ്ച വരുന്ന സ്വകാര്യ ഉപഭോഗ ചെലവ് കണക്ക് പലിശ കുറയ്ക്കല്‍ സാധ്യതയിലേക്കു വിരല്‍ ചുണ്ടും എന്ന പ്രതീക്ഷയിലാണ് വിപണി.

യു.എസ് ഫ്യൂച്ചേഴ്‌സ് ഭിന്നദിശകളിലാണു നീങ്ങുന്നത്. ഡൗ 0.07 ഉം നാസ്ഡാക് 0.03 ഉം ശതമാനം കയറി. എസ് ആന്‍ഡ് പി 0.02 ശതമാനം താണു.

ചൈനയിലടക്കം ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം ഉയര്‍ന്നു ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 76,745 വരെയും നിഫ്റ്റി 23,350 വരെയും താഴ്ന്നിട്ടാണു തിരിച്ചു കയറിയത്. വ്യാപാരത്തിനിടെ ഗതിമാറ്റി ഉയര്‍ന്നു ക്ലോസ് ചെയ്തത് വിപണി മുന്നേറ്റം തുടരുമെന്ന പ്രതീക്ഷ വളര്‍ത്തുന്നു.

സെന്‍സെക്‌സ് 131.18 പോയിന്റ് (0.17%) കയറി 77,341.08 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 36.75 പോയിന്റ് (0.16%) ഉയര്‍ന്ന് 23,537.85 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.08% കൂടി 51,703.95 ല്‍ ക്ലോസ് ചെയ്തു

മിഡ് ക്യാപ് സൂചിക 0.27 ശതമാനം കയറി 55,577.05ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.10% താഴ്ന്ന് 18,217.05ല്‍ അവസാനിച്ചു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 653.97 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 820.47 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

നിഫ്റ്റി 23,500നു മുകളില്‍ കുറേക്കൂടി കയറി ക്ലോസ് ചെയ്തത് 23,677 എന്ന റെക്കോഡ് ഭേദിക്കാന്‍ വരും ദിവസങ്ങളില്‍ പ്രാപ്തമാക്കും എന്നാണു ബുള്ളുകള്‍ കരുതുന്നത്. ഇന്നു സൂചികയ്ക്ക് 23,400ലും 23,350ലും പിന്തുണ ഉണ്ട്. 23,560ലും 23,610ലും തടസം ഉണ്ടാകാം.

ബാങ്ക് നിഫ്റ്റിയും ഐടിയും മെറ്റലും ഓയില്‍-ഗ്യാസും ഇന്നലെ താഴ്ന്നു. എഫ്.എം.സി.ജി, വാഹനങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, റിയല്‍റ്റി എന്നിവ ഉയര്‍ന്നു.

രാസവളങ്ങളുടെ ജി.എസ്.ടി കുറയ്ക്കാാനുള്ള കാര്യം മന്ത്രിതല സമിതിയുടെ പഠനത്തിനു ജി.എസ്.ടി കൗണ്‍സില്‍ വിട്ടതു രാസവള കമ്പനികളെ താഴ്ത്തി. എഫ്എസിടി ഓഹരി 10 ശതമാനം ഇടിഞ്ഞു.

ഗെയിമിംഗ് കമ്പനികള്‍ക്കു നികുതി ഇളവ് കിട്ടാത്തത് ഡെല്‍റ്റാ കോര്‍പേറേഷനെയും നാസറ ടെക്‌നോളജീസിനെയും താഴോട്ടു വലിച്ചു.

സ്വര്‍ണം ഈയാഴ്ചയും ചാഞ്ചാട്ടം തുടരുമെന്ന സൂചനയാണ് ഇന്നലത്തെ വ്യാപാരം കാണിച്ചത്. ഇന്നലെ ഔണ്‍സിന് 2,335.30 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം 2,330 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 53,000 രൂപയായി. വെള്ളിവില ഔണ്‍സിന് 29.47 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 95,000 രൂപ ആയി.

ഡോളര്‍ സൂചിക ഇന്നലെ താഴ്ന്ന് 105.47ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.48 ലാണ്. രൂപ ഇന്നലെയും ഉയര്‍ന്നു. ഡോളര്‍ എട്ടു പൈസ താണ് 83.46 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വീണ്ടും കയറി. ബ്രെന്റ് ഇനം തിങ്കളാഴ്ച ഒരു ശതമാനം ഉയര്‍ന്ന് 86.01 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 86.09 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 81.73 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 85.27 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളിലായി. ചെമ്പ് 0.36 ശതമാനം താഴ്ന്ന് ടണ്ണിന് 9527.65 ഡോളറില്‍ എത്തി. അലൂമിനിയം 0.07 ശതമാനം കയറി 2515.12 ഡോളറായി.

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടു ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 60,000 ഡോളറിനു താഴെ എത്തിയിട്ട് അല്‍പം ഉയര്‍ന്നു. ഈഥര്‍ 3340 ഡോളറിലേക്കു താണു.

എന്‍വിഡിയ മൂന്നാം ദിവസവും താഴ്ചയില്‍

രണ്ടു വര്‍ഷമായി വിപണിയുടെ കുതിപ്പിന് നായകത്വം വഹിക്കുന്ന എന്‍വിഡിയ ഇന്നലെ തുടര്‍ച്ചയായ മൂന്നാം ദിവസം ഇടിഞ്ഞു. തിങ്കളാഴ്ച 6.7 ശതമാനം താഴ്ന്നതോടെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നു 13 ശതമാനം ഇടിവിലായി ഓഹരി. നിര്‍മിതബുദ്ധി മേഖലയ്ക്ക് ആവശ്യമായ ചിപ്പുകള്‍ (ഗ്രാഫിക് പ്രോസസര്‍ യൂണിറ്റ് -ജിപിയു) നിര്‍മിക്കുന്ന എന്‍വിഡിയ ഒരു ദിവസത്തേക്കു ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള കമ്പനിയും ആയിരുന്നു. നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് ഈയിടെ കുതിച്ച മറ്റു സ്റ്റോക്കുകളും ഇന്നലെ താഴ്ചയിലായി. സൂപ്പര്‍ മൈക്രോ കംപ്യൂട്ടര്‍, ഡെല്‍, ആം ഹാേള്‍ഡിംഗ്‌സ്, ക്വാല്‍കോം, ബ്രോഡ് കോം തുടങ്ങിയവ ഇന്നലെ 3.7 മുതല്‍ 8.7 വരെ ശതമാനം താണു.

കഴിഞ്ഞ വര്‍ഷം ഓഹരിവില മൂന്നിരട്ടിയായ എന്‍വിഡിയ ഇനിയും ഒന്നുരണ്ടു വര്‍ഷം കൂടി വലിയ കുതിപ്പ് തുടരുമെന്നാണ് മിക്ക നിരീക്ഷകരും കരുതുന്നത്. കമ്പനിയുടെ ജിപിയുകള്‍ക്കുള്ള ഡിമാന്‍ഡില്‍ ഒട്ടും കുറവില്ല. മൈക്രാേസോഫ്റ്റ്, ഗൂഗിള്‍, ആമസോാണ്‍, ഓറക്കിള്‍, മെറ്റ തുടങ്ങിയവയെല്ലാം ബില്യണ്‍ കണക്കിനു ഡോളറിന്റെ ചിപ്പുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ബ്ലായ്ക്ക് വെല്‍ എന്നു പേരിട്ട അടുത്ത തലമുറ ചിപ്പുകള്‍ ഈ വര്‍ഷം തന്നെ കമ്പനി അവതരിപ്പിക്കും. അതു കൂടുതല്‍ വളര്‍ച്ച കൊണ്ടുവരും എന്നാണ് എന്‍വിഡിയ സഹസ്ഥാപകനും സി.ഇ.ഒയുമായ ജെന്‍സെന്‍ ഹുവാങ് കരുതുന്നത്.

24 വര്‍ഷം മുന്‍പ് ഡോട്‌കോം കുമിള തകര്‍ന്നപ്പോള്‍ സിസ്‌കോയും ഇന്റലും ഇടിഞ്ഞതു പോലെ എന്‍വിഡിയയും തകരും എന്നു കുറേ വിശകലനക്കാര്‍ സൂചിപ്പിക്കുന്നതും വിപണിയെ അലട്ടുന്നുണ്ട്. നെറ്റ്‌വര്‍ക്കിംഗ് സാമഗ്രികള്‍ നിര്‍മിച്ചിരുന്നതാണു സിസ്‌കോ. അക്കാലത്തു 90 ശതമാനം കംപ്യൂട്ടറുകളും ഇന്റലിന്റെ ചിപ്പുകളിലാണു പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു കമ്പനികളും പിന്നീടു മത്സരത്തില്‍ പരാജയപ്പെട്ടു പിന്തള്ളപ്പെട്ടു. വിപണിയില്‍ അനിവാര്യമായ പുതുമ കൊണ്ടു വരുന്നതില്‍ വന്ന വീഴ്ചയാണ് ആ കമ്പനികളെ ദുര്‍ബലമാക്കിയത്. ചരിത്രം ആവര്‍ത്തിക്കാനുള്ളതാണ് എന്നു കരുതുന്നവര്‍ എന്‍വിഡിയയെ കാത്തിരിക്കുന്നതും ഈ തകര്‍ച്ചയാണെന്നു പ്രചരിപ്പിക്കുന്നു.

വിപണിസൂചനകള്‍
(2024 ജൂണ്‍ 24, തിങ്കള്‍)

സെന്‍സെക്‌സ് 30 77,341.08 +0.17%

നിഫ്റ്റി50 23,537.85 +0.16%

ബാങ്ക് നിഫ്റ്റി 51,703.95 +0.08%

മിഡ് ക്യാപ് 100 55,577.05 +0.27%

സ്‌മോള്‍ ക്യാപ് 100 18,217.05 -0.10%

ഡൗ ജോണ്‍സ് 30 39,411.21 +0.67%

എസ് ആന്‍ഡ് പി 500 5447.87 -0.31%

നാസ്ഡാക് 17,496.82 -1.09%

ഡോളര്‍($) ₹83.46 -₹0.08
ഡോളര്‍ സൂചിക 105.47 -0.33

സ്വര്‍ണം (ഔണ്‍സ്) $2335.30 +$14.30

സ്വര്‍ണം (പവന്‍) ₹53,000 -₹80
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $86.01 +$0.90
Tags:    

Similar News