വിദേശ സൂചനകൾ ദുർബലം; ക്രൂഡ് ഉയരത്തിൽ; രൂപയ്ക്ക് ഇടിവ്; കോവിഡ് ഭീതി കുറയുന്നു
2023 - ൽ വിപണി പ്രതീക്ഷിക്കുന്നത്. ഓഹരി വിപണി ഇനിയും മുന്നേറുമോ? സ്വർണ്ണ വില എങ്ങോട്ട്?
രണ്ടു ദിവസം കൊണ്ട് 1.8 ശതമാനം ഉയർന്ന് ഇന്ത്യൻ വിപണിയിലെ മുഖ്യ സൂചികകൾ നല്ല മുന്നേറ്റ സൂചന നൽകി. വർഷത്തിലെ അവസാന ആഴ്ച സാന്താ റാലി നടക്കുകയാണെന്ന ധാരണ ജനിപ്പിച്ചു. എന്നാൽ ക്രിസ്മസ് അവധിക്കു ശേഷം തുറന്ന പാശ്ചാത്യ വിപണി ആ ധാരണയെ ശരിവയ്ക്കുന്ന മട്ടിലല്ല നീങ്ങിയത്. ഡൗ ജോൺസ് നാമമാത്ര (0.11%) നേട്ടം കാണിച്ചെങ്കിലും എസ് ആൻഡ് പി 0.4 ശതമാനവും നാസ്ഡാക് 1.38 ശതമാനവും ഇടിഞ്ഞു. ഇന്നു വിപണികളെ ദുർബലമാക്കാവുന്ന സൂചനകളാണു പാശ്ചാത്യ വിപണിയുടെ ഫ്യൂച്ചേഴ്സ് നൽകുന്നത്.
ഇന്നു രാവിലെ എഷ്യൻ വിപണികൾ താഴ്‌ചയിലാണു വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കൈ അര ശതമാനം താഴ്ന്നു.. ദക്ഷിണ കൊറിയയിലെ കോസ്പി രണ്ടു ശതമാനം ഇടിവോടെ വ്യാപാരം ആരംഭിച്ചു. ചെെനീസ് വിപണി തുടക്കത്തിൽ താഴ്ചയിലാണ്. എന്നാൽ ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,148 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,023 ലേക്കു താഴ്ന്നിട്ട് 18,070 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങിയിട്ട് മിനിറ്റുകൾക്കകം കുത്തനേ താണു. കുറേ സമയം ചാഞ്ചാടിയിട്ട് വിപണി ക്രമമായി മുന്നേറി. സെൻസെക്സും നിഫ്റ്റിയും ദിവസത്തിലെ ഉയർന്ന നിലയ്ക്കു സമീപം ക്ലാേസ് ചെയ്തു. രണ്ടു ദിവസം കൊണ്ടു സെൻസെക്സ് 1082 - ഉം (1.8%) നിഫ്റ്റി 325 - ഉം (1.82%) പോയിന്റ് നേട്ടമുണ്ടാക്കി.
ഇന്നലെ സെൻസെക്സ് 361.01 പോയിന്റ് (0.6%) ഉയർന്ന് 60,927.43 ലും നിഫ്റ്റി 117.7 പോയിന്റ് (0.65%) കയറി 18,132.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.99 - ഉം സ്മോൾ ക്യാപ് സൂചിക 1.19 ഉം ശതമാനം ഉയർന്നു.
എല്ലാ മേഖലകളും ഉയർന്ന ഇന്നലെ 4.23 ശതമാനം നേട്ടത്തോടെ മെറ്റൽ കമ്പനികളുടെ സൂചികയാണ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. ജിൻഡൽ സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ജെഎസ് ഡബ്ള്യു സ്റ്റീൽ, സെയിൽ, ഹിൻഡാൽകോ, വേദാന്ത തുടങ്ങിയവ കുതിച്ചു.
റിയൽറ്റി, ഐടി, ഓയിൽ, ഓട്ടോ, കൺസ്യൂമർ ഡ്യുറബിൾസ് , ബാങ്കിംഗ് തുടങ്ങിയ മേഖലകളും നന്നായി കയറി.
പഞ്ചസാര വില ലോക വിപണിയിൽ റിക്കാർഡ് ഉയരത്തിലായി. കയറ്റുമതി ക്വോട്ട വർധിപ്പിച്ചു കിട്ടിയാൽ ഇന്ത്യൻ കമ്പനികൾക്കു വലിയ ലാഭം കൊയ്യാം. പഞ്ചസാര ഓഹരികൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി.
കോവിഡ് സംബന്ധിച്ച ആശങ്കകൾ ഒട്ടൊക്കെ മറികടന്ന രീതിയാണു വിപണി കാണിച്ചത്. ക്രൂഡ് ഓയിൽ 84 ഡോളറിനു മുകളിലായതിലും വിപണി ആശങ്ക കാണിക്കുന്നില്ല.
ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുകയാണ്. ബ്രെന്റ് ഇനം ഇന്നു രാവിലെ 84.35 ഡോളറിലാണ്. ജി7 പ്രഖ്യാപിച്ച ഉപരോധത്തോടു സഹകരിക്കുന്നവർക്ക് ക്രൂഡ് നൽകില്ല എന്നാണു റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ പുതിയ ഉത്തരവ്. പക്ഷേ, വിപണി ഇതിനോടു കാര്യമായി പ്രതികരിക്കുന്നില്ല.
ചൈനയിലെ ഷാങ്ഹായ് വിപണിയിൽ വ്യാവസായിക ലോഹങ്ങൾ രണ്ടു ശതമാനത്തോളം ഉയർന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ലോഹങ്ങളുടെ ഡിമാൻഡ് കൂടുമെന്നാണു പ്രതീക്ഷ. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് ക്രിസ്മസ് അവധി കഴിഞ്ഞു തുറന്നിട്ടില്ല.
സ്വർണം വലിയ കുതിപ്പു നടത്തിയെങ്കിലും പിടിച്ചു നിൽക്കാനായില്ല. ചൊവ്വാഴ്ച 1802 ഡോളറിൽ നിന്ന് 1832 ഡോളറിലേക്കു സ്വർണം കയറിയതാണ്. പക്ഷേ ക്ലോസ് ചെയ്തത് 1813 - 1815 ഡോളറിൽ. ഇന്നു രാവിലെ 1812-1814 ഡോളറിലാണ് വ്യാപാരം.
കേരളത്തിൽ സ്വർണം പവന് ഇന്നലെ വില മാറ്റമില്ല. 39,960 രൂപയിൽ തുടർന്നു.
രൂപ ഇന്നലെ വീണ്ടും ദുർബലമായി. തലേന്നത്തെ നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തി. ഡോളർ 20 പൈസ നേട്ടത്തോടെ 82.85 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ 104.18 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.35 ലേക്കു കയറി.
2023 - ൽ വിപണി പ്രതീക്ഷിക്കുന്നത്
യുഎസ് ഓഹരി വിപണി പുതു വർഷത്തിൽ കുടുതൽ താഴ്ചയിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ നിക്ഷേപ ബാങ്കുകൾ. ഈ വർഷം ആദ്യ ഒൻപതു മാസവും താഴുകയായിരുന്ന യുഎസ് എസ് ആൻഡ് പി സൂചിക ഒക്ടോബർ പകുതിക്കു ശേഷം പത്തു ശതമാനം ഉയർന്നതാണ്. ഇന്നലെ 4000 -ന് അൽപം താഴെയായി ക്ലാേസ് ചെയ്തു.
മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തലിൽ എസ് ആൻഡ് പി 2023 ആദ്യം 3000 - 3300 മേഖലയിലേക്കു താഴും. ഈ വർഷത്തെ റിക്കാർഡ് നിലയിൽ നിന്ന് 37.5 ശതമാനം താഴെയാകും അത്. കമ്പനികളുടെ ലാഭം കുറയുന്നതാണു കാരണം. യുഎസ് മാന്ദ്യത്തിലേക്കു നീങ്ങുമ്പോൾ കമ്പനികൾക്കു ലാഭം കുറയുമെങ്കിലും ജീവനക്കാരുടെ വേതനമടക്കമുള്ള ചെലവുകൾ വർധിക്കുമെന്ന് അവർ കണക്കാക്കുന്നു. എന്നാൽ വർഷാവസാനത്താേടെ സൂചിക 3900 - ൽ തിരിച്ചെത്തും എന്നാണു നിഗമനം.
ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നത് 2023 ആദ്യ പകുതിയിൽ എസ് ആൻഡ് പി പത്തു ശതമാനം താഴ്ന്ന് 3600-ൽ എത്തുമെന്നാണ്. യുഎസ് മാന്ദ്യത്തിലാകില്ല എന്ന നിഗമനത്തിലാണ് ഈ പ്രവചനം. മറിച്ച് മാന്ദ്യത്തിലേക്ക് വീണാൽ 3100 ലേക്കു എസ് ആൻഡ് പി വീഴും.
ഡോയിഷ് ബാങ്ക് 2023 രണ്ടാം പകുതിയിലാണ് മാന്ദ്യം പ്രതീക്ഷിക്കുന്നത്. അപ്പോൾ എസ് ആൻഡ് പി 3250 ൽ എത്തിയ ശേഷം വർഷാന്ത്യത്തിൽ 4500 ലേക്ക് ഉയരുമെന്നാണ് പ്രവചനം.