വീണ്ടും അമേരിക്കന്‍ ആശങ്ക; പലിശ കുറക്കല്‍ വൈകും; വിദേശ വിപണികള്‍ ഇടിവില്‍; ഡോളര്‍ 88 രൂപയിലെത്താന്‍ സാധ്യത

ക്രൂഡ് ഓയില്‍ കുതിച്ചു; സ്വർണം മുന്നോട്ട്‌; ക്രിപ്റ്റോകൾ ഇടിവിൽ;

Update:2025-01-13 07:40 IST

image credit : canva

ഓഹരിവിപണി വീണ്ടും ഒരു അമേരിക്കൻ ആഘാതത്തിലേക്കാണു നീങ്ങുന്നത്. അമേരിക്കയിൽ പലിശ കുറയ്ക്കൽ ഉടനൊന്നും നടക്കില്ല എന്നു സൂചിപ്പിക്കുന്നതായി ഡിസംബറിലെ ഉയർന്ന തൊഴിൽ വർധനയും കുറഞ്ഞ തൊഴിലില്ലായ്മയും. വെള്ളിയാഴ്ച യൂറോപ്യൻ, അമേരിക്കൻ വിപണികൾ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ന്നു. യുഎസ് പലിശ ഉയർന്നു നിൽക്കുന്നത് ഐടി സേവന കമ്പനികളുടെ പ്രതീക്ഷകൾക്ക് ആഘാതമാകും.

റഷ്യൻ എണ്ണ ടാങ്കറുകൾക്കും മറ്റും അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചു കയറി ബാരലിന് 82 ഡോളറിന് അടുത്തേക്കു നീങ്ങി. അതും വിപണിക്ക് ആഘാതമാണ്.

ഡോളർ ഇന്ന് 86 രൂപയ്ക്കു മുകളിൽ കടക്കും എന്നാണു വിപണിയിലെ സൂചന. രൂപയുടെ ഇടിവ് വരും ആഴ്ചകളിലും തുടരാം. 88 രൂപ വരെ ഡോളർ കയറും എന്നാണു ചാർട്ടുകൾ പഠിക്കുന്നവരുടെ വിലയിരുത്തൽ.

ഇന്ന് ഡിസംബറിലെ ചില്ലറ വിലക്കയറ്റ നിരക്ക് അറിവാകും. നവംബറിലെ 5.48 ശതമാനത്തിൽ നിന്നു കുറയുമെങ്കിലും അഞ്ചു ശതമാനത്തിനു മുകളിൽ തുടരും എന്നാണു കരുതപ്പെടുന്നത്. പച്ചക്കറികളുടെ വില അൽപം കുറഞ്ഞതു സഹായകമാകും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെളളിയാഴ്ച രാത്രി 23,329.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,341 ലേക്കു കയറിയിട്ടു വീണ്ടും താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച താഴ്ന്നു ക്ലാേസ് ചെയ്തു. യുഎസ് തൊഴിൽ വർധനയെ തുടർന്നു കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം വർധിച്ചതാണു കാരണം.

യുഎസ് വിപണി വെള്ളിയാഴ്ച കുത്തനേ ഇടിഞ്ഞു. നിരീക്ഷകരുടെ വിലയിരുത്തലുകളേക്കാൾ ഗണ്യമായി കൂടിയ ഡിസംബറിലെ തൊഴിൽ വർധനയും തൊഴിലില്ലായ്മയിലെ അപ്രതീക്ഷിത കുറവും വിപണിയുടെ നിഗമനങ്ങൾ തെറ്റിച്ചു. ഡിസംബറിൽ കാർഷികേതര തൊഴിലുകളിൽ വർധന 2.56 ലക്ഷമാണ്. പ്രതീക്ഷിച്ചിരുന്നത് 1.55 ലക്ഷം. തൊഴിലില്ലായ്മ 4.1 ശതമാനമായി കുറഞ്ഞു. സാമ്പത്തിക രംഗത്തിനു നല്ല വാർത്തയായ ഇത് ഇപ്പോഴത്തെ അവസ്ഥയിൽ വിപണിക്കു ചീത്തയായി.

തൊഴിൽ വിപണി ചൂടുപിടിച്ചതു വിലക്കയറ്റം കൂട്ടും. അപ്പോൾ പലിശ കുറയ്ക്കൽ നീണ്ടു പോകും. 2025-ൽ പലിശ ഒരു ശതമാനം കുറയ്ക്കും എന്നു നേരത്തേ കരുതിയിരുന്നു. അത്രയുമില്ല രണ്ടു തവണയായി അര ശതമാനമേ കുറയ്ക്കൂ എന്നു ഡിസംബറിൽ ഫെഡ് സൂചിപ്പിച്ചു. പുതിയ സാഹചര്യത്തിൽ പരമാവധി ഒരു കാൽ ശതമാനം കുറയ്ക്കൽ മാത്രമായി പ്രതീക്ഷ. ചിലരാകട്ടെ ഇനി ഉടനെങ്ങും പലിശ കുറയ്ക്കില്ല എന്നു കരുതുന്നു.

വിലക്കയറ്റം കൂടുകയും പലിശ ഉയർന്നു നിൽക്കുകയും ചെയ്താൽ കമ്പനികളുടെ വിറ്റുവരവ് വളർച്ചയും ലാഭവളർച്ചയും കുറയും. അതു കണക്കാക്കി ഓഹരിവിലകൾ ഇടിഞ്ഞു. പലിശ കൂടിനിൽക്കുമ്പോൾ ഓഹരികളിൽ നിന്നു കടപ്പത്രങ്ങളിലേക്കു നിക്ഷേപം നീങ്ങും. അതാണു വിപണിയെ താഴ്ത്തിയത്.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 696.75 പോയിൻ്റ് (1.63%) ഇടിഞ്ഞ് 41,938.45 ലും എസ് ആൻഡ് പി 500 സൂചിക 91.21 പോയിൻ്റ് (1.54%) താഴ്ന്ന് 5827.04 ലും നാസ്ഡാക് സൂചിക 317.25 പോയിൻ്റ് (1.63%) നഷ്ടത്തോടെ 19,161.63 ലും അവസാനിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.08 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.763 ശതമാനം ആയി ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്ന് താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ താഴ്ന്നു നീങ്ങുന്നു. ചൈനീസ് സൂചികകളും താഴ്ചയിലായി.

ഇന്ത്യൻ വിപണി തിരുത്തലിൽ

ഇന്ത്യൻ വിപണി തിരുത്തൽ മേഖലയിലേക്കു പ്രവേശിച്ചു. സെപ്റ്റംബർ ഒടുവിലെ റെക്കോർഡിൽ നിന്ന് സെൻസെക്സ് 10.01 ഉം നിഫ്റ്റി 10.83 ഉം ശതമാനം താഴെ എത്തി. കഴിഞ്ഞയാഴ്ച സെൻസെക്സ് 2.33 ഉം നിഫ്റ്റി 2.39 ഉം ശതമാനം നഷ്ടത്തിലായി. ഇനിയും താഴുന്നതു നല്ല ഓഹരികൾ ആദായ വിലയിൽ വാങ്ങാൻ അവസരം ഉണ്ടാക്കും.

വെള്ളിയാഴ്ച നിഫ്റ്റി 95.00 പോയിൻ്റ് (0.40%) താഴ്ന്ന് 23,431.50 ൽ അവസാനിച്ചു. സെൻസെക്സ് 241.30 പോയിൻ്റ് (0.31%) കുറഞ്ഞ് 77,378.91 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 769.35 പോയിൻ്റ് (1.55%) താഴ്ന്ന് 48,734.15 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.08 ശതമാനം താഴ്ന്ന് 54,585.75 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 2.61 ശതമാനം ഇടിഞ്ഞ് 17,645.55 ൽ ക്ലോസ് ചെയ്തു.

ഐടി ഒഴികെ എല്ലാ വ്യവസായ മേഖലകളും വെള്ളിയാഴ്ച താഴ്ന്നു. റിയൽറ്റി, ഓയിൽ - ഗ്യാസ്, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, മീഡിയ, ധനകാര്യ, ഓട്ടോ, എഫ്എംസിജി മേഖലകൾ ഗണ്യമായി ഇടിഞ്ഞു.

കല്യാൺ ജ്വല്ലേഴ്സ് ഓഹരി തുടർച്ചയായ ആറാം ദിവസവും ഇടിഞ്ഞു. വെള്ളിയാഴ്ച 5.40 ശതമാനം താഴ്ന് 626.75 രൂപയിൽ എത്തി.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 2254.68 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3961.92 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 21,357.46 കോടിയുടെ ഓഹരികൾ വിറ്റു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 71 ഓഹരികൾ ഉയർന്നപ്പോൾ 3239 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 551 എണ്ണം മാത്രം ഉയർന്നു, താഴ്ന്നത് 2287 എണ്ണം.

നിഫ്റ്റി 23,500 ലെ പിന്തുണ നഷ്ടപ്പെടുത്തി. ഇനി 23,260 ആണു പ്രതീക്ഷിക്കാവുന്ന പിന്തുണ. അതിനപ്പുറം 23,000 പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് ഇന്ന് 23,360 ലും 23,300 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,555 ഉം 24,615 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ മെച്ചമല്ല

ഇന്ന് എച്ച്സിഎൽ ടെക്നോളജീസ്, ഏഞ്ചൽ വൺ, ഡെൽറ്റാ കോർപറേഷൻ, അനന്ദ് റട്ടി വെൽത്ത്, ഹിമാദ്രി സ്പെഷാലിറ്റി, ലോട്ടസ് ചോക്കലേറ്റ് തുടങ്ങിയവയുടെ റിസൽട്ട് പ്രഖ്യാപിക്കും.

ഡി മാർട്ട് റീട്ടെയിൽ ശൃംഖല നടത്തുന്ന അവന്യു സൂപ്പർമാർട്ട് മൂന്നാം പാദത്തിൽ വിറ്റുവരവ് 17.7 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 4.8 ശതമാനം മാത്രമേ വർധിച്ചുള്ളു. ലാഭമാർജിൻ 8.3 ൽ നിന്ന് 7.6 ശതമാനമായി കുറഞ്ഞു. എംഡി യും സിഇഒയുമായ ഇഗ്നേഷ്യസ് നൊറാേഞ്ഞ ജനുവരി 31നു വിരമിക്കുമ്പോൾ അംശുൽ അസാവ ആ പദവി ഏറ്റെടുക്കും. നൊറോഞ്ഞയുടെ അഞ്ചു വർഷ കാലയളവിൽ കമ്പനി വലിയ വളർച്ച നേടിയിരുന്നു.

ജസ്റ്റ് ഡയൽ വിറ്റുവരവ് 8.4 ശതമാനം കൂട്ടിയപ്പോൾ അറ്റാദായം 42.7 ശതമാനം കുതിച്ചു. ലാഭമാർജിൻ 227 ൽ നിന്ന് 30.1 ശതമാനമായി.

പിസിബിഎൽ വിറ്റു വരവ് 21.3 ശതമാനം കൂടിയപ്പോൾ അറ്റാദായം 37 ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ 16.8 ൽ നിന്ന് 15.8 ശതമാനമായി.

കമ്പനികൾ, വാർത്തകൾ

ബൃഹൻമുംബൈ ചേരി പുനരധിവാസ അഥോറിറ്റി ഓബറോയ് റിയൽറ്റിയെ ബാന്ദ്ര റീക്ലമേഷനിൽ 10,300 ചതുരശ്ര മീറ്റർ വികസനപരിപാടിയിൽ ഡവലപ്പർ ആയി നിയമിച്ചു. ഓബറോയ്ക്ക് 3.2 ലക്ഷം ചതുരശ്ര അടി സ്വതന്ത്രമായി വിൽക്കാം.

യൂറോപ്പിലെ എനൽ ഗ്രീൻ പവർ ഡവലപ്പ്മെൻ്റിൽ നിന്ന് അവരുടെ ഇന്ത്യൻ ഉപകമ്പനിയെ792 കോടി രൂപയ്ക്ക് വാങ്ങാൻ വാരീ എനർജീസ് കരാർ ഒപ്പിട്ടു.

ഹെറ്റെറാേ ഗ്രൂപ്പിൻ്റെ റിന്യൂവബിൾ എനർജി വിഭാഗത്തെ 630 കോടി രൂപയ്ക്ക് ജെഎസ്ഡബ്ല്യു എനർജി വാങ്ങി.

27.3 ലക്ഷം ചതുരശ്ര അടി വിൽപന സാധ്യത ഉള്ള 16.12 ഏക്കർ ഭൂമി ഹരിയാനയിലെ ഗുരുഗ്രാമിൽ സിഗ്നേച്ചർ ഗ്ലോബൽ വാങ്ങി.

ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷ്വറൻസിന് ആദായനികുതി വകുപ്പ് 174.61 കോടി രൂപയുടെ നികുതി ആശ്വാസം അനുവദിച്ചു.

ഇന്ത്യൻ ഓവർസീസ് ബാങ്ക് 11,434 കോടി രൂപയുടെ നിഷ്ക്രിയ ആസ്തി വിൽക്കാൻ തീരുമാനിച്ചു. ജനുവരി 30 നാണു ലേലം. ബാങ്ക് വായ്പാ പലിശ നേരിയ തോതിൽ വർധിപ്പിച്ചു.

സ്വർണം കുതിച്ചു

പലിശ കയറും എന്ന ധാരണയിൽ സ്വർണവില വെള്ളിയാഴ്ച കുതിച്ചു കയറി. ഔൺസിന് 19.50 ഡോളർ ഉയർന്ന് 2691.30 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2694 ഡോളർ വരെ ഉയർന്നിട്ട് 2685 ലേക്കു താഴ്ന്നു.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 200 രൂപ വർധിച്ച് 58,280 രൂപയിൽ എത്തി. ശനിയാഴ്ച 240 രൂപ കൂടി 58,520 രൂപയായി.

വെള്ളിവില ഔൺസിന് 30.40 ഡോളറിലേക്ക് കയറി.

രൂപ വീണ്ടും താഴോട്ട്

വെള്ളിയാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക കുതിച്ചു കയറി 109.65 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.70 വരെ കയറിയിട്ട് 109.63 ലേക്കു താഴ്ന്നു. യുഎസ് പലിശ നിരക്ക് ഉടനെ താഴുകയില്ല എന്ന ധാരണയിലാണു കയറ്റം.

രൂപ വെള്ളിയാഴ്ച വലിയ താഴ്ചയിലായി. ഡോളർ 86.04  രൂപ വരെ എത്തി. റിസർവ് ബാങ്ക് ശക്തമായി ഇടപെട്ടു ഡോളറിനെ 85.97 രൂപയിലേക്കു താഴ്ത്തി ക്ലോസ് ചെയ്യിച്ചു. ഇന്നു രൂപ വീണ്ടും വലിയ സമ്മർദത്തിലാകും എന്നാണു ഡോളർ സൂചികയിലെ കയറ്റം കാണിക്കുന്നത്. ഫോർവേഡ് വിപണിയിൽ ഡോളർ 86.16 രൂപയിലാണ്. ചൈനയുടെ കറൻസി യുവാൻ ഡോളറിന് 7.3326 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ 81 ഡോളർ കടന്നു

കഴിഞ്ഞയാഴ്ച ഇടയ്ക്കു താഴ്ന്ന ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച തിരച്ചു കയറി. ഇന്നു രാവിലെ കയറ്റം തുടർന്നു. വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 3.65 ശതമാനം ഉയർന്ന് 79.76 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2.2 ശതമാനം കുതിച്ച് 81.48 ഡോളർ വരെ കയറി. ഡബ്ല്യുടിഐ ഇനം 78.32 ഉം യുഎഇയുടെ മർബൻ ക്രൂഡ് 80.06 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ താഴ്ചയിൽ നിന്നു കയറുകയാണ്. ബിറ്റ് കോയിൻ 95,600 ഡോളർ വരെ ഉയർന്നു. ഈഥർ വില 3315 ഡോളറിനു മുകളിലായി.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.23 ശതമാനം കയറി ടണ്ണിന് 8991.86 ഡോളർ ആയി. അലൂമിനിയം 1.28 ശതമാനം ഉയർന്ന് 2571.35 ഡോളറിൽ എത്തി. സിങ്ക് 1.26 ഉം നിക്കൽ 0.72 ഉം ലെഡ് 2.19 ഉം ശതമാനം ഉയർന്നു. ടിൻ 0.43 ശതമാനം താഴ്ന്നു.

വിപണി സൂചനകൾ

(2024 ജനുവരി 10, വെള്ളി)

സെൻസെക്സ് 30 77,378.91 -0.31%

നിഫ്റ്റി50 23,431.50 -0.40%

ബാങ്ക് നിഫ്റ്റി 48,734.15 -1.55%

മിഡ് ക്യാപ് 100 54,585.75 -2.08%

സ്മോൾ ക്യാപ് 100 17,645.55 -2.61%

ഡൗ ജോൺസ് 41,938. 45 -1.63%

എസ് ആൻഡ് പി 5827.04 -1.54%

നാസ്ഡാക് 19,161.63 -1.63%

ഡോളർ($) ₹85.97 +₹0.12

ഡോളർ സൂചിക 109.64 +0.49

സ്വർണം (ഔൺസ്) $2691.30 +$19.50

സ്വർണം(പവൻ) ₹58,280 +₹200.00

ശനി ₹58,520 +₹240.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.76 +$02.53

Tags:    

Similar News