അദാനി ഗ്രൂപ്പ് ഓഹരികള്‍ വീണ്ടും ഇടിയുന്നു
അദാനി ഗ്രൂപ് കടങ്ങള്‍ തിരിച്ച് അടച്ചു എന്ന വാദം തെറ്റാണെന്ന മാധ്യമ റിപ്പോര്‍ട്ട് അദാനി ഓഹരികള്‍ക്ക് വിനയായി. വിപണികള്‍ സാധാരണ നിലയിലേക്ക് മടങ്ങുമോ? ബാങ്കിംഗ് ആശങ്കകള്‍ നീങ്ങുന്നു; വിദേശവിപണികള്‍ ഉയരാന്‍ ശ്രമിക്കുന്നു; വേദാന്തയുടെ സിഎഫ്ഒ രാജിവച്ചത് എന്തിന്?
അദാനി ഗ്രൂപ്പ് ഓഹരികള്‍ വീണ്ടും ഇടിവില്‍. ഇന്നലെ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 50,165 കോടി രൂപയുടെ താഴ്ചയാണുണ്ടായത്. രണ്ടു ദിവസത്തെ നഷ്ടം 80,000 കോടിക്കു മുകളിലാണ്. രണ്ടു മുതല്‍ എട്ടു വരെ ശതമാനം ഇടിവാണ് ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്.
തങ്ങളുടെ ഓഹരികള്‍ പണയം വച്ചുള്ള വായ്പകളെല്ലാം തിരിച്ചടച്ച് ഓഹരികള്‍ തിരികെ വാങ്ങി എന്ന ഗ്രൂപ്പിന്റെ അവകാശ വാദം തെറ്റാണെന്ന് ഒരു ഓണ്‍ ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എസിസിയും അംബുജ സിമന്റ്‌സും വാങ്ങാന്‍ എടുത്ത 400 കോടി ഡോളറിന്റെ ഹ്രസ്വകാല വായ്പയുടെ കാലാവധി നീട്ടിക്കിട്ടാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുകയാണെന്ന് ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്നാണു വിപണിയിലെ തകര്‍ച്ച.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം തങ്ങള്‍ കടങ്ങളെല്ലാം കാലാവധിയാകും മുമ്പേ അടച്ചുതീര്‍ത്തു എന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. അതു ശരിയല്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ഗ്രൂപ്പിന്റെ വിശ്വാസ്യതയ്ക്കു വലിയ തിരിച്ചടിയായി ഇത്.
ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടിനെപ്പറ്റി ബി എസ് ഇയും എന്‍ എസ് ഇയും അദാനി കമ്പനികളോടു വിശദീകരണം തേടിയിട്ടുണ്ട്.
അദാനി ഓഹരികളുടെ വില ഇടിഞ്ഞത് എല്‍ഐസിക്ക് ഗ്രൂപ്പിലുള്ള നിക്ഷേപങ്ങള്‍ നഷ്ടത്തിലാക്കി. ഇതാേടെ എല്‍ഐസി ഓഹരി വില 535 രൂപ വരെ താഴ്ന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരും മുന്‍പ് ഗ്രൂപ്പിന്റെ വിപണിമൂല്യം 19.2 ലക്ഷം കോടി രൂപ ആയിരുന്നു. റിപ്പോര്‍ട്ടിനു ശേഷം അത് 8.9 ലക്ഷം കോടിയായി ഇടിഞ്ഞു. പിന്നീടു 11 ലക്ഷം കോടിക്കു മുകളില്‍ തിരിച്ചെത്തി. ഇന്നലെ വിപണിമൂല്യം 10.3 ലക്ഷത്തിനു താഴെയാണ്.
വിപണികള്‍
വിദേശവിപണികള്‍ സാവധാനം സാധാരണ നിലയിലേക്കു തിരിച്ചു വരുന്നു. എങ്കിലും ആവേശകരമായ അന്തരീക്ഷം ആയിട്ടില്ല. ഇന്നലെയുഎസ് സൂചികകള്‍ ചെറിയ താഴ്ച കാണിച്ചെങ്കിലും ഇന്നു രാവിലെ ഏഷ്യയിലും ഓസ്‌ട്രേലിയയിലും വിപണികള്‍ ഉയര്‍ന്നു വ്യാപാരം നടത്തുന്നു.
നാളെ (വ്യാഴം) രാമനവമി പ്രമാണിച്ച് ഇന്ത്യന്‍ വിപണി അവധി ആയതിനാല്‍ മാര്‍ച്ചിലെ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകളുടെ സെറ്റില്‍മെന്റ് ഇന്നു നടക്കും. അദാനി ഗ്രൂപ്പ് ഓഹരികളില്‍ വീണ്ടും വില്‍പന സമ്മര്‍ദം വര്‍ധിച്ചത് ഇന്നും വിപണിയെ ഉലയ്ക്കാം. പാശ്ചാത്യ ബാങ്കിംഗ് പ്രതിസന്ധിയുടെ ആഘാതം വിപണിയില്‍ നിന്നു മാറിയതായി കരുതപ്പെടുന്നു.
യൂറോപ്യന്‍ സൂചികകള്‍ ഇന്നലെ നേരിയ ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു. യുഎസ് വിപണി സൂചികകള്‍ ചാഞ്ചാട്ടത്തിനു ശേഷം താഴ്ന്നു. ഡൗ ജോണ്‍സ് 0.12 ശതമാനവും. എസ് ആന്‍ഡ് പി 0.16 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. ടെക് ഓഹരികളുടെ ദൗര്‍ബല്യം തുടര്‍ന്നതോടെ നാസ്ഡാക് 0.45 ശതമാനം താഴ്ന്നു.
ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് ചെറിയ നേട്ടത്തിലാണ്. ഡൗ 0.13 ഉം എസ് ആന്‍ഡ് പി 0.16 ഉം നാസ്ഡാക് 0.12 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ വിപണി ഇന്ന് തുടക്കത്തിലെ താഴ്ചയില്‍ നിന്നു ചെറിയ നേട്ടത്തിലേക്കു മാറി. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും വിപണികള്‍ ഉയര്‍ന്നു വ്യാപാരമാരംഭിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.6 ശതമാനവും ഷാങ്ഹായ് സൂചിക 0.15 ശതമാനവും ഉയര്‍ന്നാണു വ്യാപാരം ആരംഭിച്ചത്. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി ചൊവ്വാഴ്ച ആദ്യ സെഷനില്‍ 16,990 ല്‍ ക്ലോസ് ചെയ്തു. രണ്ടാം സെഷനില്‍ 16,996 ലേക്ക് കയറി. ഇന്നു രാവിലെ സൂചിക 17,020 വരെ കയറിയിട്ട് അല്‍പം താണു. ഇന്ത്യന്‍ വിപണി ഇന്ന് അല്‍പം നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ടു ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നേരിയ താഴ്ചയില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 40.14 പോയിന്റ് (0.07%) താഴ്ന്ന് 57,613. 72ലും നിഫ്റ്റി 34 പോയിന്റ് (0.2%) കുറഞ്ഞ് 16,951.70 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.35 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.91 ശതമാനവും താഴ്ന്നാണു വ്യാപാരം അവസാനിച്ചത്.
ഐടി, വാഹന, മീഡിയ, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ വലിയ ഇടിവു കാണിച്ചു. ബാങ്ക്, ഫിനാന്‍സ് മേഖലകള്‍ നേട്ടമുണ്ടാക്കി. വിപണി ബെയറിഷ് മനാേഭാവത്തില്‍ തുടരുന്നു. 17,100 - 17,200 മേഖലയിലെ സമ്മര്‍ദം മറികടക്കാന്‍ നിഫ്റ്റിക്കു കഴിയുന്നില്ല. നിഫ്റ്റിക്ക് 16,920 ലും 16,830 ലും ആണു സപ്പോര്‍ട്ട്. 17,030 ലും 17,125 ലും തടസങ്ങള്‍ ഉണ്ടാകാം.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച 1531.13 കോടിയുടെ ഓഹരികള്‍ വാങ്ങി. ദിവസങ്ങള്‍ക്കു ശേഷമാണ് അവര്‍ വാങ്ങലുകാരാകുന്നത്. സ്വദേശി ഫണ്ടുകള്‍ 156.4 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ക്രൂഡ് ഓയിലും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് 78.65 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അര ശതമാനം കയറി 79.06 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങള്‍ ചെറിയ തോതില്‍ ഉയര്‍ന്നു. ചെമ്പ് 0.65 ശതമാനം കയറി 8933 ഡോളറിലും അലൂമിനിയം 1.07 ശതമാനം ഉയര്‍ന്ന് 2389 ഡോളറിലുമായി. നിക്കല്‍ , ടിന്‍, സിങ്ക്, ലെഡ് എന്നിവയും കയറ്റത്തിലാണ്.
സ്വര്‍ണവില ചാഞ്ചാടി. 1948 ല്‍ നിന്ന് 1976 ഡോളര്‍ വരെ കയറിയ ശേഷം 1973-1975 -ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1968-1970 ഡോളറിലേക്കു താഴ്ന്നു വ്യാപാരം നടക്കുന്നു. വെള്ളി 23 ഡോളറിനു മുകളില്‍ തുടരുന്നു. കേരളത്തില്‍ ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 43,600 രൂപയായി.
ക്രിപ്‌റ്റോ കറന്‍സികള്‍ ചെറിയ മേഖലയില്‍ കയറിയിറങ്ങി. ബിറ്റ് കോയിന്‍ 27,000 ഡോളറിനു തൊട്ടു മുകളില്‍ തുടരുന്നു.. ബിനാന്‍സിനെതിരായ യുഎസ് നടപടി ക്രിപ്‌റ്റോ വിപണിയില്‍ വ്യാപാര വ്യാപ്തം കുറച്ചു. കഴിഞ്ഞ ദിവസം ആറു ശതമാനം വിലയിടിഞ്ഞ ബിനാന്‍സ് കോയിന് ഇന്ന് 25,700 രൂപ വിലയുണ്ട്. തിങ്കളാഴ്ച രൂപ ഉയര്‍ന്നു. ഡോളര്‍ 18 പൈസ താഴ്ന്ന് 82.19 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക കയറ്റിറക്കങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച 102.42 ല്‍ അവസാനിച്ചു. ഇന്ന് 102.55 ലാണ് സൂചിക.
വേദാന്തയുടെ ലാഭവീതവും സിഎഫ്ഒയുടെ രാജിയും
വേദാന്ത ലിമിറ്റഡ് ഈ വര്‍ഷം അഞ്ചാം തവണയും ലാഭവീതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 20.5 രൂപ വീതം നല്‍കും. ഇതിനു ചെലവ് 7621കോടി രൂപ.
ഇതോടെ കമ്പനി ഈ വര്‍ഷം നല്‍കിയ ലാഭവീതം ഓഹരി ഒന്നിന് 101.5 രൂപയായി. ആകെ ചെലവ് 37,730 കോടി രൂപ. വേദാന്തയിലെ 69.69 ശതമാനം ഓഹരി പ്രൊമോട്ടര്‍മാര്‍ക്കാണ്. അവര്‍ക്കു കിട്ടുന്നത് 26,400 കോടി.
അനില്‍ അഗര്‍വാള്‍ നയിക്കുന്ന കമ്പനിക്ക് ഡിസംബറില്‍ 23,474 കോടി രൂപയുടെ റിസര്‍വും 61,550 കോടിയുടെ കടവും ആണുണ്ടായിരുന്നത്. ലാഭവീതം കടം കുറയ്ക്കാന്‍ ഉപയോഗിക്കും.
വേദാന്ത ഗ്രൂപ്പിലെ ഹിന്ദുസ്ഥാന്‍ സിങ്ക് ഇക്കൊല്ലം 32,000 കോടി രൂപ ലാഭവീതം നല്‍കിയിരുന്നു. ഗ്രൂപ്പിന്റെ കടം കുറയ്ക്കാനാണ് റിസര്‍വ് മുഴുവന്‍ തന്നെ ലാഭവീതമായി എടുക്കുന്നത്. ഇതിനിടെ വേദാന്ത ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സിഎഫ്ഒ) അജയ് ഗോയല്‍ രാജി വച്ചു. ഗ്രൂപ്പിനു പുറത്ത് പണി തേടുകയാണു ലക്ഷ്യം
യുപിഐ പണകൈമാറ്റത്തിനു ഫീസ്
യുപിഐ (യൂണിവേഴ്‌സല്‍ പേമെന്റ് ഇന്റര്‍ഫേസ് ) വഴിയുള്ള പണ കൈമാറ്റത്തിനു ഫീസ് പ്രഖ്യാപിച്ചു. 2000 രൂപയില്‍ കൂടിയ ഇടപാടുകള്‍ക്ക് 0.15 ശതമാനമാണു ഫീസ്.
ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ സൗജന്യമായി തുടരും. 2000 രൂപയില്‍ കുടുതല്‍ ഡിജിറ്റല്‍ വോലറ്റ് വഴി കൈമാറുമ്പോള്‍ ഫീസ് എന്നാണു നിര്‍ദേശം. ഡിജിറ്റല്‍ വോലറ്റ് യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്തിയതോടെ വോലറ്റ് ഉടമകള്‍ക്കു ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വ്യാപാരം നടത്താം.
വോലറ്റ് ഇഷ്യു ചെയ്യുന്ന സ്ഥാപനത്തിന് ഇടപാടില്‍ 1.1 ശതമാനം കിട്ടും. അവര്‍ ബാങ്കിന് 0.15 ശതമാനം നല്‍കണം. പേയ്ടിഎം പോലുള്ള സേവന ദാതാക്കള്‍ക്കു വരുമാനം വര്‍ധിക്കും.