മൂന്നാം പാദ റിസൽട്ടുകളെപ്പറ്റി ആശങ്ക; വിലക്കയറ്റം കൂടുമെന്ന് യുഎസ് ഫെഡ്; ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഡോളർ കുതിപ്പിൽ രൂപ താഴോട്ട്; സ്വർണം ഉയർന്നു; ക്രൂഡ് ഓയിൽ താഴ്ന്നു;

Update:2025-01-09 07:29 IST

മൂന്നാം പാദ റിസൽട്ടുകൾ മോശമാകുമെന്ന ആശങ്കയും വിലക്കയറ്റം കൂടുമെന്ന യുഎസ് ഫെഡിൻ്റെ വിലയിരുത്തലും ഇന്ന് വിപണിയെ പിന്നോട്ടു വലിക്കാം. ഏഷ്യൻ വിപണികൾ നൽകുന്ന സൂചന അതാണ്. ക്രൂഡ് വിലക്കയറ്റം ശമിച്ചെങ്കിലും ഡോളർ കുതിച്ചു കയറുന്നത് രൂപയെ വീണ്ടും താഴോട്ടു വലിച്ചു. ഡോളർ 86 രൂപ കടക്കുമെന്നാണു നിഗമനം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,720 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,714 ലേക്കു താഴ്‌ന്നിട്ടു കയറി. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഉയർന്നു തുടങ്ങിയ ശേഷം താഴ്ന്നു ക്ലാേസ് ചെയ്തു. യൂറോപ്യൻ സാമ്പത്തിക പ്രതീക്ഷാസൂചിക 1.9 ൽ നിന്ന് ഡിസംബറിൽ 1.7 ആയി കുറഞ്ഞതാണു പ്രധാന കാരണം. ഉപഭാേക്തൃ മനോഭാവവും തുടർച്ചയായ രണ്ടാം മാസം താഴ്ന്നു.

യുഎസ് വിപണി ബുധനാഴ്ച ഭിന്ന ദിശകളിലായി. ടെക് ഓഹരികൾ താഴ്ച തുടർന്നു. വിലക്കയറ്റം കൂടാം എന്നു ഫെഡറൽ റിസർവിലെ അംഗങ്ങൾ നടത്തിയ വിലയിരുത്തലിനെ വിപണി അവഗണിച്ചു. ട്രംപ് നയങ്ങൾ വിലക്കയറ്റം വർധിപ്പിക്കും എന്നു ഫെഡ് അംഗങ്ങൾക്ക് ആശങ്കയുണ്ട്.

ക്വാണ്ടം കംപ്യൂട്ടറുകൾ 20 വർഷമെങ്കിലും കഴിഞ്ഞേ യാഥാർഥ്യമാകൂ എന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പറഞ്ഞത് ക്വാണ്ടം കമ്പനികൾക്കു തിരിച്ചടിയായി.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 106.84 പോയിൻ്റ് (0.25%) ഉയർന്ന് 42,635.20 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 9.22 പോയിൻ്റ് (0.16%) കയറി 5918.25 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 10.80 പോയിൻ്റ് (0.06%) നഷ്ടത്തോടെ 19,478.88 ൽ ക്ലോസ് ചെയ്തു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.689 ശതമാനം ആയി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.23 ഉം ശതമാനം താഴ്ന്നു.

യുഎസ് വിപണികൾ ഇന്നു മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി അവധിയിലാണ്.

ഏഷ്യൻ വിപണികൾ ഇന്ന് താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ 0.60 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ താഴ്ന്നു നീങ്ങുന്നു. വിലക്കയറ്റം കൂടുമെന്ന ഫെഡ് വിലയിരുത്തൽ ആണു കാരണം.

നഷ്ടം കുറച്ച് ഇന്ത്യൻ വിപണി

വലിയ താഴ്ചയിൽ നിന്നു കയറി ചെറിയ നഷ്ടത്തിൽ അവസാനിക്കുകയായിരുന്നു ഇന്ത്യൻ വിപണി ഇന്നലെ. ജിഡിപി വളർച്ച കുറയുന്നതും കമ്പനികളുടെ മൂന്നാം പാദ റിസൽട്ട് മോശമാകുന്നതും സംബന്ധിച്ച ആശങ്ക വിപണിയിൽ ദൃശ്യമാണ്. നിഫ്റ്റി 23,496 വരെയും സെൻസെക്സ് 77,486 വരെയും താഴ്ന്ന ശേഷമാണു തിരിച്ചു കയറിയത്.

ഏറെക്കാലത്തിനു ശേഷം റിലയൻസ് തുടർച്ചയായ രണ്ടു ദിവസം കയറി. ജെഫറീസ്, ബേൺസ്റ്റൈൻ എന്നീ വിദേശ ബ്രോക്കറേജുകൾ റിലയൻസ് വാങ്ങാൻ ശിപാർശ ചെയ്തത് ഓഹരിയെ സഹായിച്ചു. റെക്കോർഡ് വിലയിൽ നിന്ന് 20 ശതമാനത്തിലധികം താഴ്ന്ന റിലയൻസ് ഓഹരി ഇപ്പോഴത്തെ നിലയിൽ നിന്ന് 25 മുതൽ 36 വരെ ശതമാനം കയറുമെന്നാണ് അവർ വിലയിരുത്തിയത്.

നിഫ്റ്റി 18.95 പോയിൻ്റ് (0.08%) താഴ്ന്ന് 23,688.95 ൽ അവസാനിച്ചു. സെൻസെക്സ് 50.62 പോയിൻ്റ് (0.06%) കുറഞ്ഞ് 78,148.49 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 367.10 പോയിൻ്റ് (0.73%) താഴ്ന്ന് 49,835.05 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.05 ശതമാനം താഴ്ന്ന് 56,270.60 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.65 ശതമാനം ഇടിഞ്ഞ് 18,365.65 ൽ ക്ലോസ് ചെയ്തു.

ഓയിൽ - ഗ്യാസും ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ താഴ്ന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, മീഡിയ, ധനകാര്യ, ഓട്ടോ മേഖലകൾ ഗണ്യമായി ഇടിഞ്ഞു.

വിദേശ നിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 3362.18 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2716 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 13 18 ഓഹരികൾ ഉയർന്നപ്പോൾ 2664 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 952 എണ്ണം ഉയർന്നു, താഴ്ന്നത് 1865. എണ്ണം.

നിഫ്റ്റി വലിയ താഴ്ചയിൽ നിന്നു കയറി 200 ദിന എക്സ്പൊണൻഷ്യൽ മൂവിംഗ് ശരാശരി (ഇഎംഎ) ആയ 23,700 നു തൊട്ടുതാഴെ ക്ലോസ് ചെയ്തു. എങ്കിലും വിപണിയുടെ മൂഡ് ബെയറിഷ് ആയി തുടരുന്നു. വീണ്ടും താഴ്ന്നാൽ 23,300 വരെ സൂചിക പോകാം എന്നാണു ചാർട്ടിസ്റ്റുകൾ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 23,550 ലും 23,490 ലും പിന്തുണ കിട്ടാം. 23,745 ഉം 24,805 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ നിർണായകം

മൂന്നാം പാദ റിസൽട്ടുകളാണ് ഇനി വിപണിഗതി നിർണയിക്കുക. ടിസിഎസ്, ടാറ്റാ എൽക്സി, ഐആർഇഡിഎ, ജിടിപിഎൽ ഹാഥവേ, വിവോ ബയോടെക് തുടങ്ങിയവ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും.

നിഫ്റ്റി 50 സൂചികയിലെ കമ്പനികൾ മൂന്നാം പാദ അറ്റാദായത്തിൽ 7.9 ശതമാനം വർധന കാണിക്കും എന്ന് ബിസിനസ് സ്റ്റാൻഡാർഡ് കണക്കാക്കി. രണ്ടാം പാദത്തിൽ 1.8 ശതമാനമായിരുന്നു വർധന. എന്നാൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 15.4 ശതമാനം വർധന ഉണ്ടായിരുന്നു. വിറ്റുവരവിൽ 5.1 ശതമാനം വർധനയാണു പ്രതീക്ഷ. ഇതു രണ്ടാം പാദത്തിലെ 4.5 ശതമാനത്തേക്കാൾ കൂടുതലാണെങ്കിലും കഴിഞ്ഞ വർഷം മൂന്നാം പാദത്തേക്കാൾ കുറവാണ്.

കമ്പനികൾ, വാർത്തകൾ

സോളർ പാനലിലെ നിർണായക ഘടകമായ സോളർ ഗ്ലാസ് ഉൽപാദനശേഷി 50 ശതമാനം വർധിപ്പിക്കാൻ ബോറോസിൽ റിന്യൂവബിൾസ് തീരുമാനിച്ചു.

പ്രതാപ് സ്നാക്സിൽ 26 ശതമാനം ഓഹരി എടുക്കാൻ ഔഥം ഇൻവെസ്റ്റ്മെൻ്റ്സും മധു കേലയും ചേർന്ന് ഓപ്പൺ ഓഫർ നടത്തി.

രാജസ്ഥാനിൽ റിന്യൂവബിൾ എനർജി പാർക്കുകൾ സ്ഥാപിച്ച് പരിപാലിക്കാൻ രാജസ്ഥാൻ വിദ്യുത് ഉൽപാദൻ നിഗമുമായി ചേർന്ന് എൻടിപിസി ഗ്രീൻ എനർജി സംയുക്ത കമ്പനി ഉണ്ടാക്കി. എൻടിപിസി ഗ്രീനിനാണ് 74 ശതമാനം ഓഹരി.

സ്വർണം ഉയർന്നു

സ്വർണവില വീണ്ടും കയറി. ഔൺസിന് 14.80 ഡോളർ ഉയർന്ന് 2664.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2658 ഡോളർ വരെ താഴ്ന്നു.

കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 80 രൂപ വർധിച്ച് 57,800 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കൂടും.

വെള്ളിവില ഔൺസിന് 30.07 ഡോളറിലേക്ക് കയറി.

രൂപ ഇടിയുന്നു

ബുധനാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക വീണ്ടും കയറി 109.09 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109 ലാണ്.

രൂപ തലേന്നത്തെ നേട്ടം ബുധനാഴ്ച നഷ്ടമാക്കി. ഡോളർ 14 പൈസ കയറി 85.85 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഡോളർ 85.89 ഡോളർ വരെ കയറിയിരുന്നു. ഡോളർ സൂചിക കയറിയതാണു രൂപയെ വീഴ്ത്തിയത്. ഇന്നു രൂപ വീണ്ടും താഴാം. ഫോർവേഡ് വിപണിയിൽ ഡോളർ 86.09 രൂപ വരെ എത്തി.

ക്രൂഡ് ഓയിൽ താഴ്ന്നു

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. . ബുധനാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഒന്നേകാൽ ശതമാനം താഴ്ന്ന് 76.20 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 75.90 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 73.03 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.11 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴോട്ട്

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലായി. യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയരുന്നതു നിക്ഷേപകരെ കടപ്പത്രങ്ങളിലേക്കു തിരിച്ചതാണ് കാരണം. ബിറ്റ് കോയിൻ 93,200 ഡോളർ വരെ താഴ്ന്നു. ഇന്നു രാവിലെ 95,000 ഡോളറിലാണ്. ഈഥർ വില 3325 ഡോളറിനു താഴെയായി.

വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.34 ശതമാനം കയറി ടണ്ണിന് 8917.34 ഡോളർ ആയി. അലൂമിനിയം 0.74 ശതമാനം താഴ്ന്ന് 2498.75 ഡോളറിൽ എത്തി. ടിൻ 1.74 ഉം നിക്കൽ 0.37 ഉം ലെഡ് 0.65 ഉം ശതമാനം ഉയർന്നു. സിങ്ക് 1.62 ശതമാനം ഇടിഞ്ഞു.

വിപണി സൂചനകൾ

(2024 ജനുവരി 08, ബുധൻ)

സെൻസെക്സ് 30 78,148.49 -0.06%

നിഫ്റ്റി50 23,688.95 -0.08%

ബാങ്ക് നിഫ്റ്റി 49,835.05 -0.73%

മിഡ് ക്യാപ് 100 56,270.60 -1.05%

സ്മോൾ ക്യാപ് 100 18,365.65 -1.65%

ഡൗ ജോൺസ് 42,635.20 +0.25%

എസ് ആൻഡ് പി 5918.25 +0.16%

നാസ്ഡാക് 19,478.88 -0.06%

ഡോളർ($) ₹85.85 +₹0.14

ഡോളർ സൂചിക 109.00 +0.46

സ്വർണം (ഔൺസ്) $2664.10 +$14.80

സ്വർണം(പവൻ) ₹57,800 ₹80.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.20 -$01.08

Tags:    

Similar News