വിപണി താഴോട്ടു തന്നെ; രൂപയും ഇടിവില്‍, ബാങ്ക് ഓഹരികള്‍ നഷ്ടത്തില്‍, ടാറ്റ മോട്ടോഴ്‌സിനും താഴ്ച
രാവിലെ നഷ്ടത്തിലായിരുന്ന മിഡ്ക്യാപ് സൂചിക പിന്നീടു നേട്ടത്തിലേക്കു മാറി.;
താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി രാവിലെ കൂടുതല്‍ താഴ്ന്നിട്ടു നഷ്ടം അല്‍പം കുറച്ചു. നിഫ്റ്റി 23,593.95 വരെയും സെന്‍സെക്‌സ് 77,846.43 വരെയും താഴ്ന്നു.
രാവിലെ നഷ്ടത്തിലായിരുന്ന മിഡ്ക്യാപ് സൂചിക പിന്നീടു നേട്ടത്തിലേക്കു മാറി.
ബാങ്ക് നിഫ്റ്റി തുടക്കം മുതല്‍ നഷ്ടത്തിലാണ്. പ്രമുഖ ബാങ്ക് ഓഹരികളെല്ലാം നഷ്ടത്തിലായപ്പോള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നര ശതമാനം ഉയര്‍ന്നു.
മൈക്രോ ഫിനാന്‍സിനുള്ള ഉപകമ്പനിയായ ആശീര്‍വാദ് ഫിനാന്‍സിന്റെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് നീക്കിയതിനെ തുടര്‍ന്ന് മണപ്പുറം ജനറല്‍ ഫിനാന്‍സ് ആറു ശതമാനം ഉയര്‍ന്നു.
എസികളിലും റഫ്രിജറേറ്ററുകളിലും ഫ്രീസറുകളിലും ഉപയോഗിക്കുന്ന ശീതീകരണ വാതകങ്ങള്‍ക്കു വില കൂട്ടിയത് എസ്ആര്‍എഫ്, നവീന്‍ ഫ്‌ലോറിന്‍ ഓഹരികളെ 12 ശതമാനം ഉയര്‍ത്തി.
ടാറ്റാ മോട്ടോഴ്‌സിന്റെ ലക്ഷ്യവില 990 രൂപയായി നൊമുറ ഉയര്‍ത്തിയെങ്കിലും ഓഹരി രണ്ടു ശതമാനം താഴ്ന്നു.
ക്രൂഡ് ഓയില്‍ വില താഴ്ന്നത് ഓയില്‍ ഇന്ത്യ ഓഹരിയെ മൂന്നരയും ഒഎന്‍ജിസി ഓഹരിയെ 1.2 ഉം ശതമാനം താഴ്ത്തി. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളും താഴ്ചയിലാണ്.
കഴിഞ്ഞ ദിവസം താഴ്ന്ന കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്നു രാവിലെ മൂന്നര ശതമാനം ഇടിഞ്ഞു.
എഫ്എസിടി ഓഹരി ഇന്ന് നാലര ശതമാനം ഉയര്‍ന്നു. മറ്റ് രാസവള കമ്പനികളും നേട്ടത്തിലാണ്.
രൂപ ഇന്നു റെക്കോര്‍ഡ് താഴ്ചയിലാണ് ഓപ്പണ്‍ ചെയ്തത്. ഡോളര്‍ ഏഴു പൈസ കൂടി 85.92 രൂപയില്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് 85.93 രൂപയായി. റിസര്‍വ് ബാങ്ക് സജീവമായി വിപണിയില്‍ ഇടപെടുന്നുണ്ട്.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2659 ഡോളറിലാണ്. കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 280 രൂപ വര്‍ധിച്ച് 58,080 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ നേരിയ തോതില്‍ കയറി. ബ്രെന്റ് ഇനം 76.06 ഡോളറിലായി.