തിരിച്ചു വരാൻ ശ്രമിച്ചു ബുള്ളുകൾ; യുഎസ് കുതിപ്പ് ഉയർച്ചയെ സഹായിക്കുമെന്നു പ്രതീക്ഷ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

ഓഹരി വിപണി തിരിച്ചു കയറുമോ? സി എസ് ബി ബാങ്ക് ഐ ഡി ബി ഐയിൽ ലയിക്കുമോ? ജിഡിപി വളർച്ചയിൽ ആശയും ആശങ്കയും

Update:2023-01-09 08:39 IST

പുതു വർഷത്തിലെ ആദ്യ ആഴ്ചയുടെ നഷ്ടം നികത്താൻ സഹായിക്കും എന്ന പ്രതീക്ഷയോടെയാണ് ഇന്നു രണ്ടാം വാരത്തിലേക്കു വിപണി കടക്കുന്നത്. വെള്ളിയാഴ്ച യുഎസ് വിപണി വലിയ കുതിപ്പോടെ വ്യാപാരം അവസാനിപ്പിച്ചത് പ്രതീക്ഷയ്ക്കു കരുത്തു പകരുന്നു. എന്നാൽ കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും ഇന്ത്യയിലെയും യുഎസിലെയും ചില്ലറ വിലക്കയറ്റവും വിപണി ഗതിയെ നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കും. വിലക്കയറ്റം പ്രതീക്ഷ പോലെ താഴുന്നില്ലെങ്കിൽ വിപണി വിപരീത ദിശയിലേക്കു മാറാം. സാങ്കേതിക സൂചനകളും വിപണിയിൽ ഇപ്പോൾ തിരിച്ചു കയറ്റത്തിന് അനുകൂലമല്ല. എങ്കിലും ബുള്ളുകൾ ഇന്നു പ്രതീക്ഷയോടെയാണു വിപണിയിലിറങ്ങുന്നത്.

വെള്ളിയാഴ്ച താെഴിൽ കണക്കുകളിലെ ഒരു ചെറിയ ഭാഗമാണു യുഎസ് വിപണിയെ ഉയർത്തിയത്. താെഴിൽ വർധനയുടെയും മിനിമം വേതന വർധനയുടെയും തോതു കുറഞ്ഞു. ഒറ്റത്തവണത്തെ കുറവിനെ അനുകൂല ഘടകമായി വിപണി വ്യാഖ്യാനിച്ചു. ഫെഡ് നിരക്കു വർധനയുടെ തോത് 50 ബേസിസ് പോയിന്റിൽ നിന്ന് 25 ബേസിസ് പോയിന്റ് ആയി കുറയ്ക്കും എന്നും വിപണി പ്രത്യാശിക്കുന്നു. ഇതാണ് ഡൗ ജോൺസ് 2.13 ശതമാനവും നാസ്ഡാക് 2.56 ശതമാനവും കുതിക്കാൻ കാരണമായത്. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്.
ഇന്നു രാവിലെ ഓസ്ട്രേലിയൻ വിപണിയിൽ എഎസ്എക്സ് സൂചിക ഒരു ശതമാനം ഉയർന്നാണു വ്യാപാരമാരംഭിച്ചത്. ജപ്പാനിൽ വിപണി അവധിയാണ്. കൊറിയൻ വിപണി ഒന്നേകാൽ ശതമാനം കുതിച്ചു. ചെെനയിലും വിപണി ഉയർച്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,959-ൽ നിന്ന് 18,109 ലേക്കു കയറി. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 18,125- ൽ എത്തിയിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി മറ്റൊരു സമഗ്ര തകർച്ചയാണു നേരിട്ടത്. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. ഐടി സൂചിക രണ്ടു ശതമാനമാണ് ഇ ടിഞ്ഞത്. മെറ്റൽ, ബാങ്കിംഗ്, ധനകാര്യ, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ വലിയ താഴ്ചയിലായി.
സെൻസെക്സ് 452.9 പോയിന്റ് (0.75%) താഴ്ന്ന് 59,900.4 ലും നിഫ്റ്റി 132.7 പോയിന്റ് (0.74%) താഴ്ന്ന് 17,859.5 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും 0.8 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റിക്ക് ആഴ്ചയിൽ 1.4 ഉം സെൻസെക്സിന് 1.5-ഉം ശതമാനം ഇടിവുണ്ടായി.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ നിന്ന് 2902.46 കോടി രൂപ പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 1083.17 കോടിയുടെ ഓഹരികൾ വാങ്ങി.
വിദേശനിക്ഷേപകർ കഴിഞ്ഞ ആഴ്ച മുഴുവൻ വിൽപനയിലായിരുന്നു. 5900 കോടി രൂപയാണ് അവർ അഞ്ചു ദിവസം കൊണ്ടു പിൻവലിച്ചത്. ചെെനയിലേക്കു നിക്ഷേപം മാറ്റാനാണ് പല ഫണ്ടുകളും വിൽക്കുന്നത്. ചെെന കോവിഡ് നിയന്ത്രണങ്ങൾ നീക്കിയത് അവസരമായി അവർ കാണുന്നു.
വിപണി ബെയറിഷ് ആയാണു ക്ലോസ് ചെയ്തത്. ട്രെൻഡ് ലൈനുകൾ നോക്കിയാൽ 17,750-ൽ നിഫ്റ്റിക്കു ശക്തമായ പിന്തുണ ഉണ്ട്. അവിടെ നിന്നു തിരിച്ചു കയറ്റത്തിനു ശ്രമിക്കാം. ഇന്ന് 17,805-ൽ സപ്പോർട്ട് ഉണ്ട്. കയറുമ്പോൾ 18,000 ഉം 18,150-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ വാരാന്ത്യത്തിൽ താഴ്ന്ന് 78.57 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ കയറ്റത്തിലാണ്. ബ്രെന്റ് ഇനം 79.13 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലാണ്. ചെമ്പ് ഒരു ശതമാനത്തോളം താഴ്ന്നപ്പോൾ അലൂമിനിയം രണ്ടു ശതമാനം ഉയർന്നു. നിക്കൽ എട്ടു ശതമാനത്തോളം ഇടിഞ്ഞു.
സ്വർണം വെള്ളിയാഴ്ച 1875 ഡോളർ വരെ ഉയർന്നു. യുഎസ് പലിശ വർധനയുടെ തോത് കുറയും എന്ന നിഗമനമാണു സ്വർണ ബുള്ളുകൾ വിപണിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായിച്ചത്. ഇന്നു രാവിലെ 1874 -1876 ഡോളറിലാണു സ്വർണം. ഇനിയും കയറുമെന്നാണു സൂചന. കേരളത്തിൽ ശനിയാഴ്ച സ്വർണവില പവന് 320 രൂപ വർധിച്ച് 41,040 രൂപയായി. ഇന്നു രൂപയുടെ നിരക്ക് മാറുന്നതനുസരിച്ച് സ്വർണ വിലയും മാറും.
ഡോളർ കഴിഞ്ഞയാഴ്ച 82.72 രൂപയിലാണു ക്ലോസ് ചെയ്തത്. ഡോളർ സൂചിക 103.88-ൽ അവസാനിച്ചു. ഇന്നു ഡോളർ സൂചിക 103.7 നും 104 -നുമിടയിൽ ചാഞ്ചാടി.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിനെ എറെറടുക്കാൻ കനേഡിയൻ സമ്പന്നൻ പ്രേം വത്സയുടെ ഫെയർ ഫാക്സ് ഗ്രൂപ്പ് രംഗത്ത്. എമിറേറ്റ്സ് എൻബിഡി ബാങ്കാണ് താൽപര്യപത്രം നൽകിയ മറ്റൊരു ഗ്രൂപ്പ്. ഐഡിബിഐ ബാങ്കിൽ സർക്കാരിനും എൽഐസിക്കും കൂടി 60.72 ശതമാനം ഓഹരിയുണ്ട്. അതു വാങ്ങാൻ ഇപ്പാേഴത്തെ വിപണി വില വച്ച് 38,000 കോടിയിലധികം രൂപ വേണം. കാത്തലിക് സിറിയൻ (സിഎസ്ബി) ബാങ്കിൽ നിർണായക ഓഹരി പങ്കാളിത്തം ഉണ്ട് ഫെയർ ഫാക്സിന്. അവർ ഐഡിബിഐ ബാങ്ക് സ്വന്തമാക്കിയാൽ സിഎസ്ബി ബാങ്കിനെ അതുമായി സംയോജിപ്പിച്ചെന്നു വരാം.
ചില്ലറ വിലക്കയറ്റം വർധിച്ചാൽ ...
ഡിസംബറിലെ ഇന്ത്യൻ വിലക്കയറ്റ കണക്കു ചൊവ്വാഴ്ച വൈകുന്നേരമാണു പുറത്തുവിടുക. നവംബറിൽ 5.88 ശതമാനമായിരുന്നു വിലക്കയറ്റം. പത്തു മാസത്തിനു ശേഷമാണ് വിലക്കയറ്റം ആറു ശതമാനത്തിനു താഴെ വന്നത്. അത്രയും കുറവ് പ്രതീക്ഷിച്ചിരുന്നില്ല. ഡിസംബറിലെ ചില്ലറ വിലക്കയറ്റം അത്ര കുറയില്ലെന്നാണു നിഗമനം. 6.5 ശതമാനത്തിനടുത്താകും എന്നു പലരും കരുതുന്നു. തലേ വർഷം ഇതേ മാസം വിലക്കയറ്റത്തോത് കുറവായിരുന്നതു നിരക്ക് കൂടി നിൽക്കാൻ കാരണമാകും.
ഒക്ടോബർ - ഡിസംബർ കാലയളവിൽ വിലക്കയറ്റം 6.6 ശതമാനമായിരിക്കും എന്നാണു റിസർവ് ബാങ്ക് വിലയിരുത്തൽ. വിലക്കയറ്റത്തിൽ നാടകീയ കുറവ് വരുന്നില്ലെങ്കിൽ റിസർവ് ബാങ്ക് അടുത്ത പണനയ വിശകലനത്തിൽ റീപോ നിരക്ക് വർധിപ്പിക്കും എന്നാണു നിഗമനം. 25 ബേസിസ് പോയിന്റ് വർധനയാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം റീപോ നിരക്ക് നാലിൽ നിന്ന് 6.25 ശതമാനമായി വർധിപ്പിച്ചിരുന്നു. 6.5 ശതമാനമാക്കുന്നതോടെ വർധനയ്ക്കു വിരാമമാകുമെന്നു കരുതെപ്പെടുന്നു.
യുഎസ് ചില്ലറ വിലക്കയറ്റ കണക്കും ചൊവ്വാഴ്ച വരും. നവംബറിലെ 7.1 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറയും എന്നാണു പ്രതീക്ഷ. കാതൽ വിലക്കയറ്റം ആറിൽ നിന്ന് 5.7 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. അത്രയും കുറഞ്ഞാൽ ഫെബ്രുവരി ഒന്നിലെ
ഫെഡ് കമ്മിറ്റി നിരക്കു വർധന 25 ബേസിസ് പോയിന്റിൽ നിർത്തും. അല്ലെങ്കിൽ 50 ബേസിസ് പോയിന്റ് കൂട്ടും. കഴിഞ്ഞ വർഷം ഫെഡ് നിരക്ക് 4.25 ശതമാനം കൂട്ടിയതാണ്.

ജിഡിപി വളർച്ചയിൽ ആശയും ആശങ്കയും
ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി ഏഴു ശതമാനം വളരുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ). കഴിഞ്ഞ വർഷം 8.7 ശതമാനം വളർന്നതാണ്. റിസർവ് ബാങ്കും ഐഎംഎഫും 6.8 ശതമാനം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് ഏഴു ശതമാനം.
സ്ഥിരവിലയിൽ ജിഡിപി 147.36 ലക്ഷം കോടി രൂപയിൽ നിന്ന് 157.6 ലക്ഷം കോടിയാകും. അതേ സമയം തന്നാണ്ടു വിലയിൽ 236.95 ലക്ഷം കോടിയിൽ നിന്ന് 273.08 ലക്ഷം കോടിയായി. വർധന 15.4 ശതമാനം.
വാർഷിക വളർച്ച ഏഴു ശതമാനമാകുമ്പോൾ ഒക്ടോബർ- മാർച്ച് കാലത്തെ വളർച്ച 4.5 ശതമാനം മാത്രമായിരിക്കും. ഏപ്രിൽ- സെപ്റ്റംബർ കാലത്ത് 9.7 ശതമാനം വളർന്നിരുന്നു. 2020-21 ഒന്നാം പകുതിയിൽ കോവിഡ് ലോക്ക് ഡൗൺ മൂലം ജിഡിപി ചുരുങ്ങി. പിറ്റേ വർഷം ആദ്യ പാദത്തിൽ കോവിഡ് രണ്ടാം തരംഗം മൂലം വളർച്ച വീണ്ടും കുറവായി. ഈ വർഷം അവയിൽ നിന്നു കയറിയപ്പോൾ ഒന്നാം പകുതി വളർച്ചയുടെ തോത് കൂടി. രണ്ടാം പകുതിയിൽ മുൻപു വളർച്ചത്തോതു വലുതായി കുറയാത്തതിനാൽ ഇത്തവണ വളർച്ച നിരക്ക് അധികം കൂടിയില്ല.
ജിഡിപിയുടെ ഒന്നാമത്തെ മുൻകൂർ നിഗമനമാണിത്. മേയ് 31-ന് ഒന്നാമത്തെ ഇടക്കാല നിഗമനം പുറത്തുവിടും. അതു തുടർന്നു രണ്ടു വർഷങ്ങളിൽ മൂന്നുതവണ പുതുക്കും. ചില വർഷങ്ങളിൽ മുൻകൂർ നിഗമനത്തിൽ നിന്ന് ഒരു ശതമാനം വരെ വ്യത്യാസം അവസാന കണക്കിൽ വരാറുണ്ട്.
ബജറ്റിന് ആശ്വാസം
തന്നാണ്ടു വിലയിലെ ജിഡിപി വളർച്ച 11.1 ശതമാനം എന്നു കണക്കാക്കിയാണ് 2022-23 ബജറ്റ് തയാറാക്കിയത്. അതുപ്രകാരം ജിഡിപിയുടെ 6.4 ശതമാനം അഥവാ 16.61 ലക്ഷം കോടി രൂപ കമ്മി കണക്കാക്കി. ഇപ്പോൾ തന്നാണ്ടു വിലയിലെ ജിഡിപി കൂടുതൽ വരുന്നതിനാൽ കമ്മി അൽപം കൂടിയാലും കുഴപ്പമില്ല. ജിഡിപി കൂടുന്നതിനാൽ നികുതി വരുമാനവും കൂടും. രണ്ടും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് തയാറാക്കലിനെ എളുപ്പമാക്കും.
അതേസമയം വളർച്ചത്തോതു കുറഞ്ഞു വരുന്നു എന്നതു ഗൗരവമേറിയ കാര്യമാണ്. കോവിഡിനു മുൻപു വളർച്ച ഇടിഞ്ഞു വരികയായിരുന്നു. കോവിഡിനു ശേഷം സാങ്കേതികമായി വളർച്ചത്തോത് വർധിച്ചു. എന്നാൽ അതിന്റെ പ്രഭാവം ഇപ്പോൾ അവസാനിക്കുകയാണ്. വീണ്ടും നിരക്കു താഴോട്ടു നീങ്ങുന്നു. അടുത്ത ധനകാര്യ വർഷം ആറു ശതമാനം വളർച്ചയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ആഗാേള തളർച്ച അതിനു വീണ്ടും കുറവു വരുത്തുമോ എന്ന് ആശങ്കയുണ്ട്.


Tags:    

Similar News