നേട്ടത്തില്‍ തുടങ്ങി, പിന്നാലെ കുത്തനെ ഇടിഞ്ഞു! ഐ.ടി ഓഹരികള്‍ക്ക് ഉയര്‍ച്ച, നഷ്ടം തുടര്‍ന്ന് കല്യാണ്‍ ജുവലേഴ്‌സ്
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 77,350 നും നിഫ്റ്റി 23,420 നും താഴെയാണ്;
വിപണി ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ട് കുറേക്കൂടി ഉയര്‍ന്നു. എന്നാല്‍ താമസിയാതെ കുത്തനേ ഇടിഞ്ഞു. 23,596 വരെ കയറിയ നിഫ്റ്റി 23,450നു താഴേക്കു വീണു. പിന്നീടു കയറിയിറങ്ങി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 77,350 നും നിഫ്റ്റി 23,420 നും താഴെയാണ്.
ബാങ്ക്, ധനകാര്യ, റിയല്‍റ്റി മേഖലകള്‍ രാവിലെ മുതല്‍ ഇടിവിലാണ്. ബാങ്ക് നിഫ്റ്റി 49,000ലേക്കു താഴ്ന്നു. മിഡ് ക്യാപ് സൂചിക ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു.
മൂന്നാം പാദത്തില്‍ വരുമാനവും ലാഭവും ലാഭമാര്‍ജിനും കുറഞ്ഞതിനെ തുടര്‍ന്ന് ടാറ്റാ എല്‍ക്‌സി ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
കൂടുതല്‍ ബിസിനസ് കരാറുകള്‍ നേടാന്‍ കഴിഞ്ഞതിന്റെ പേരില്‍ ടിസിഎസ് ഓഹരി ഇന്നുരാവിലെ അഞ്ചു ശതമാനം കയറി. മൂന്നാം പാദ ലാഭവും വരുമാനവും പ്രതീക്ഷയേക്കാള്‍ കുറവായിരുന്നു. എങ്കിലും വിദേശ ബ്രോക്കറേജുകളായ സിഎല്‍എസ്എയും ബേണ്‍സ്റ്റൈനും ടിസിഎസ് ഓഹരിയുടെ ലക്ഷ്യവില 4700 രൂപയിലേക്ക് ഉയര്‍ത്തി.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികള്‍ രാവിലെ മൂന്നു ശതമാനം വരെ കയറി. നിഫ്റ്റി ഐടി സൂചിക രണ്ടര ശതമാനത്തിലധികം ഉയര്‍ന്നു.
കുറച്ചു ദിവസമായി താഴുന്ന കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഇന്നു രാവിലെയും ഇടിവിലാണ്.
റഫ്രിജറന്റ് വാതകങ്ങളുടെ വില അമേരിക്കയില്‍ വര്‍ധിച്ചതിന്റെ പേരില്‍ ഇന്നലെ വലിയ കുതിപ്പ് നടത്തിയ എസ്ആര്‍എഫും നവീന്‍ ഫ്‌ലോറിനും ഇന്നു നാലു ശതമാനം വരെ താഴ്ന്നു.
മൂന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ജിടിഎല്‍ ഹാഥ്വേയും ഐആര്‍ഇഡിഎയും താഴ്ചയിലായി.
അദാനി വില്‍മറിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാന്‍ നടപടി തുടങ്ങിയതോടെ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും ദുര്‍ബലമായാണു വ്യാപാരം തുടങ്ങിയത്. ഡോളര്‍ മൂന്നു പൈസ കൂടി 85.88 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2674 ഡോളറിലാണ്. കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 200 രൂപ കൂടി 58,280 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ഇനം 77.14 ഡോളറിലായി.