ഡെറ്റും കടപ്പത്രവുമല്ല, മലയാളികള്‍ക്ക് ആവേശം ഓഹരിയധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകള്‍
2024ല്‍ മലയാളികള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത് 27,447 കോടി രൂപ;
ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലും റിയല്‍ എസ്റ്റേറ്റിലും മാത്രം നിക്ഷേപം നടത്തിയിരുന്ന മലയാളികള്‍ ഇപ്പോള്‍ മ്യൂച്വല്‍ഫണ്ടുകളിലൂടെ ഓഹരി വിപണിയിലേക്കും പണമൊഴുക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം കേരളീയര്‍ 27,447 കോടി രൂപയുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം നടത്തിയതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) വ്യക്തമാക്കി.
മ്യൂച്വല്‍ഫണ്ടുകളില്‍ തന്നെ ഓഹരിയധിഷ്ഠിത ഫണ്ടുകളോടാണ് മലയാളികള്‍ക്ക് പ്രിയം കൂടുതല്‍. നവംബറിലെ 63,742.03 കോടി രൂപയില്‍ നിന്ന് 66,808.14 കോടിയായി. അതേസമയം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് സ്‌കീമുകളിലെ നിക്ഷേപം 5,903.87 കോടി രൂപയില്‍ നിന്ന് 5,459.39 കോടി രൂപയായി കുറഞ്ഞു. മറ്റ് ഡെറ്റ് സ്‌കീമുകളിലെ നിക്ഷേപം (other debt oriented schemes) 7,359.42 കോടി രൂപയില്‍ നിന്ന് നേരിയ വളര്‍ച്ചയോടെ 7,413.66 കോടിയായി. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ബാലന്‍സ്ഡ് ഫണ്ടുകളിലെ നിക്ഷേപം 6,790.20 കോടി രൂപയില്‍ നിന്ന് 6,693.96 കോടി രൂപയായി.
സ്വര്‍ണ ഇ.ടി.എഫില്‍ ഇടിവ്
സ്വര്‍ണത്തിനോട് മലയാളികള്‍ക്കുള്ള ഭമ്രം പക്ഷെ സ്വര്‍ണ ഇ.ടി.എഫുകളോടില്ല. നവംബറിലെ 241.65 കോടി രൂപയില്‍ നിന്ന് 238.99 കോടി രൂപയായി ഇടിഞ്ഞു. മറ്റ് ഇ.ടി.എഫ് സ്‌കീമുകളിലെ നിക്ഷേപം 1,156.88 കോടി രൂപയില്‍ നിന്ന് 1,141.15 കോടി രൂപയിലേക്കും താഴ്ന്നു. വിദേശ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട്‌സ് ഓഫ് ഫണ്ട്‌സ് നിക്ഷേപം 401.79 കോടി രൂപയില്‍ നിന്ന് 676.49 കോടി രൂപയായി ഉയര്‍ന്നു.