പലിശപ്പേടി തീവ്രം; വിദേശ സൂചനകള്‍ നെഗറ്റീവ്; മൂന്നാം പാദ ജിഡിപി വളര്‍ച്ച കുറഞ്ഞേക്കും; എല്‍ നിനോ പ്രശ്‌നമായേക്കും
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ താഴ്ന്ന നിലയില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ സൂചിക ഉയര്‍ന്നതു മറ്റു കറന്‍സികള്‍ക്കു ക്ഷീണമാകും. അദാനി ഗ്രൂപ്പ് കമ്പനികളിലെ ഇടിവിന് ഇനിയും അന്ത്യമായിട്ടില്ല.
വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് സാമ്പത്തിക സൂചകങ്ങള്‍ പലിശവര്‍ധന തുടരും എന്ന വിശ്വാസം വളര്‍ത്തി. യുഎസ് വിപണി ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും ഇടിവിലായി. ഇന്ത്യന്‍ വിപണി ഈ സാഹചര്യത്തില്‍ താഴ്ന്ന തുടക്കവും തുടര്‍ വീഴ്ചയും കണക്കാക്കിയാണു നീങ്ങുന്നത്. ഡോളര്‍ സൂചിക ഉയര്‍ന്നതു മറ്റു കറന്‍സികള്‍ക്കു ക്ഷീണമാകും. അദാനി ഗ്രൂപ്പ് കമ്പനികളിലെ ഇടിവിന് ഇനിയും അന്ത്യമായിട്ടില്ല. അദാനി കമ്പനികളുടെ വിലയിടിവ് എല്‍ഐസിയുടെ നിക്ഷേപം നഷ്ടത്തിലാകാന്‍ കാരണമാകും എന്നതുകൊണ്ട് എല്‍ഐസി ഓഹരിയും താഴ്ചയിലാണ്.
നിരക്ക് തീരുമാനം
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് നിരക്കു തീരുമാനത്തിനു പ്രധാനമായി പരിഗണിക്കുന്നത് പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ആണ്. ജനുവരിയില്‍ അത് 4.7 ശതമാനം വര്‍ധിച്ചു. ജനുവരിയിലെ പുതിയ പാര്‍പ്പിടവില്‍പന 7.2 ശതമാനം വര്‍ധിച്ചെന്ന കണക്കും വെള്ളിയാഴ്ച പുറത്തു വന്നു. വിലക്കയറ്റ നിരക്ക് പ്രതീക്ഷയിലും കൂടുതലായതും പുതിയ പാര്‍പ്പിടവില്‍പന പ്രതീക്ഷയേക്കാള്‍ കുതിച്ചു കയറിയതും പലിശവര്‍ധന തുടരും എന്ന ബോധ്യം ശക്തിപ്പെടുത്തി. കടപ്പത്ര വില താഴുകയും ഡോളര്‍ സൂചിക ഉയരുകയും ചെയ്തു. ഇപ്പോള്‍ 4.75 ശതമാനത്തിലുള്ള കുറഞ്ഞ നിരക്ക് 5.5 ശതമാനമാകും എന്ന് നിരീക്ഷകര്‍ കണക്കാക്കുന്നു.
ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായ നാലാമത്തെ പ്രതിവാര നഷ്ടം രേഖപ്പെടുത്തിയാണ് യുഎസ് വിപണി വെള്ളിയാഴ്ച അവസാനിച്ചത്. ഡൗ ജോണ്‍സ് 33,000 നും സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവര്‍ 500 സൂചിക 4000 നും താഴെ ക്ലോസ് ചെയ്തു. ഡൗ ജോണ്‍സ് 1.02% താഴ്ന്നപ്പാേള്‍ എസ് ആന്‍ഡ് പി 1.05 ശതമാനം കുറഞ്ഞു. നാസ് ഡാക് 1.69 ശതമാനം ഇടിഞ്ഞു. ആഴ്ചയില്‍ സൂചികകള്‍ക്ക് മൂന്നു ശതമാനം വീതം നഷ്ടമുണ്ട്. യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഫ്യൂച്ചേഴ്‌സില്‍ ഡൗ 0.06 ശതമാനം താണപ്പോള്‍ നാസ്ഡാക് 0.2 ശതമാനം ഉയര്‍ന്നു.
വിപണികള്‍
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ താഴ്ന്ന നിലയില്‍ വ്യാപാരം തുടങ്ങി. ജപ്പാനിലും കൊറിയയിലും തായ് വാനിലും ഓഹരികള്‍ ഗണ്യമായ ഇടിവിലാണ്. ചൈനയിലെ ഷാങ്ഹായ് സൂചിക 0.6 ശതമാനം താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വ്യാഴാഴ്ച 17,542 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 17,505 ലേക്കു താഴ്ന്നു. ഇന്നു രാവിലെ സൂചിക 17,490 ലേക്കു താഴ്ന്നിട്ടു 17,515 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച തുടക്കം മുതല്‍ താഴാേട്ടായിരുന്നു. രാവിലെ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ ഉച്ചയോടെ അരശതമാനം താഴ്ചയിലായി. പിന്നീട് അല്‍പം നഷ്ടം കുറച്ചു ക്ലോസ് ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസമാണു വിപണ താഴ്ചയില്‍ അവസാനിച്ചത്. സെന്‍സെക്‌സ് 141.87 പോയിന്റ് (0.24%) താണ് 59,463.93ലും നിഫ്റ്റി 45.45 പോയിന്റ് (0.26%) കുറഞ്ഞ് 17,465.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.21 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.17 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു.
വിപണി നീണ്ട ബെയറിഷ് മെഴുകുതിരി ഉണ്ടാക്കിയാണ് ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. 17,350 ലെ സപ്പോര്‍ട്ട് മേഖല തകര്‍ന്നാല്‍ 16,000 -നു താഴെ വരെ പോകാന്‍ സാധ്യത ഉണ്ടെന്നാണു വിലയിരുത്തല്‍. ഇന്നു നിഫ്റ്റിക്ക് 17,425ലും 17,320 ലും സപ്പോര്‍ട്ട് ഉണ്ട്. 17,565 ലും 17,675 ലും തടസങ്ങള്‍ നേരിടാം.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ചയും വലിയ തോതില്‍ ഓഹരികള്‍ വിറ്റു. 1470.3 കോടിയുടെ ഓഹരികള്‍. സ്വദേശി ഫണ്ടുകള്‍ 1400.98 കോടിയുടെ ഓഹരികള്‍ വാങ്ങി. ക്രൂഡ് ഓയില്‍ വില വീണ്ടും കയറി. 82 ഡോളറിലായിരുന്ന ബ്രെന്റ് ഇനം വില 83.16 ഡോളറിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 82.83 ഡോളറിലേക്കു കയറി. ആഗോള ഇന്ധനഡിമാന്‍ഡില്‍ കാര്യമായ കുറവ് വരില്ലെന്ന നിലപാടിലേക്കു വിപണി മാറി.
വ്യാവസായിക ലോഹങ്ങള്‍ വാരാന്ത്യത്തില്‍ കുത്തനേ താണു. ചൈനീസ് ഡിമാന്‍ഡ് പ്രതീക്ഷ പോലെ വര്‍ധിക്കാത്തതും പലിശ കൂടുമ്പോള്‍ ആവശ്യം കുറയാമെന്നതും ആണ്വി ഇടിവിനു കാരണം.
ചെമ്പ് 2.8 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8805.85 ഡോളറിലായി. അലൂമിനിയം 2.59% കുറഞ്ഞ് 2334.35 ഡോളറില്‍ എത്തി. സിങ്ക്, നിക്കല്‍, ലെഡ്, ടിന്‍ തുടങ്ങിയവ 1.2% മുതല്‍ നാലുവരെ ശതമാനം താഴ്ചയിലായി. വില ഇനിയും താഴുമെന്നാണു സൂചന.
ഡോളറും സ്വര്‍ണവും
സ്വര്‍ണം വീണ്ടും താണു. ഡോളറിന്റെ കയറ്റത്തില്‍ സ്വര്‍ണം ഇടിയുകയായിരുന്നു. 1808 ഡോളര്‍ വരെ താഴ്ന്ന വില വെള്ളിയാഴ്ച 1810-1812-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1813-1815 ഡോളറിലാണു സ്വര്‍ണം. കേരളത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി പവന് 240 രൂപ കുറഞ്ഞ് 41,200 രൂപയായി.
രൂപ വെള്ളിയാഴ്ച അല്‍പം ദുര്‍ബലമായി. ഡോളര്‍ 82.75 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഉയര്‍ന്നു നിന്നാല്‍ 83 രൂപയ്ക്കു മുകളിലേക്കു ഡോളര്‍ കയറാം. യൂറോ, പൗണ്ട് തുടങ്ങിയ കറന്‍സികള്‍ വാരാന്ത്യത്തില്‍ താഴാേട്ടു നീങ്ങി. ഡോളര്‍ സൂചിക 105.2 ആയി.
ജിഡിപി കണക്ക് ചൊവ്വാഴ്ച; വളര്‍ച്ചത്തോത് കുറയും
ചൊവ്വാഴ്ച ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ജിഡിപി വളര്‍ച്ചയുടെ കണക്കുകള്‍ പുറത്തു വരും. 2019-20 മുതലുള്ള കണക്കുകളുടെ പുതുക്കലും അതോടൊപ്പം നടക്കും. 2022-23 വാര്‍ഷിക വളര്‍ച്ചയുടെ നിഗമനവും തിരുത്തും.
2022-23 ലെ വളര്‍ച്ച ഏഴു ശതമാനം എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി (എന്‍എസ്ഒ) ന്റെ നിഗമനം. റിസര്‍വ് ബാങ്ക് ഡിസംബറില്‍ കണക്കാക്കിയത് 6.8 ശതമാനമാണ്. അതനുസരിച്ച് ഒക്ടോബര്‍-ഡിസംബറില്‍ 4.4 ഉം ജനുവരി-മാര്‍ച്ചില്‍ 4.2 ഉം ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നും വിലയിരുത്തി. റിസര്‍വ് ബാങ്ക് പ്രഫഷണല്‍ ധനശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ സര്‍വേ 4.6 ശതമാനം ആണു സൂചിപ്പിച്ചത്.
സാമ്പത്തിക നിരീക്ഷകരും റേറ്റിംഗ് ഏജന്‍സികളും മറ്റും അഞ്ചു ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ജൂലൈ - സെപ്റ്റംബറില്‍ 6.3 ഉം 2021 ഒക്ടോബര്‍-ഡിസംബറില്‍ 5.4 ഉം ശതമാനം വളര്‍ച്ച ഉണ്ടായിരുന്നതാണ്. അവയേക്കാള്‍ കുറവാകും വളര്‍ച്ച എന്നതു പ്രതീക്ഷിച്ച കാര്യം തന്നെയാണ്. ഫാക്ടറി ഉല്‍പാദനം, ഇ വേ ബില്ലുകള്‍, കയറ്റുമതി, റെയില്‍വേ ചരക്കു നീക്കം തുടങ്ങിയ നിര്‍ണായക സൂചകങ്ങളില്‍ ഇടിവുണ്ട്.
ആശങ്ക പരത്തി എല്‍ നിനോ വരുന്നു
ഈ വര്‍ഷം എല്‍ നിനോ പ്രതിഭാസം ഉണ്ടാകുമെന്നു കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. കൃത്യമായി ഏപ്രിലോടെയേ പറയാനാകൂ എന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രതികരണം. പസിഫിക് സമുദ്രത്തിലെ ഒരു പ്രതിഭാസമാണ് എല്‍ നിനോ. സമുദ്രത്തിലെ ഊഷ്മാവ് ക്രിസ്മസ്-പുതുവര്‍ഷ കാലത്ത് അസാധാരണമായി കൂടുന്നു. ഇതു തുടര്‍ന്നുള്ള കുറേ മാസങ്ങളില്‍ ആഗാേള കാലാവസ്ഥയെ മാറ്റിമറിക്കുന്നു. മഴയും വരള്‍ച്ചയും ക്രമം തെറ്റുന്നു. 2018 -ലെ കഴിഞ്ഞ എല്‍ നിനോ കാലത്ത് ഇന്ത്യയില്‍ കാലവര്‍ഷം പതിവിലും കുറവായിരുന്നു. (കേരളത്തില്‍ അക്കൊല്ലമാണ് 1924 - നു ശേഷമുള്ള ഏറ്റവും വലിയ പ്രളയം ഉണ്ടായത്.)
കാലവര്‍ഷം കുറയുന്നതു രാജ്യത്തെ കാര്‍ഷികോല്‍പാദനം കുറയ്ക്കും. ഗ്രാമീണ വരുമാനം കുറയും, വിലക്കയറ്റം ദുസ്സഹമാകും. ജിഡിപി വളര്‍ച്ചയിലും കുറവു വരാം. മറ്റു രാജ്യങ്ങളിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എല്ലാത്തവണയും എല്ലാ രാജ്യങ്ങളിലും ഒരേ പോലെയല്ല എല്‍ നിനോയുടെ ആഘാതം. അതുകൊണ്ട് ഇതേപ്പറ്റി പ്രവചനം എളുപ്പമല്ല. ചില കാലങ്ങളില്‍ എല്‍ നിനോ ചെറിയ ആഘാതമേ ഏല്‍പിക്കാറുള്ളൂ.