റെക്കോര്‍ഡ് കുതിപ്പ് മോഹിച്ച് വിപണി; വിൽപന സമ്മർദം കൂടും; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴുന്നു; ലോഹങ്ങൾ കയറുന്നു

ക്രിപ്‌റ്റോകള്‍ക്ക് കുതിപ്പ്, രൂപ തളര്‍ച്ചയില്‍

Update:2024-09-27 08:01 IST

റെക്കോർഡ് കുതിപ്പ് തുടർന്ന ഓഹരിവിപണി ഇന്നും മുന്നേറാനുള്ള ശ്രമത്തിലാണ്. ഇന്നലെ പ്രതിമാസ എഫ് ആൻഡ് ഒ സെറ്റിൽമെൻ്റ് കഴിഞ്ഞതോടെ ഒക്ടോബർ സീരീസ് ഇന്നു തുടങ്ങും. സെപ്റ്റംബർ സീരീസിൽ നഷ്ടം വന്നവർ കുറവല്ല. ഇതു വിപണി മനോഭാവത്തെ ബാധിക്കാം. വലിയ വിൽപന സമ്മർദമാണു രാവിലെ പ്രതീക്ഷിക്കുന്നത്.

യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ഇന്ന് ഏഷ്യൻ വിപണികളും കയറ്റത്തിലാണ്. ചെെന കൂടുതൽ ഉത്തേജക നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചത് വ്യാവസായിക ലോഹങ്ങളെ ഉയർത്തി. എന്നാൽ ക്രൂഡ് ഓയിൽ മൂന്നു ശതമാനം ഇടിയുകയാണു ചെയ്തത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 26,376 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 26,340 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച കുതിച്ചു. ചൈനീസ് ഉത്തേജക പദ്ധതി വിപുലമാക്കുമെന്ന സൂചന വിപണികളെ ഒരു ശതമാനത്തിലധികം ഉയർത്തി. എൽ വി എം എച്ചും കെറിംഗും പത്തു ശതമാനത്തോളം കയറി.

വിദേശ വിപണി 

യുഎസ് വിപണി വ്യാഴാഴ്ച നല്ല കയറ്റം നടത്തി. പുറത്തുവന്ന പുതിയ സാമ്പത്തിക വിവരങ്ങൾ ആവേശകരമായി. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിലെ ജിഡിപി വളർച്ച മൂന്നു ശതമാനമായി സ്ഥിരീകരിക്കപ്പെട്ടു. പ്രതിവാര തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷ ഗണ്യമായി കുറഞ്ഞു. യുഎസ് സമ്പദ്ഘടന ശരിയായ തോതിൽ മുന്നോട്ടു പോകുന്നതായി ഇവ കാണിച്ചു.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 260.36 പോയിൻ്റ് (0.62%) കയറി 42,175.11 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.11 പോയിൻ്റ് (0.40%) ഉയർന്ന് 5745.37 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 108.09 പോയിൻ്റ് (0.60%) കയറി 18,190.29 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി ഇൻട്രാ ഡേയിലും ക്ലോസിംഗിലും റെക്കോർഡ് തിരുത്തി.

ബിസിനസ് പ്രതീക്ഷയിലധികം വളരുമെന്ന് അറിയിച്ച സെമികണ്ടക്ടർ കമ്പനി മെെക്രോൺ 15 ശതമാനം കയറി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേരിയ താഴ്ചയിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.79 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനം ഉയർന്നു. കൂടുതൽ ഉത്തേജക നടപടികൾ ഉണ്ടാകുമെന്നു ചൈനീസ് ഭരണകൂടം അറിയിച്ചു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ഇന്നലെ ഫ്ലാറ്റ് ആയി വ്യാപാരം തുടങ്ങിയിട്ട് ഉച്ചയ്ക്കു ശേഷമുള്ള കുതിപ്പിൽ വലിയ നേട്ടത്തോടെ അവസാനിച്ചു. സൂചികകൾ പുതിയ ക്ലോസിംഗ്, ഇൻട്രാ ഡേ റെക്കോർഡുകൾ കുറിച്ചു. സെൻസെക്സ് 85,930.43 ഉം നിഫ്റ്റി 26,250.90 ഉം വരെ കയറി.

മിഡ് ക്യാപ് ഓഹരികൾ രാവിലെ മുതൽ ഇടിവിലായിരുന്നെങ്കിലും അവസാന മണിക്കൂറിൽ ഉയർന്ന് നേരിയ നേട്ടത്തിൽ എത്തി. സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെയും താഴ്ന്നു.

വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 629.96 കോടി രൂപയുടെ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2405.12 കോടിയുടെ ഓഹരികൾ വാങ്ങി.

ഇന്നലെ എൻഎസ്ഇയിൽ 1210 ഓഹരികൾ ഉയർന്നപ്പോൾ 1589 ഓഹരികൾ താണു. ബിഎസ്ഇയിൽ 1643 എണ്ണം കയറി, 2243 എണ്ണം താഴ്ന്നു.

വ്യാഴാഴ്ച സെൻസെക്സ് 666.25 പാേയിൻ്റ് (0.78%) ഉയർന്ന് 85,836.12 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 211.90 പോയിൻ്റ് (0.81%) കയറി 26,216.05 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.51% (273.70 പോയിൻ്റ്) നേട്ടത്തോടെ 54,375.35 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.01 ശതമാനം ഉയർന്ന് 60,469.15 ലും സ്മോൾ ക്യാപ് സൂചിക 0.50% താഴ്ന്ന് 19,261.30 ലും വ്യാപാരം അവസാനിപ്പിച്ചു.

ഓട്ടോ, മെറ്റൽ, പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, ഐടി, ധനകാര്യ മേഖലകളാണ് കയറ്റത്തിനു മുന്നിൽ നിന്നത്.

തലേന്നു വലിയ താഴ്ചയിലായ ഈസി ട്രിപ് ഇന്നലെ ഏഴു ശതമാനം ഉയർന്നു.

ഹ്യുണ്ടായി ഐപിഒയ്ക്കു സ്വീകരിക്കുന്ന മൂല്യനിർണയം കണക്കാക്കി മാരുതി സുസുകിയുടെ ഓഹരിവില ബ്രോക്കറേജുകൾ ഉയർത്തി.

അർഥം ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും മഹി മധുസൂദൻ കേലയും കൂടി പ്രതാപ് സ്നാക്സിൻ്റെ 47 ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരിൽ നിന്നു വാങ്ങി. ഇനി ഓപ്പൺ ഓഫർ ഉണ്ടാകും. പ്രതാപ് സ്നാക്സ് ഓഹരി 20 ശതമാനം കുതിച്ചു. ഡയമണ്ട് ബ്രാൻഡ് സ്നാക്സിൻ്റെ ഉടമകളായ പ്രതാപ് സ്നാക്സ് മധ്യ പ്രദേശ് ആസ്ഥാനമായ കമ്പനിയാണ്. പഴയ പ്രൊമോട്ടർമാർക്ക് 17 ശതമാനം ഓഹരിയേ കമ്പനിയിൽ ഉള്ളൂ.

വിപണിയുടെ ബുള്ളിഷ് മനോഭാവം കൂടുതൽ ശക്തമായി. നിഫ്റ്റി ഇന്ന് 26,300-26,500 മേഖലയിലേക്കു കയറുമാേ എന്നാണു നിരീക്ഷകർ ശ്രദ്ധിക്കുന്നത്. 26,000 നിഫ്റ്റിക്കു ശക്തമായ പിന്തുണ നിലവാരമാണ്.

ഇന്നു നിഫ്റ്റിക്ക് 26,060 ലും 26,000 ലും പിന്തുണ ഉണ്ട്. 26,250 ഉം 26,310 ഉം തടസങ്ങളാകും.

സ്വർണം കയറ്റം തുടരുന്നു

ലാഭമെടുക്കലുകാരുടെ വിൽപനയെ തുടർന്നു സ്വർണം ഇന്നലെ പുതിയ റെക്കോർഡ് നിലയിൽ നിന്ന് അൽപം താഴ്ന്നു. ഔൺസിന് 2685 ഡോളർ വരെ കയറിയിട്ട് 2674.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2670 ഡോളറിലാണ്. ഡിസംബർ അവധിവില 2708.70 ഡോളർ വരെ കയറി.

കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ പവന് 56,480 രൂപ എന്ന റെക്കോർഡിൽ തുടർന്നു. ഇന്നു വില കയറാം.

വെള്ളിവില അൽപം താണ് ഔൺസിന് 32 ഡോളർ കടന്നിട്ടു തിരിച്ചിറങ്ങി 31.84 ഡോളർ ആയി.

ഡോളർ താഴ്ന്നു. ഇന്നലെ ഡോളർ സൂചിക ഇടിഞ്ഞ് 100.52 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.69 ലേക്കു കയറി.

ഇന്ത്യൻ രൂപ ഇന്നലെ ദുർബലമായി. ഡോളർ ആറു പെെസ കയറി 83.64 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ചയിലായി. രണ്ടു ദിവസം കൊണ്ടു വില അഞ്ചു ശതമാനം കുറഞ്ഞു. ബ്രെൻ്റ് ഇനം ഇന്നലെ 1.86 ഡോളർ താണ് 71.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.15 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 67.28 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.74 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ കുതിച്ചു കയറി. ബിറ്റ്കോയിൻ 65,220 ഡോളറിനു മുകളിലായി. ഈഥർ 2630 ഡോളറിനു മുകളിലായി.

നിക്കൽ ഒഴികെ വ്യാവസായിക ലോഹങ്ങൾ ഇന്നലെ കുതിച്ചു കയറി. ചെമ്പ് 3.40 ശതമാനം ഉയർന്നു ടണ്ണിന് 9944.67 ഡോളറിൽ എത്തി. അലൂമിനിയം 2.89 ശതമാനം നേട്ടത്തോടെ ടണ്ണിന് 2611.50 ഡോളർ ആയി. സിങ്ക് 2.74 ഉം ടിൻ 0.53 ഉം ലെഡ് 2.78 ഉം ശതമാനം ഉയർന്നു. / നിക്കൽ 0.ശതമാനം താണു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 26, വ്യാഴം)

സെൻസെക്സ് 30 85,836.12 +0.78%

നിഫ്റ്റി50 26,216.15 +0.81%

ബാങ്ക് നിഫ്റ്റി 54,375.35 +0.51%

മിഡ് ക്യാപ് 100 60,469.15 +0.01%

സ്മോൾ ക്യാപ് 100 19,261.30 -0.50%

ഡൗ ജോൺസ് 30 42,175.11

+0.62%

എസ് ആൻഡ് പി 500 5745.37 +0.40%

നാസ്ഡാക് 18,190.29 +0.60%

ഡോളർ($) ₹83.64 +₹0.06

ഡോളർ സൂചിക 100.52 -0.39

സ്വർണം (ഔൺസ്) $2674.50 +$16.80

സ്വർണം (പവൻ) ₹56,480 +₹00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.60 -$01.86

Tags:    

Similar News