കരടികള്‍ പിടി മുറുക്കുന്നു; വില്‍പന കൂട്ടി വിദേശികള്‍; ആവേശമാകാതെ റിസൽട്ടുകൾ

രൂപയുടെ ദൗർബല്യം നീങ്ങിയില്ല; ക്രൂഡ് ഓയിൽ വീണ്ടും കയറി; ക്രിപ്റ്റോകൾ ഇടിവിൽ;

Update:2025-01-10 07:33 IST

image credit : canva

വിപണിയിൽ കരടികൾ പിടി മുറുക്കി. മൂന്നാം പാദ റിസൽട്ടുകളിൽ തിരിച്ചു കയറ്റത്തിനു തക്ക സൂചനകൾ ഉണ്ടോ എന്നു നോക്കുകയാണു ബുള്ളുകൾ.

മൂന്നാം പാദ റിസൽട്ടുകൾ പ്രതീക്ഷ പോലെ വരുന്നില്ല എന്നാണ് ആദ്യ ഫലങ്ങൾ കാണിക്കുന്നത്. വിപണി ഇതുവരെ പ്രകടിപ്പിച്ച ആശങ്കകൾ ശരിയാവുകയാണ്. ഈ ആശങ്ക മുഖ്യ സൂചികകളെ തിരുത്തൽ മേഖലയിലേക്കു നയിക്കും എന്നു മിക്കവരും കരുതുന്നു. റെക്കോർഡ് ഉയരത്തിൽ നിന്ന് നിഫ്റ്റി 10.47 ഉം സെൻസെക്സ് 9.73 ഉം ശതമാനം താഴെയാണ് ഇപ്പോൾ നിൽക്കുന്നത്.

കമ്പനി റിസൽട്ടുകളും ട്രംപ് നയങ്ങളും ഫെബ്രുവരി ഒന്നിനു വരുന്ന ബജറ്റും വിലക്കയറ്റ പ്രവണതയും ഒക്കെ വരുന്ന ആഴ്ചകളിൽ വിപണിക്ക് അനുകൂല കാറ്റ് നൽകാനുള്ള സാധ്യതയും കുറവാണ്. ഏതാനും മാസത്തേക്കു യുഎസ് പലിശ നിരക്ക് ഉയർന്നു നിൽക്കും എന്നതു യുഎസ് കടപ്പത്രങ്ങളിലേക്കു വിദേശ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. നഷ്ടസാധ്യത ഇല്ലാത്ത ആ നിക്ഷേപ സാധ്യത അപായ മേഖലയായ ഓഹരികളിൽ നിന്ന് അവരെ പിൻവലിക്കുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,594 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,582 ലേക്കു താഴ്‌ന്നു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഉയർന്നു ക്ലാേസ് ചെയ്തു. യുഎസ് വിപണി വ്യാഴാഴ്ച അവധിയിലായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.35 ഉം എസ് ആൻഡ് പി 0.47 ഉം നാസ്ഡാക് 0.58 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഇന്നു ഡിസംബറിലെ യുഎസ് തൊഴിൽ കണക്ക് പുറത്തു വരും.1.55 ലക്ഷം വർധനയാണു പ്രതീക്ഷ. തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തിൽ തുടരും എന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷ പോലെ വന്നാൽ പലിശ കുറയ്ക്കൽ വൈകും എന്നതു കൊണ്ട് യുഎസ് ഓഹരികൾ താഴും.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.689 ശതമാനം ആയി തുടരുന്നു.

ഏഷ്യൻ വിപണികൾ ഇന്ന് താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ 0.7 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ താഴ്ന്നു നീങ്ങുന്നു. ചൈനീസ് സൂചികകൾ ഉയർന്നു.

ഇന്ത്യൻ വിപണി വീണ്ടും താഴ്ചയിൽ

വിപണി കൂടുതൽ താഴോട്ടു നീങ്ങുകയാണ്. പ്രധാനപ്പെട്ട ആവരേജുകളും പ്രതീക്ഷിച്ചിരുന്ന പിന്തുണ നിലകളും കടന്നാണു വിപണി താഴുന്നത്. ജിഡിപി വളർച്ച കുറയുന്നതും കമ്പനികളുടെ മൂന്നാം പാദ റിസൽട്ട് മോശമാകുന്നതും രൂപ ഇടിയുന്നതും സംബന്ധിച്ച ആശങ്ക ഓരോ ദിവസവും കൂടുന്നു. വിദേശ നിക്ഷേപകർ വിൽപനയുടെ തോത് കൂട്ടുകയാണ്. നിഫ്റ്റിയും സെൻസെക്സും തലേ ദിവസം താഴ്ന്നിടത്തോളം ഇന്നലെ താഴ്ന്നില്ല എന്ന ആശ്വാസം മാത്രമാണു ബാക്കി.

നിഫ്റ്റി 162.45 പോയിൻ്റ് (0.69%) താഴ്ന്ന് 23,526.50 ൽ അവസാനിച്ചു. സെൻസെക്സ് 528.28 പോയിൻ്റ് (0.68%) കുറഞ്ഞ് 77,620.21 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 331.55 പോയിൻ്റ് (0.67%) താഴ്ന്ന് 49,503.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.93 ശതമാനം താഴ്ന്ന് 55,745.90 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.35 ശതമാനം ഇടിഞ്ഞ് 18,118.35 ൽ ക്ലോസ് ചെയ്തു.

എഫ്എംസിജി ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ താഴ്ന്നു. റിയൽറ്റി, ഓയിൽ - ഗ്യാസ്, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, മീഡിയ, ധനകാര്യ, ഓട്ടോ മേഖലകൾ ഗണ്യമായി ഇടിഞ്ഞു.

കല്യാൺ ജ്വല്ലേഴ്സ് ഓഹരി തുടർച്ചയായ അഞ്ചാം ദിവസവും താഴ്ന്നു. ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞ് 658.1 രൂപയിൽ എത്തി. കഴിഞ്ഞ വർഷം 111.5 ശതമാനം ഉയർന്ന ഓഹരി വിറ്റു ലാഭമെടുക്കാൻ വലിയ സമ്മർദമുണ്ട്.

അമേരിക്കയിൽ റഫ്രിജറൻ്റ് വാതകങ്ങളുടെ വില 20 ശതമാനം വർധിച്ചതിൻ്റെ പേരിൽ ഇന്നലെ എസ്ആർഎഫ്, നവീൻ ഫ്ലോറിൻ കമ്പനികളുടെ ഓഹരികൾ 13.7 ശതമാനം വരെ കുതിച്ചിരുന്നു. ഒരു അമേരിക്കൻ കമ്പനി നടത്തിയ വിലവർധന ഇന്ത്യയിൽ ബാധകമല്ലെന്ന് എസ്ആർഎഫ് വിശദീകരിച്ചു. ആൽകൈൽ അമീൻസ്, ബാലാജി അമീൻസ് എന്നിവയും ഒൻപതു ശതമാനത്തോളം കുതിച്ചു.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 7170.87 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 7039.63 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 19,102.78 കോടിയുടെ ഓഹരികൾ വിറ്റു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 1144 ഓഹരികൾ ഉയർന്നപ്പോൾ 2826 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 766 എണ്ണം ഉയർന്നു, താഴ്ന്നത് 2037 എണ്ണം.

നിഫ്റ്റി ഇന്നലെ 23,500 നു താഴെ പോയില്ല എന്നത് ആശ്വാസകരമാണെങ്കിലും താഴോട്ടുള്ള പ്രവണത ശക്തമാണ്. ഇനിയും താഴ്ന്നാൽ നവംബറിൽ എത്തിയ 23,263 ആകും പ്രതീക്ഷിക്കാവുന്ന പിന്തുണ നിലവാരം. നിഫ്റ്റിക്ക് ഇന്ന് 23,500 ലും 23,455 ലും പിന്തുണ കിട്ടാം. 23,645 ഉം 24,690 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകളിൽ ആവേശമില്ല

ഇന്നു സിഇഎസ്‌സി, പിസിബിഎൽ, ജസ്റ്റ് ഡയൽ, വലേച്ച എൻജിനിയറിംഗ്, വിവിമെഡ് ലാബ്സ് തുടങ്ങിയവയുടെ മൂന്നാം പാദ റിസൽട്ടുകൾ വരും. നാളെ അവന്യു സൂപ്പർ മാർട്ട്സ് റിസൽട്ട് വരുന്നുണ്ട്. റിലയൻസ് റിസൽട്ട് 16 നാണു പ്രസിദ്ധീകരിക്കുക.

ഇന്നലെ പ്രഖ്യാപിച്ച ടിസിഎസ് റിസൽട്ട് അനാലിസ്റ്റുകളുടെ പ്രതീക്ഷയ്ക്കാെപ്പം വന്നില്ല. വരുമാനം രൂപയിലും ഡോളറിലും കുറവായി. ലാഭവർധന നാമമാത്രമായി. ജീവനക്കാരുടെ എണ്ണം കുറഞ്ഞു. കൊഴിഞ്ഞു പോക്ക് കൂടി. 2025 ൽ വരുമാന പ്രതീക്ഷ മെച്ചമായതും 40,000 പേരെ നിയമിക്കാൻ പോകുന്നതുമാണു പോസിറ്റീവ് കാര്യങ്ങൾ. ഐടി മേഖലയുടെ ദുരിതകാലം തീർന്നില്ല എന്നാണു റിസൽട്ട് കാണിക്കുന്നത്.

ടാറ്റാ എൽക്സിയുടെ വരുമാനം 1.7 ശതമാനം കുറഞ്ഞപ്പോൾ മൊത്തലാഭം 7.8ഉം അറ്റാദായം 13.3ഉം ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ കുറഞ്ഞു.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെൻ്റ് ഏജൻസി (ഐആർഇഡിഎ) അറ്റ പലിശ വരുമാനം 38.9 ശതമാനവും അറ്റാദായം 26.8 ശതമാനവും വർധിപ്പിച്ചു.

ജിടിപിഎൽ ഹാഥ്‌വേയുടെ മൂന്നാം പാദ വരുമാനം 4.3 ശതമാനം കൂടിയെങ്കിലും അറ്റാദായം 57 ശതമാനം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

അദാനി ടോട്ടൽ ഗ്യാസിന് നിയന്ത്രിത വിലയിലുള്ള പ്രകൃതിവാതക വിഹിതം 20 ശതമാനം വർധിപ്പിച്ചതായി ഗെയിൽ അറിയിച്ചു. കമ്പനിയുടെ വരുമാനവും ലാഭവും കൂട്ടുന്ന കാര്യമാണിത്.

മഹാനഗർ ഗ്യാസിന് നിയന്ത്രിത വിലയിലുള്ള പ്രകൃതിവാതക വിഹിതം 26 ശതമാനം വർധിപ്പിച്ചു. കമ്പനിയുടെ ലാഭക്ഷമത കൂട്ടുന്ന കാര്യമാണിത്.

പോളിപ്ലെക്സ് കോർപറേഷൻ പോളിസ്റ്റർ ഫിലിം ഉൽപാദന ശേഷി 60 ശതമാനം വർധിപ്പിക്കാൻ 558 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.

നഗരങ്ങളിലെ വാതക വിതരണത്തിന് 81.47 കോടി രൂപയുടെ കരാർ സൂര്യ റോഷ്നിക്ക് ബിപിസിഎൽ നൽകി.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു.

മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ആറാമത്തെ മുങ്ങിക്കപ്പൽ നേവിക്കു കൈമാറി.

വാഡിയ ഗ്രൂപ്പിലെ ബോംബെ ബർമ ട്രേഡിംഗ് കോർപറേഷൻ കന്യാകുമാരിയിലെ 13.91 ഏക്കർ സ്ഥലം13.05 കോടി രൂപയ്ക്കു വിറ്റു.

സ്വർണം കയറി

സ്വർണവില വീണ്ടും ഉയർന്നു. ഔൺസിന് 7.70 ഡോളർ കയറി 2671.70 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2674 ഡോളർ വരെ ഉയർന്നു.

കേരളത്തിൽ വ്യാഴാഴ്ച സ്വർണവില പവന് 280 രൂപ വർധിച്ച് 58,080 രൂപയിൽ എത്തി. ഇന്നും വില കൂടും.

വെള്ളിവില ഔൺസിന് 30.09 ഡോളറിലേക്ക് കയറി.

രൂപ പിടിച്ചു നിന്നു

വ്യാഴാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക വീണ്ടും കയറി 109.18 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.15 ലാണ്.

രൂപ വ്യാഴാഴ്ച വലിയ താഴ്ചയിൽ നിന്നു തിരിച്ചു കയറി. ഡോളർ രാവിലെ 85.92 രൂപയിൽ വ്യാപാരം തുടങ്ങിയിട്ട്

85.94 രൂപ വരെ എത്തി. റിസർവ് ബാങ്ക് ഇടപെടലും വിദേശത്തു ഡോളർ സൂചികയിലെ കയറ്റം കുറഞ്ഞതും പിന്നീടു ഡോളറിനെ 85.85 രൂപയിലേക്കു മടങ്ങാൻ നിർബന്ധിച്ചു. ഇന്നു രൂപ വീണ്ടും താഴാം. ഫോർവേഡ് വിപണിയിൽ ഡോളർ 86.05 രൂപയിലാണ്. ചൈനയുടെ കറൻസി യുവാൻ ഡോളറിന് 7.33 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു. രണ്ടു ദിവസം മുൻപ് 7.30 ആയിരുന്നു.

ക്രൂഡ് ഓയിൽ തിരിച്ചു കയറി

കഴിഞ്ഞ ദിവസം താഴ്ന്ന ക്രൂഡ് ഓയിൽ വില ഇന്നലെ തിരച്ചു കയറി. വ്യാഴാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഒന്നര ശതമാനം ഉയർന്ന് 77.23 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ77.44 ഡോളർ വരെ കയറി. ഡബ്ല്യുടിഐ ഇനം 74.24 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.50 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുന്നു. യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയരുന്നതു നിക്ഷേപകരെ കടപ്പത്രങ്ങളിലേക്കു തിരിച്ചതാണ് കാരണം. ബിറ്റ് കോയിൻ 91,200 ഡോളർ വരെ താഴ്ന്നു. ഇന്നു രാവിലെ 92,500 ഡോളറിലാണ്. ഈഥർ വില 3225 ഡോളറിനു താഴെയായി.

മിക്ക വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച ഉയർന്നു. ചെമ്പ് 0.61 ശതമാനം കയറി ടണ്ണിന് 8971.40 ഡോളർ ആയി. അലൂമിനിയം 1.60 ശതമാനം കയറി 2538.85 ഡോളറിൽ എത്തി. സിങ്ക് 0.83 ഉം നിക്കൽ 0.63 ഉം ശതമാനം ഉയർന്നു. ലെഡ് 0.65 ഉം ടിൻ 0.36 ഉം ശതമാനം താഴ്ന്നു.

വിപണി സൂചനകൾ

(2024 ജനുവരി 09, വ്യാഴം)

സെൻസെക്സ് 30 77,620.21 -0.68%

നിഫ്റ്റി50 23,526.50 -0.69%

ബാങ്ക് നിഫ്റ്റി 49,503.50 -0.67%

മിഡ് ക്യാപ് 100 55,745.90 -0.93%

സ്മോൾ ക്യാപ് 100 18,118.35 -1.35%

ഡൗ ജോൺസ് 42,635.20 0.00%

എസ് ആൻഡ് പി 5918.25 0.00%

നാസ്ഡാക് 19,478.88 0.00%

ഡോളർ($) ₹85.85 +₹0.00

ഡോളർ സൂചിക 109.18 +0.09

സ്വർണം (ഔൺസ്) $2671.80 +$07.70

സ്വർണം(പവൻ)₹58,080 +₹280.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.23 +$01.03

Tags:    

Similar News