തിരുത്തൽ മേഖലയിലേക്കു വിപണി; വിദേശ സൂചനകളും നെഗറ്റീവ്; ചൈനയിലേക്കു വിദേശഫണ്ടുകൾ ഒഴുകുന്നു; തെരഞ്ഞെടുപ്പുഫലവും പണനയവും നിർണായകം

ക്രൂഡ് ഓയിൽ 80 ഡോളറിനു മുകളിൽ, സ്വർണം ഇടിവിൽ

Update:2024-10-08 07:29 IST

IMAGE: CANVA

Read this story in English - https://bit.ly/4817mLu


ഇന്ത്യൻ വിപണി തിരുത്തൽ മേഖലയിലേക്ക് അതിവേഗം നീങ്ങുകയാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളും നാളെ വരുന്ന പണനയ പ്രഖ്യാപനവുമാണ് വിപണിയെ പ്രധാനമായി സ്വാധീനിക്കുക. ക്രൂഡ് ഓയിൽ വില 81 ഡോളറിനു മുകളിൽ കയറിയിട്ട് അൽപം താഴ്ന്നു. യുഎസ് വിപണി കഴിഞ്ഞ രാത്രി ഒരു ശതമാനം ഇടിഞ്ഞതു വിപണി മനോഭാവത്തെ കൂടുതൽ ബെയറിഷ് ആക്കുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,895 ൽ ക്ലാേസ് ചെയ്തു. ഇന്ന് 24,865 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച അൽപം നേട്ടത്തിൽ അവസാനിച്ചു.

യുഎസ് വിപണികൾ തിങ്കളാഴ്ച ഒരു ശതമാനം ഇടിഞ്ഞു. സെപ്റ്റംബറിലെ തൊഴിൽ കണക്ക് ഉയർന്ന പലിശ കുറയ്ക്കൽ വേണ്ട എന്നതിലേക്കു യുഎസ് ഫെഡിനെ നയിക്കും എന്ന നിഗമനവും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പുമാണു വിപണിയെ ഇടിച്ചിട്ടത്.

ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 398.51പോയിൻ്റ് (0.94%) ഇടിഞ്ഞ് 41,954.24 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 55.13 പോയിൻ്റ് (0.96%) നഷ്ടത്തോടെ 5695.94 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 213.95 പോയിൻ്റ് (1.18%) താഴ്ന്ന് 17,923.90 ൽ ക്ലോസ് ചെയ്തു.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഒരു ലക്ഷം ഗ്രാഫിക് പ്രോസസർ യൂണിറ്റുകൾ ഓരോ പാദത്തിലും വിൽക്കുന്നതായി അറിയിച്ച സൂപ്പർ മൈക്രോ കംപ്യൂട്ടർ ഓഹരികൾ 16 ശതമാനം കുതിച്ചു. എൻവിഡിയ രണ്ടര ശതമാനം കയറി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ കയറ്റത്തിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.10 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.02 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് നിക്ഷേപനേട്ടം. പലിശകൾ സാവധാനമേ കുറയൂ എന്ന വിലയിരുത്തലിലേക്കു വിപണി മാറി.

ഏഷ്യൻ വിപണികൾ പലതും ഇന്നു നഷ്ടത്തിലാണ്. ജാപ്പനീസ് വിപണിയിൽ നിക്കൈ മുക്കാൽ ശതമാനം താഴ്ന്നു. പത്തു ദിവസത്തെ അവധിക്കും ശേഷം ചൈനീസ് വിപണി ഇന്നു തുറന്നപ്പോൾ 10 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 2022 ഫെബ്രുവരിക്കു ശേഷം ആദ്യമായി ഇന്നലെ 23,000 നു മുകളിൽ കയറി. മൂന്നാഴ്ച കൊണ്ട് ഹാങ് സെങ് 34 ശതമാനമാണു കുതിച്ചത്. ചൈനയിലെ ഉത്തേജകമാണു കാരണം. ഇന്നു ഹാങ് സെങ് രണ്ടു ശതമാനം താണു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ചയും വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഒരു ശതമാനത്തോളം ഇടിഞ്ഞു. രാവിലെ ഗണ്യമായി ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വീണ്ടും ഇടിയുകയായിരുന്നു. തുടർച്ചയായ ആറാം ദിവസമാണു വിപണി ഇടിഞ്ഞത്.

റെക്കോർഡ് നിലയായ 85,978.25 ൽ നിന്നു 4928 പോയിൻ്റ് അഥവാ 5.73 ശതമാനം താഴെയാണു സെൻസെക്സ് ഇന്നലെ അവസാനിച്ചത്. നിഫ്റ്റി 26,277.35 എന്ന റെക്കോർഡിൽ നിന്ന് 1481.60 പോയിൻ്റ് (5.67 ശതമാനം) ഇടിഞ്ഞു നിൽക്കുന്നു. പതനം തുടരുമെന്നും മിതമായ തിരുത്തലിനു ശേഷമേ തിരിച്ചു കയറൂ എന്നും വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്നാൽ ഒരു വർഷം മുൻപത്തെ നിലയേക്കാൾ നിഫ്റ്റി 27 ശതമാനവും സെൻസെക്സ് 23.7 ശതമാനവും ഉയരത്തിലാണ് എന്നതു വിസ്മരിക്കരുത് എന്നു നിക്ഷേപ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് 2020 മാർച്ചിൽ 8000 പോയിൻ്റിലായിരുന്ന നിഫ്റ്റി ഇപ്പോൾ 209 ശതമാനം കയറിയാണ് ഇപ്പോൾ നിൽക്കുന്നത് എന്ന വസ്തുതയും അവർ എടുത്തു പറയുന്നു.

ചൈനയിലേക്കു വിദേശ നിക്ഷേപകർ തിരിച്ചു പോകുന്നതിനൊപ്പം യുദ്ധഭീതിയും ക്രൂഡ് വിലയിലെ കുതിപ്പു മൂലം വിലക്കയറ്റ ഭീഷണിയും രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വവും ഈ ദിവസങ്ങളിൽ വിപണിയെ ഉലയ്ക്കും.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ 8293.41 കോടി രൂപയുടെ അറ്റവിൽപന നടത്തി. നാലു ദിവസം കൊണ്ട് അവരുടെ വിൽപന 39,673.71 കോടി രൂപയായി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 13,245.12 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെയും വലിയ ഇടിവിലായിരുന്നു. രണ്ടു സൂചികകളും രണ്ടു ശതമാനത്തിലധികം താഴ്ന്നാണു ക്ലാേസ് ചെയ്തത്.

തിങ്കളാഴ്ച എൻഎസ്ഇയിൽ 384 ഓഹരികൾ ഉയർന്നപ്പോൾ 2492 ഓഹരികൾ താണു. ബിഎസ്ഇയിൽ 568 എണ്ണം കയറി, 3493 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 638.45 പാേയിൻ്റ് (0.78%) ഇടിഞ്ഞ് 81,050.00 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 218.85 പോയിൻ്റ് (0.87%) നഷ്ടത്തോടെ 24,795.75 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 983.15 പോയിൻ്റ് (1.91%) താഴ്ന്ന് 50,478.90 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1174.25 പോയിൻ്റ് അഥവാ 2.01 ശതമാനം ഇടിഞ്ഞ് 57,300.20 ലും സ്മോൾ ക്യാപ് സൂചിക 515.80 പോയിൻ്റ് (2.75%) താഴ്ന്ന് 18,758.65 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ മേൽക്കൈ കരടികൾ ഉറപ്പിച്ചു. വിൽപന സമ്മർദം വർധിച്ചു വരികയാണ്. ഇന്നു നിഫ്റ്റിക്ക് 24,705 ലും 24,600 ലും പിന്തുണ ഉണ്ട്. 25,050 ഉം 25,155 ഉം തടസങ്ങളാകും.

സ്വർണം ഇടിവിൽ

സ്വർണം തിങ്കളാഴ്ച 0.40 ശതമാനം താഴ്ന്ന് ഔൺസിന് 2643.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2639 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ സ്വർണവില ഇന്നലെ 200 രൂപ കുറഞ്ഞ് പവന് 56,800 രൂപ ആയി. ഇന്നു വില കുറയാം.

വെള്ളിവില താഴ്ന്ന് ഔൺസിന് 31.60 ഡോളർ ആയി.

ഡോളർ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഡോളർ സൂചിക തിങ്കളാഴ്ച 102.54 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.40 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ തിങ്കളാഴ്ച പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡോളർ റെക്കോർഡ് നിരക്കായ 83.98 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില ഇന്നലെ നാലു ശതമാനം കുതിച്ച് 81ഡോളറിനു മുകളിലായി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച 81.14 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.68 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 76.90 ഉം യുഎഇയുടെ മർബൻ ക്രൂഡ് 80.45 ഉം ഡോളറിലാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകും എന്നാണു വിപണി കണക്കു കൂട്ടുന്നത്.

ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 62,500 ഡോളറിനു മുകളിലാണ്. ഈഥർ 2440 ഡോളറിനു താഴെയായി.

അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പ് 0.20 ശതമാനം കയറി ടണ്ണിന് 9816.25 ഡോളറിൽ എത്തി. അലൂമിനിയം 0.39 ശതമാനം കുറഞ്ഞ് ടണ്ണിന് 2658.15 ഡോളർ ആയി. ലെഡ് 0.39 ഉം ശതമാനം താഴ്ന്നു. സിങ്ക് 0.3 2 ഉം നിക്കൽ 1.56 ഉം ടിൻ 0.85 ഉം ശതമാനം കുറഞ്ഞു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 07 തിങ്കൾ)

സെൻസെക്സ് 30 81,050.00 -0.78%

നിഫ്റ്റി50 24,795.75 -0.87%

ബാങ്ക് നിഫ്റ്റി 50,478.90 -1.91%

മിഡ് ക്യാപ് 100 57,300.20 -2.01%

സ്മോൾ ക്യാപ് 100 18,242.85 -2.75%

ഡൗ ജോൺസ് 30 41,954.24

-0.94%

എസ് ആൻഡ് പി 500 5695.94 -0.96%

നാസ്ഡാക് 17,923.90 -1.18%

ഡോളർ($) ₹83.98 +₹0.01

ഡോളർ സൂചിക 102.54 +0.05

സ്വർണം (ഔൺസ്) $2643.10 -$11.20

സ്വർണം (പവൻ) ₹56,800 -₹ 200

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $81.14 +$03.00

Tags:    

Similar News